Quantcast

എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകം: കെ.സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല-കെ.സി വേണുഗോപാൽ

ഇടുക്കി കൊലപാതകത്തെ കോൺഗ്രസ് അപലപിക്കുകയൂം സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു കുറ്റക്കാർക്കെതിരെ നിയമപരമായ നടപടിയെടുക്കണമെന്നും പാർട്ടി ഇന്നലെ തന്നെ ആവശ്യപ്പെട്ടതാണ്. ഒരു തരത്തിലുള്ള അക്രമ സംഭവങ്ങളെയും കോൺഗ്രസ് ന്യായീകരിക്കുന്നില്ല.

MediaOne Logo

Web Desk

  • Published:

    11 Jan 2022 3:33 PM GMT

എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകം: കെ.സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല-കെ.സി വേണുഗോപാൽ
X

ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ പേരിൽ കെ. സുധാകരനെതിരെ നടക്കുന്ന സംഘടിതമായ ആക്രമണത്തിന് പിന്നിൽ ഉന്നത സി.പി.എം നേതാക്കളുടെ ഗൂഢാലോചനയുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണത്തിന്റെ മൊത്തക്കച്ചവടക്കാരാണ് ഇപ്പോൾ കോൺഗ്രസിനെതിരെ ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളുന്നയിക്കുന്നത്. കണ്ണൂരിലെ സി.പി.എമ്മിന്റെ കണ്ണിലെ കരടായ കെ. സുധാകരനെ ആക്രമിക്കാൻ തക്കം പാർത്തിരുന്നവർ വീണുകിട്ടിയ അവസരം പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് ഇപ്പോൾ നടക്കുന്ന ആക്രമണം. സുധാകരനെ ഒറ്റതിരിഞ്ഞു ആക്രമിക്കാൻ അനുവദിക്കില്ലെന്നും അക്രമരാഷ്ട്രീയത്തിന്റെ പേരിൽ കോൺഗ്രസിനെ വിമർശിക്കാൻ സിപിഎമ്മിന് യാതൊരു ധാർമികമായ അവകാശവുമില്ലെന്നും വേണുഗോപാൽ പറഞ്ഞു.

ഇടുക്കി കൊലപാതകത്തെ കോൺഗ്രസ് അപലപിക്കുകയൂം സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു കുറ്റക്കാർക്കെതിരെ നിയമപരമായ നടപടിയെടുക്കണമെന്നും പാർട്ടി ഇന്നലെ തന്നെ ആവശ്യപ്പെട്ടതാണ്. ഒരു തരത്തിലുള്ള അക്രമ സംഭവങ്ങളെയും കോൺഗ്രസ് ന്യായീകരിക്കുന്നില്ല. എതിരാളികളെ വകവരുത്തുന്ന രാഷ്ട്രീയം കോൺഗ്രസിന്റെതല്ലെന്നും വേണുഗോപാൽ പറഞ്ഞു. സുധാകരനെ വ്യക്തിഹത്യ ചെയ്യാനും കോൺഗ്രസ് പാർട്ടിയെ സമൂഹ മധ്യത്തിൽ തരം താഴ്ത്തിക്കെട്ടാനും സി.പി.എമ്മിന്റെ ഉന്നത നേതാക്കളടക്കം നടത്തുന്ന ആസൂത്രിത ശ്രമം ആടിനെ പട്ടിയാക്കുന്നതിനു തുല്യമാണ്. കൊലപാതകികളുടെ പാർട്ടിയെന്ന വിശേഷണം സി.പി.എമ്മിന് കേരള സമൂഹം മുമ്പേ ചാർത്തികൊടുത്തിട്ടുള്ളതാണെന്നും അത് കോൺഗ്രസിന് മേൽ ചാരിവെച്ചു രക്ഷപെടാൻ അവർ നടത്തുന്ന ഈ ശ്രമങ്ങളെ ജനം തിരിച്ചറിയുമെന്നും വേണുഗോപാൽ പറഞ്ഞു.

കഴിഞ്ഞ കാലങ്ങളിൽ നിരവധി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേരളത്തിൽ അങ്ങോളമിങ്ങോളം കൊന്നുതള്ളിയ പാർട്ടി പ്രവർത്തകരെ നിയമപരമായും രാഷ്ട്രീയമായും സംരക്ഷിക്കുകയും അവർക്കു വേണ്ടി സർക്കാർ ചിലവിൽ പോലും കേസ് നടത്തിയും കൊലപാതകരാഷ്ട്രീയത്തെ ചേർത്തുപിടിക്കുന്ന സി.പി.എം ഇടുക്കിയിൽ നടന്ന വിദ്യാർഥിസംഘട്ടനത്തിൽ പോലും കെ.പി.സി.സി പ്രസിഡന്റിന് പങ്കുണ്ടെന്നു പറയുന്നത് അങ്ങേയറ്റത്തെ രാഷ്ട്രീയ പാപ്പരത്തമാണെന്നും വേണുഗോപാൽ പറഞ്ഞു.


TAGS :

Next Story