കട്ടപ്പന ഇരട്ടക്കൊലക്കേസ്: വിജയനെ കൊല്ലാനുപയോഗിച്ച ചുറ്റിക കണ്ടെടുത്തു, വീടിന്റെ തറ പൊളിച്ച് പരിശോധന
ആഭിചാര ക്രിയകളുടെ ഭാഗമായാണോ കൊലപാതകം നടന്നതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്
തൊടുപുഴ: ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതകത്തിൽ പ്രതി നിതീഷിനെ കക്കാട്ടുകടയിലെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട വിജയനെ കക്കാട്ടുകടയിലെ വീട്ടിലെ മുറിയിൽ കുഴിച്ചിട്ടതായാണ് പ്രതി നിതീഷിന്റെ മൊഴി. ഇതനുസരിച്ച് വീട്ടിലെ മുറിയിൽ തറ പൊളിച്ച് പൊലീസ് പരിശോധന നടത്തി. വിജയന്റെ മൃതദേഹം കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. വിജയനെ കൊലപ്പെടുത്താനുപയോഗിച്ച ചുറ്റിക പൊലീസ് വീട്ടിൽ നിന്നും കണ്ടെടുത്തു.
അതേസമയം, കേസില്‍ കൊല്ലപ്പെട്ട വിജയൻ്റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവരെ പ്രതി ചേർത്തു. നിതീഷാണ് കേസിലെ മുഖ്യ പ്രതി. മോഷണക്കേസിൻ്റെ ചുവട് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇരട്ടക്കൊലപാതകത്തിൻ്റെ ചുരുളഴിച്ചത്. 2023 ൽ കക്കാട്ടുകടയിലെ വീട്ടിൽ വെച്ച് നിതീഷ് വിജയനെ കൊലപ്പെടുത്തി. ഇത് സുമയുടെയും വിഷ്ണുവിൻ്റെയും ഒത്താശയോടെയെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.
2016ൽ കട്ടപ്പനയിലെ വീട്ടിൽ വെച്ച് നവജാത ശിശുവിനെയും കൊലപ്പെടുത്തി. നിതീഷും, വിജയനും വിഷ്ണുവും ചേർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നും പൊലീസിൻ്റെ എഫ്.ഐ.ആറിലുണ്ട്. ആഭിചാര ക്രിയകൾ നടന്നതായി പൊലീസ് സ്ഥിരീകരിക്കുന്നില്ലെങ്കിലും അതിനെ സാധൂകരിക്കും വിധമാണ് വീട്ടിലെ ജീവിത സാഹചര്യങ്ങൾ.
കക്കാട്ടുകടയിലെ വീട്ടിൽ ആരൊക്കെയുണ്ടെന്ന് പരിസരവാസികൾക്കും വലിയ ധാരണയില്ല. വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയതിന് രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആഭിചാര ക്രിയകളുടെ ഭാഗമായാണോ കൊലപാതകം നടന്നതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Adjust Story Font
16