‘ക്രൈസ്തവ വിദ്വേഷം പ്രചരിപ്പിക്കുന്നു’; ബി.ജെ.പിക്കെതിരെ കെ.സി.ബി.സി
‘തല്ലും തലോടലും ഒരുമിച്ചു പോകില്ല’ എന്ന ലേഖനത്തിലാണ് ബി.ജെ.പിയെ അതിരൂക്ഷമായി വിമർശിക്കുന്നത്
ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
വിരുന്നൊരുക്കി ബി.ജെ.പി ക്രൈസ്തവരുമായി അടുക്കാൻ ശ്രമിക്കുമ്പോൾ മറുവശത്ത് അതിക്രമങ്ങൾ വർധിക്കുകയാണെന്ന് കെ.സി.ബി.സി. സംഘ്പരിവാർ പ്രസിദ്ധീകരണങ്ങൾ ക്രൈസ്തവ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും വിമർശനമുന്നയിച്ചു. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ദീപിക പത്രത്തിൽ എഴുതിയ ‘തല്ലും തലോടലും ഒരുമിച്ചു പോകില്ല’ എന്ന ലേഖനത്തിലാണ് ബി.ജെ.പിയെ നിശിതമായി വിമർശിക്കുന്നത്.
രാജ്യത്ത് ക്രൈസ്തവർക്കെതിരെ അക്രമങ്ങൾ വർധിക്കുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവർക്കെതിരായ അക്രമം കൂടുതലും. ബി.ജെ.പിയുടെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയുമെന്നും ലേഖനത്തിൽ പറയുന്നു.
ഇന്ത്യയിൽ പ്രതിദിനം ശരാശരി രണ്ട് അതിക്രമങ്ങൾ ക്രൈസ്തവർക്കെതിരെ നടക്കുന്നുണ്ട്. ഇത്തരം ആക്രമണങ്ങൾ വർഷംതോറും വർധിച്ചുവരികയാണ്. ആൾക്കൂട്ട ആക്രമണങ്ങൾ, കള്ളക്കേസുകളിൽ പെടുത്തൽ, ദേവാലയങ്ങൾ നശിപ്പിക്കൽ, ആരാധനയും വേദോപദേശ ക്ലാസുകളും തടസപ്പെടുത്തൽ എന്നിങ്ങനെയുള്ള അതിക്രമങ്ങൾ വ്യാപകമായി നടക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് എന്നതാണ് വാസ്തവം.
മറ്റു സംസ്ഥാനങ്ങളിലാണെങ്കിൽ തന്നെയും അത്തരം അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് തീവ്ര ഹിന്ദുത്വ സംഘടന പ്രവർത്തകരാണ്. ഇത്തരമൊരു അപകടകരമായ അവസ്ഥ രാജ്യത്തുടനീളം വ്യാപകമാകുന്ന സാഹചര്യത്തിലാണ് ക്രൈസ്തവ സമൂഹങ്ങളുമായി ഐക്യം കൊണ്ടുവരാൻ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നത്.
ബി.ജെ.പിക്ക് ഇനിയും കാര്യമായ രാഷ്ട്രീയനേട്ടം കൈവരിക്കാൻ കഴിയാത്ത കേരളത്തിൽ ക്രൈസ്തവ നേതൃത്വങ്ങളുമായി സമവായത്തിലെത്താൻ പാർട്ടി ഊർജിത ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇത്തരം നീക്കങ്ങൾക്ക് കത്തോലിക്കാ സഭയുടെയോ മറ്റു ക്രൈസ്തവ സഭകളുടെയോ ഔദ്യോഗിക നേതൃത്വങ്ങളിൽനിന്ന് പ്രോത്സാഹനങ്ങളൊന്നും ഇനിയും ഉണ്ടായിട്ടില്ല. എന്നാൽ, ദേശീയ തലത്തിൽതന്നെ ബി.ജെ.പിക്ക് ക്രൈസ്തവരോട് അനുകൂല നിലപാടുകളാണ് എക്കാലത്തും ഉള്ളതെന്നും സൗഹാർദ സമീപനം ആരോഗ്യകരമാണെന്നും സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഒരുവശത്ത് നിരന്തരം കണ്ടുവരുന്നു. ചില സംഘടനാ സംവിധാനങ്ങളുടെ സഹായത്തോടെ ക്രൈസ്തവ സമൂഹങ്ങൾക്കിടയിൽ ഇത്തരം ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള നിരന്തര പരിശ്രമങ്ങളുമുണ്ട്.
ഇത്തരം രാഷ്ട്രീയ പ്രചാരണങ്ങളും സമവായ നീക്കങ്ങളും പുരോഗമിക്കുമ്പോൾ തന്നെ, ക്രൈസ്തവരെയും ക്രൈസ്തവ സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തുകയും തുടർച്ചയായി നിയമങ്ങൾ ദുരുപയോഗിച്ച് കെണികളിൽ അകപ്പെടുത്തുകയും ചെയ്യുന്നത് ബി.ജെ.പിയുടെ മേൽപ്പറഞ്ഞ നീക്കങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യുന്നു.
രാഷ്ട്ര നിർമിതിക്കായി പതിറ്റാണ്ടുകളായി സംഭാവനകൾ നൽകി പ്രവർത്തിച്ചുവരുന്ന സ്ഥാപനങ്ങൾക്കും വിവിധ സാമൂഹിക പ്രവർത്തന മേഖലകളിൽ ഏർപ്പെട്ട ഒട്ടേറെ വൈദികർക്കും സന്യസ്തർക്കും മതപരിവർത്തന നിയമങ്ങളുടെ ദുരുപയോഗം ഭീഷണിയായി മാറിയിരിക്കുന്നു. ദേശീയ ബാലാവകാശ കമീഷന്റെ നേതൃത്വത്തിൽ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ക്രൈസ്തവ സ്ഥാപനങ്ങളെയും സന്യസ്തരെയും പ്രതിക്കൂട്ടിൽ നിർത്തുകയും കേസിൽ അകപ്പെടുത്തുകയും ചെയ്യുന്നത് തുടർക്കഥയാണ്.
വർധിച്ചുവരുന്ന വർഗീയ ധ്രുവീകരണവും തത്ഫലമായ പ്രതിസന്ധികളും മറ്റൊരു വശത്തുണ്ട്. സമാധാനാന്തരീക്ഷം പൂർണമായി നഷ്ടപ്പെട്ടു കഴിഞ്ഞ മണിപ്പുർ എന്ന സംസ്ഥാനം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായി നിലകൊള്ളുന്നു. ഗോത്രകലാപത്തിന്റെ മറപിടിച്ച് ക്രൈസ്തവരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് അസൂത്രിതമായി അവിടെ നടപ്പാക്കിയത്. കുപ്രസിദ്ധമായ ഗുജറാത്ത് കലാപം വീണ്ടും ചർച്ചകളിൽ നിറയാൻ വഴിയൊരുക്കിയ ബിൽക്കീസ് ബാനു കേസ് സംഘ്പരിവാർ സംഘടനകളുടെ മറ്റൊരു മുഖം വെളിപ്പെടുത്തുന്നു.
സംഘ്പരിവാർ പ്രസിദ്ധീകരണങ്ങൾ പതിവായി ക്രൈസ്തവ, അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്നത് ഇത്തരം വർഗീയ സംഘർഷങ്ങൾക്ക് ഒരു പ്രധാന കാരണമായി മാറുന്നുണ്ട്. ഒരുവശത്ത് അന്യമതസ്ഥരുമായി സൗഹൃദത്തിലെത്താൻ ശ്രമം നടത്തുന്നതായി കാണുമ്പോഴും, മറുവശത്ത് ശത്രുതാപരമായ നീക്കങ്ങൾ അഭംഗുരം തുടരുന്നത് പച്ചയായ യാഥാർഥ്യമാണ്. ആർ.എസ്.എസ് പ്രസിദ്ധീകരണമായ ഓർഗനൈസറിൽ സമീപനാളുകളിൽ പോലും കടുത്ത ക്രൈസ്തവ വിദ്വേഷം ഉൾക്കൊള്ളുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. പ്രധാനമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കുമ്പോൾ ഓർഗനൈസറിൽ ക്രിസ്മസ് അവഹേളിക്കപ്പെട്ടു.
കേരളത്തിലെ ആർ.എസ്.എസ് പ്രസിദ്ധീകരണമായ കേസരി ആഴ്ചപ്പതിപ്പിന്റെ ഉള്ളടക്കവും വ്യത്യസ്തമല്ല. ഈ വൈരുധ്യങ്ങളൊന്നും തിരിച്ചറിയാൻ കഴിയാത്തവരാണ് ഈ നാട്ടിലെ ജനങ്ങളെന്ന് ആരും കരുതേണ്ട. വർഗീയ വിഭജനങ്ങളും അതിക്രമങ്ങളും നാൾക്കുനാൾ വർധിച്ചുവരുന്നത് ജനാധിപത്യ രാജ്യത്തിനു ഭൂഷണമല്ല. വിവിധ ബി.ജെ.പി സർക്കാറുകൾ നടപ്പാക്കിയ കരിനിയമമായ മതപരിവർത്തന നിരോധന നിയമം വ്യാപകമായി ദുരുപയോഗിക്കപ്പെടുന്നതിനാൽ ഒട്ടേറെ നിരപരാധികൾ കേസുകളിൽ അകപ്പെടുന്ന സ്ഥിതിവിശേഷമാണെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16