Quantcast

തലശ്ശേരി അതിരൂപതയുടെ നിർദേശം തള്ളി കേരള സ്റ്റോറി പ്രദർശിപ്പിച്ച് കെ.സി.വൈ.എം

ചിത്രം പ്രദര്‍ശിപ്പിച്ച വിവരം ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുമുണ്ട്

MediaOne Logo

Web Desk

  • Published:

    10 April 2024 4:57 AM GMT

kerala story
X

കണ്ണൂര്‍: തലശ്ശേരി അതിരൂപതയുടെ നിർദേശം തള്ളി വിവാദസിനിമ 'ദ കേരള സ്റ്റോറി' പ്രദർശിപ്പിച്ച് കെ. സി.വൈ.എം.കണ്ണൂർ, ചെമ്പന്തൊട്ടിയിലാണ് ഇന്നലെ രാത്രി ചിത്രം പ്രദർശിപ്പിച്ചത്.

ചിത്രം പ്രദര്‍ശിപ്പിച്ച വിവരം ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുമുണ്ട്. ഇന്നലെ വൈകിട്ട് 6.30ന് ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഫൊറോന ദോവലയ പാരിഷ് ഹാളിൽ വച്ചായിരുന്നു പ്രദര്‍ശനം. വരുംദിവസങ്ങളില്‍ തലശ്ശേരി അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍ സിനിമ തുടര്‍ന്നും പ്രദര്‍ശിപ്പിക്കുമെന്നും കെ.സി.വൈ.എം വ്യക്തമാക്കിയിട്ടുണ്ട്. ''ആധുനിക കേരളത്തിൽ നടമാടുന്ന പ്രണയ വഞ്ചനകൾ തുറന്നു കാണിക്കുന്ന ചിത്രം. ദി കേരള സ്റ്റോറി. അതിരൂപതയിലെ യുവജനങ്ങൾക്കായി ബോധവൽക്കരണ സെമിനാറും സിനിമ പ്രദർശനവും ചെമ്പന്തൊട്ടിയിൽ വെച്ച് നടത്തപ്പെട്ടു. നൂറോളം യുവജനങ്ങൾ പങ്കെടുത്തു'' ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.


കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി രൂപത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മതസ്പര്‍ദ വളര്‍ത്താനോ തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങളുണ്ടാക്കാനോ താത്പര്യപ്പെടുന്നില്ലെന്നായിരുന്നു അതിരൂപത വിശദമാക്കിയത്. സിനിമ എടുത്തവരുടെ രാഷട്രീയത്തിനൊപ്പം നില്‍ക്കാന്‍ കഴിയില്ല. സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞ കെസിവൈഎമ്മിന്‍റെ അറിയിപ്പ് അതിരൂപതയുടെ നിര്‍ദേശപ്രകാരമല്ല. അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്നും രൂപത അറിയിച്ചിരുന്നു.

വിശാസോത്സവത്തിന്‍റെ ഭാഗമായി ഇടുക്കി രൂപത കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സിനിമയുടെ പ്രദര്‍ശനം. വിശ്വാസ പരിശീലന പരിപാടിയോടനുബന്ധിച്ച് പത്ത് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായാണ് സിനിമ പ്രദർശിപ്പിച്ചത്. കുട്ടികൾക്ക് നൽകിയ ബുക്കിൽ ലൗ ജിഹാദിനെതിരെയും പരാമർശമുണ്ട്. യുവതീ യുവാക്കളെ പ്രണയത്തിലകപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുകയാണെന്നും ഇതിൽ അവബോധം നൽകാൻ വേണ്ടിയാണ് ചിത്രം പ്രദർശിപ്പിച്ചതെന്നുമാണ് രൂപതയുടെ വിശദീകരണം.



TAGS :

Next Story