കായംകുളത്ത് ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ശ്രമിച്ചതായി പരാതി
കൃഷ്ണപുരം സ്വദേശി അരുൺ പ്രസാദാണ് ക്രൂര മർദനത്തിനിരയായത്.
കായംകുളം: ആലപ്പുഴ കായംകുളത്ത് ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ശ്രമിച്ചതായി പരാതി. കൃഷ്ണപുരം സ്വദേശി അരുൺ പ്രസാദാണ് ക്രൂര മർദനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒന്നാം പ്രതി കൃഷ്ണപുരം ഞക്കനാൽ മുറിയിൽ അനൂപ് ഭവനത്തിൽ അനൂപ് ശങ്കർ (28), രണ്ടാം പ്രതിയും അനൂപിന്റെ സഹോദരനുമായ അഭിമന്യു (24), നാലാം പ്രതി പത്തിയൂർ പുല്ലംപ്ലാവ് ചെമ്പക നിവാസിൽ അമൽ എന്ന ചിന്തു (24) എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി രാഹുലിനായി അന്വേഷണം ഊർജിതമാക്കി.
ഈ മാസം 16ന് ഒന്നാം പ്രതിയായ അനൂപും മറ്റൊരു സംഘവുമായി ഒരു തട്ടുകടയിൽവച്ച് തർക്കമുണ്ടായിരുന്നു. സംഘർഷത്തിനിടെ അനൂപിന്റെ ഫോൺ അരുൺ പ്രസാദ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇവർ വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ അരുൺ പ്രസാദിനെ തട്ടിക്കൊണ്ടുപോയി ആക്കനാട് കോളനിക്ക് സമീപമുള്ള ഗ്രൗണ്ടിൽവച്ചും റെയിൽവേ ട്രാക്കിന് സമീപത്തവച്ചും ക്രൂരമായി മർദിച്ചത്.
രണ്ടാം പ്രതി അഭിമന്യു അരുൺ പ്രസാദിന്റെ മുഖത്തും തലയിലും കൈകൊണ്ട് ഇടിക്കുകയും വാൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. മൂന്നാം പ്രതി രാഹുൽ പാറക്കല്ലുകൊണ്ട് അരുണിന്റെ കൈമുട്ടിലും കാൽമുട്ടിനും ഇടിച്ചു പരിക്കേൽപ്പിച്ചു. നാലാം പ്രതി അമൽ അരുണിന്റെ പുറത്തും ഇടത് കൈത്തോളിനും കമ്പുകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. മുഖത്തും തലക്കും ഇടിച്ചതിനെ തുടർന്ന് അരുണിന്റെ വലത് ചെവിയുടെ ഡയഫ്രം പൊട്ടിയതായും പൊലീസ് പറഞ്ഞു.
കുപ്രസിദ്ധ ഗുണ്ടയായ അനൂപ് പതിനേഴ് കേസുകളിൽ പ്രതിയും കാപ്പാ നിയമപ്രകാരം ജയിലിൽ കിടന്നിട്ടുള്ള ആളുമാണ്. നാലാം പ്രതി അമലും കാപ്പാ നിയമപ്രകാരം ജയിൽവാസം അനുഭവിക്കുകയും നിലവിൽ ആലപ്പുഴ ജില്ലയിൽനിന്ന് കാപ്പാ നിയമപ്രകാരം നാട് കടത്തപ്പെട്ടയാളുമാണ്.
Adjust Story Font
16