Quantcast

'പാലാ ബിഷപ്പിന്റെ വാക്കുകൾ വിവാദമാക്കുകയല്ല ചർച്ച ചെയ്യുകയാണ് വേണ്ടത്'; പിന്തുണയുമായി കെ.സി.ബി.സി

കേരളം നേരിടുന്ന വെല്ലുവിളികൾ തുറന്ന് പറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരല്ല. തുറന്നുപറച്ചിലുകൾ വർഗീയ ലക്ഷ്യത്തോടെയാണെന്ന മുൻവിധി ആശാസ്യമല്ലെന്നും കെ.സി.ബി.സി

MediaOne Logo

Web Desk

  • Updated:

    2021-09-11 15:09:45.0

Published:

11 Sep 2021 3:02 PM GMT

പാലാ ബിഷപ്പിന്റെ വാക്കുകൾ വിവാദമാക്കുകയല്ല ചർച്ച ചെയ്യുകയാണ് വേണ്ടത്; പിന്തുണയുമായി കെ.സി.ബി.സി
X

പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്‍റെ നർക്കോട്ടിക് ജിഹാദ് പരാമർശത്തെ പിന്തുണച്ച് കത്തോലിക്കാ മെത്രാന്‍ സമിതി. ബിഷപ്പിന്റെ വാക്കുകൾ വിവാദമാക്കുകയല്ല ചർച്ച ചെയ്യുകയാണ് വേണ്ടതെന്നാണ് കെ.സി.ബി.സിയുടെ നിലപാട്. കേരളം നേരിടുന്ന വെല്ലുവിളികൾ തുറന്ന് പറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരല്ല. തുറന്നുപറച്ചിലുകൾ വർഗീയ ലക്ഷ്യത്തോടെയാണെന്ന മുൻവിധി ആശാസ്യമല്ലെന്നും കെ.സി.ബി.സി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

കേരളം ഗൗരവതരമായ ചില സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു എന്നുള്ളത് വാസ്തവമാണ്. അതിൽ പ്രധാനപ്പെട്ട ചിലതാണ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും മയക്കുമരുന്ന് ഉപഭോഗത്തിന്റെ അമ്പരപ്പിക്കുന്ന വർധനവും. മുഖ്യധാരാ മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യം ഇത്തരം വിഷയങ്ങൾക്ക് നൽകുന്നില്ലെങ്കിൽ തന്നെയും ഓരോ ദിവസവും പുറത്തുവരുന്ന അനവധി വാർത്തകളിലൂടെ ഇത്തരം യാഥാർഥ്യങ്ങൾ വ്യക്തമാണെന്നും കെ.സി.ബി.സി വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ഐസിസ് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകൾക്ക് കേരളത്തിൽ കണ്ണികളുണ്ട് എന്ന മുന്നറിയിപ്പ് വിവിധ അന്വേഷണ ഏജൻസികൾ നൽകിയിട്ടും, ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് കോടി രൂപയുടെ മയക്കുമരുന്ന് കേരളത്തിൽ പിടിക്കപ്പെട്ടിട്ടും ഇത്തരം സംഘങ്ങളുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് വേണ്ട രീതിയിലുള്ള അന്വേഷണങ്ങൾ നടത്തിയിട്ടുള്ളതായി അറിവില്ല. മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന യാഥാർഥ്യം ഐക്യരാഷ്ട്രസഭയുടെ തന്നെ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.

തീവ്രവാദ നീക്കങ്ങളും മയക്കുമരുന്ന് മാഫിയയുടെ ഇടപെടലുകളും സംബന്ധിച്ച സാധാരണ ജനങ്ങളുടെ ആശങ്കൾ ഉൾക്കൊണ്ട് അവയെക്കുറിച്ച് ശരിയായ അന്വേഷണങ്ങൾ നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. ഇത്തരം കാര്യങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് ബിഷപ്പ് ചെയ്തത്. ബിഷപ്പ് പറഞ്ഞ കാര്യങ്ങൾ പൊതു സമൂഹം ഉത്തരവാദിത്തത്തോടെ ചർച്ച ചെയ്യണമെന്നാണ് കെ.സി.ബി.സി വാര്‍ത്താകുറിപ്പില്‍ പറയുന്നത്. സാമൂഹിക മൈത്രി നില നിർത്താൻ സമുദായ നേതൃത്വം ശ്രമിക്കണമെന്നും കെ.സി.ബി.സി അറിയിച്ചു.

അതേസമയം, വിവാദ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. ദീപിക പത്രത്തിൽ വിവാദ പ്രസംഗത്തിന്റെ പൂര്‍ണരൂപം പ്രസിദ്ധീകരിച്ചിരുന്നു. ബിഷപ്പിനെ പിന്തുണച്ച് പാലാ രൂപത വാര്‍ത്താകുറിപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു. അതേസമയം, ഇത്തരം പ്രസ്താവനകൾ നടത്തേണ്ട സാഹചര്യം കേരളത്തിലില്ലെന്നാണ് കല്‍ദായ സുറിയാനി സഭയുടെ വ്യക്തമാക്കുന്ന നിലപാട്.

TAGS :

Next Story