പാർട്ടിയെ പടുത്തുയർത്തിയ നേതാവിനെയാണ് നഷ്ടമായത്: കെ.ശങ്കരനാരായണന്റെ നിര്യാണത്തിൽ അനുശോചിച്ച് കെ.സി വേണുഗോപാൽ
യോജിപ്പിന്റെ മേഖലകളിൽ എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ടു പോകുമ്പോഴും സൗമ്യതയോടെ തന്നെ തന്റെ വിയോജിപ്പുകളും എക്കാലത്തും തുറന്നു പറഞ്ഞ നേതാവിനെയാണ് നഷ്ടമായതെന്നും കെ.സി വേണുഗോപാൽ
കെ.ശങ്കരനാരായണന്റെ നിര്യാണത്തിലൂടെ നഷ്ടമായത് കോൺഗ്രസ് പാർട്ടിയെ പടുത്തുയർത്താൻ അഹോരാത്രം പ്രവർത്തിച്ച പോരാളിയെയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. എതിരാളികൾക്കു പോലും സുസമ്മതനായി ഏഴുപതിറ്റാണ്ടുകാലം രാഷ്ട്രീയ രംഗത്ത് സുതാര്യമായി, വിശുദ്ധിയോടെ നിലകൊള്ളാൻ കഴിഞ്ഞ അദ്ദേഹത്തിന്റെ വിയോഗം പാർട്ടിക്കും ഐക്യജനാധിപത്യമുന്നണിക്കും പകരം വയ്ക്കാനില്ലാത്ത നഷ്ടമാണെന്നും തുടക്കകാലത്ത് പാലക്കാട് ജില്ലയിൽ കോൺഗ്രസിനെ വളർത്താൻ അക്ഷീണം പ്രവർത്തിച്ച അദ്ദേഹം പ്രവർത്തകരെ എന്നും ചേർത്തു നിർത്തിയാണ് വളർച്ചയുടെ പടവുകൾ കയറിയതെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.
വിദ്യാർഥി കാലം മുതൽ പൊതുരംഗത്ത് സജീവമായി ബൂത്ത് തലം മുതൽ പ്രവർത്തിച്ച് പാർട്ടിയുടേയും മുന്നണിയുടേയും നേതൃതലത്തിലെത്തി പതിറ്റാണ്ടുകളോളം സംസ്ഥാന രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകമായി നിലകൊണ്ട അതുല്യ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. മന്ത്രിയെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച ശങ്കരനാരായണൻ ഗവർണറായി വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുമ്പോഴുൾപ്പെടെ ഏറ്റെടുത്ത പദവികളിലൊക്കെ വ്യക്തിമുദ്ര പതിപ്പിച്ചാണ് മുന്നോട്ടു പോയത്. രാജ്ഭവനുകളെ ജനകീയമാക്കിയും ആലങ്കാരിക പദവിക്കപ്പുറത്ത് ഗവർണർക്കും ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് തന്റെ പ്രവൃത്തിയിലൂടെ അദ്ദേഹം തെളിയിച്ചുവെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.
യോജിപ്പിന്റെ മേഖലകളിൽ എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ടു പോകുമ്പോഴും സൗമ്യതയോടെ തന്നെ തന്റെ വിയോജിപ്പുകളും എക്കാലത്തും തുറന്നു പറഞ്ഞിരുന്നു. തികഞ്ഞ മതേതര വാദിയും മികച്ച സംഘാടകനുമായിരുന്ന അദ്ദേഹം കോൺഗ്രസിലെ പല തലമുറകൾക്ക് പാഠ പുസ്തകമായിരുന്നു. മുതിർന്ന നേതാവായ വലിയ അനുഭവസമ്പത്തുള്ള ശങ്കരനാരായണന്റെ വിയോഗം കോൺഗ്രസിന് ദേശീയതലത്തിൽ തന്നെ വലിയ നഷ്ടമാണെന്നും വേണുഗോപാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Adjust Story Font
16