കാട്ടാക്കട ക്രിസ്ത്യൻ കോളജ് ആൾമാറാട്ടം; വിശാഖിന് മത്സരിക്കാനും യോഗ്യതയില്ല | Kattakkada Christian College impersonator; Visakha is also ineligible to contest/ kerala news

കാട്ടാക്കട ക്രിസ്ത്യൻ കോളജ് ആൾമാറാട്ടം; വിശാഖിന് മത്സരിക്കാനും യോഗ്യതയില്ല

തെരഞ്ഞെടുപ്പ് മാറ്റിയത് മൂലം ഉണ്ടായ നഷ്ടം ഈടാക്കാൻ ഒരുങ്ങുകയാണ് സർവകലാശാല

MediaOne Logo

Web Desk

  • Updated:

    23 May 2023 5:08 AM

Published:

23 May 2023 4:57 AM

Kattakkada Christian College impersonator, Visakha is also ineligible to contest, sfi  impersonator, latest malayalam news
X

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ ആൾമാറാട്ടം നടത്തിയ വിശാഖിന് മത്സരിക്കാനും യോഗ്യതയില്ല. ലിങ്ദോ കമ്മീഷൻ റിപ്പോർട്ട് പ്രകാരം 22 വയസാണ് മത്സരിക്കാനുള്ള പ്രായപരിധി. എന്നാൽ വിശാഖിന് 24 വയസാണ്. അതേ സമയം എഫ്.ഐ.ആറിൽ 19 വയസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികളെ സംരക്ഷിക്കാനായാണ് പൊലീസ് എഫ്.ഐ.ആറിൽ 19 വയസെന്ന് രേഖപ്പെടുത്തിയതെന്നും ആരോപണമുണ്ട്.

തെരഞ്ഞെടുപ്പ് മാറ്റിയത് മൂലം ഉണ്ടായ നഷ്ടം ഈടാക്കാൻ ഒരുങ്ങുകയാണ് സർവകലാശാല. ഇതിനായി ബന്ധപ്പെട്ട സെക്ഷനിൽ നിന്ന് രേഖകൾ നൽകാൻ രജിസ്ട്രാർ ആവശ്യപ്പെട്ടു. ധനനഷ്ടം കണക്ക് കൂട്ടി മുൻ പ്രിൻസിപ്പൽ ഷൈജുവിനും കോളജിനും ഉടൻ കത്ത് നൽകും.

തെരഞ്ഞെടുപ്പ് വിവാദത്തിൽ കോളജുകളോട് യു.യു.സി ലിസ്റ്റ് ആവശ്യപ്പെട്ട് സർവകലാശാല ഇന്ന് കത്ത് നൽകും. കോളജ് പ്രിൻസിപ്പൽമാർക്കാണ് കത്ത് നൽകുക. അധികൃതർ 3 ദിവസത്തിനകം ലിസ്റ്റ് സർവകലാശാലയ്ക്ക് നൽകണമെന്നാണ് നിർദേശം. ലിസ്റ്റ് പരിശോധിക്കാൻ സർവകലാശാല മൂന്നംഗ സമിതിയേയും നിയമിച്ചിട്ടുണ്ട്.

അതേ സമയം പൊലീസ് ഇന്ന് കോളജിലെത്തി രേഖകൾ പരിശോധിക്കും. കോളജ് ജീവനക്കാരുടെയും അധ്യാപകരുടെയും മൊഴിയും രേഖപ്പെടുത്തും.സംഭവത്തിൽ കോളജ് പ്രിൻസിപ്പലായിരുന്ന ജി.ജെ ഷൈജുവിനെയും എസ്.എഫ്.ഐ നേതാവ് വൈശാഖിനെയും കഴിഞ്ഞ ദിവസങ്ങളില്‍ സസ്‌പെൻഡ് ചെയ്തിരുന്നു. ഡോ. എൻ.കെ നിഷാദാണ് പുതിയ പ്രിൻസിപ്പലായി ചുമതലയേറ്റത്. പുതിയ പ്രിൻസിപ്പൽ ചാർജ് എടുത്തതിന് ശേഷമായിരുന്നു വിശാഖിനെതിരായ നടപടി. ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് വിശാഖ്. യു.യു.സിയായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനി അനഘയ്ക്ക് പകരം വിശാഖിന്റെ പേരാണ് പഴയ പ്രിൻസിപ്പൽ നൽകിയിരുന്നത്. ഇതിൽ പ്രിൻസിപ്പലിനെ കൂടാതെ വിശാഖും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ആൾമാറാട്ടം, വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ യു.യു.സി സ്ഥാനത്തുനിന്ന് ജയിച്ച വിദ്യാർത്ഥിനിയുടെ പേരുമാറ്റി എസ്.എഫ്.ഐ നേതാവ് വിശാഖിന്റെ പേര് ചേർത്ത് സർവകലാശാലയ്ക്ക് നൽകിയത് ജി.ജെ ഷൈജുവായിരുന്നു.ജി.ജെ ഷൈജുവിനെയും വൈശാഖിനെയും വരുംദിവസങ്ങളിൽ പൊലീസ് ചോദ്യംചെയ്യും. ഇതിനായി പൊലീസ് നിയമോപദേശം തേടുന്നുണ്ട്. നിയമോപദേശം ലഭിച്ചശേഷം തുടർനടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസിന്‍റെ തീരുമാനം. വേണ്ടിവന്നാൽ ഇരുവരെയും അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

TAGS :

Next Story