Quantcast

സിപിഐ സമ്മേളന കൊടിമര കൈമാറ്റച്ചടങ്ങ് കെ.ഇ. ഇസ്മയിലും സി. ദിവാകരനും ബഹിഷ്‌ക്കരിച്ചു

വിഭാഗീയപ്രവർത്തനങ്ങൾക്കെതിരെ താക്കീതുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത് വന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-09-29 14:23:40.0

Published:

29 Sep 2022 2:20 PM GMT

സിപിഐ സമ്മേളന കൊടിമര കൈമാറ്റച്ചടങ്ങ് കെ.ഇ. ഇസ്മയിലും സി. ദിവാകരനും ബഹിഷ്‌ക്കരിച്ചു
X

സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ കൊടിമര കൈമാറ്റ ചടങ്ങ് ബഹിഷ്‌ക്കരിച്ച് മുതിർന്ന നേതാക്കളായ കെ.ഇ. ഇസ്മയിലും സി ദിവാകരനും. നെയ്യാറ്റിൻകരയിൽ നടക്കുന്ന ചടങ്ങിൽ ഇരുവരും പങ്കെടുക്കുന്നില്ല. കൊടിമരം ജാഥ ക്യാപ്റ്റന് കൈമാറേണ്ടത് ഇസ്മയിലായിരുന്നു. എന്നാൽ ഇദ്ദേഹം വിട്ടുനിന്നതോടെ മന്ത്രി ജി. ആർ അനിലാണ് കൊടിമരം കൈമാറിയത്. ജില്ലയുടെ ചുമതലയുള്ള നിർവാഹക സമിതിയംഗമാണ് ദിവാകരൻ. എന്നിട്ടും പങ്കെടുത്തില്ല. നാളെ സമ്മേളന പതാക ഉയർത്തേണ്ടത് സി. ദിവാകരനാണ്. ആ ചടങ്ങിൽ അദ്ദേഹം പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. നാളെയാണ് സി.പി.ഐ സമ്മേളനം നടക്കുന്നത്. പ്രായപരിധി നിശ്ചയിക്കുന്നതിലുള്ള എതിർപ്പാണ് നേതാക്കളുടെ അസാന്നിധ്യത്തിന് കാരണം. സി. ദിവാകരൻ നേരത്തെ തന്നെ കാനം രാജേന്ദ്രൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വിഭാഗീയപ്രവർത്തനങ്ങൾക്കെതിരെ താക്കീതുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത് വന്നിരുന്നു. വിഭാഗീയത പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ആരെങ്കിലും പ്രവർത്തിച്ചാൽ അവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്ന് കാനം ഓർമിപ്പിച്ചു. സിപിഐ മുഖമാസികയായ നവയുഗത്തിലെഴുതിയ കുറിപ്പിലാണ് കാനത്തിന്റെ മുന്നറിയിപ്പ്.

സംസ്ഥാന സെക്രട്ടറിയായ തനിക്കെതിരെ പടയൊരുക്കം നടക്കുന്നുവെന്ന് മനസിലാക്കിയാണ് കാനം മുന്നറിയിപ്പ് നൽകുന്നത്. വിഭാഗീയതയും വ്യക്തികേന്ദ്രീകൃത രീതിയും സിപിഐയിൽ ഇല്ല. അത്തരത്തിൽ ഇടപെടുന്നവർക്ക് പാർട്ടിയിൽ സ്ഥാനവും ഉണ്ടാകില്ല. ഇതാണ് ചരിത്രം ഇത് ബോധ്യപ്പെടുത്തുന്നുവെന്നും കാനം നവയുഗത്തിലെഴുതിയ കുറിപ്പിൽ പറയുന്നു. സി ദിവാകരനെയും കെഇ ഇസ്മയിലിനെയും ലക്ഷ്യം വച്ചാണ് കാനത്തിന്റെ പരോക്ഷ മുന്നറിയിപ്പ്. സിപിഐ സിപിഎമ്മിന് അടിമപ്പെട്ടുവെന്ന വിമർശനങ്ങൾക്കും കാനം മറുപടി നൽകുന്നു. പാർട്ടിയുടെ വ്യക്തിത്വം സംരക്ഷിച്ചാണ് മുന്നോട്ടുപോകുന്നത്. അഭിപ്രായങ്ങളും നിർദേശങ്ങളും മുന്നണിയിൽ ഉന്നയിക്കുന്നതിൽ വിട്ടുവീഴ്ച കാണിച്ചിട്ടില്ല. ചിലപ്പോൾ പരസ്യപ്രതികരണത്തിനും മടിച്ചിട്ടില്ല. അഭിപ്രായങ്ങൾ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്ന രീതി സിപിഐക്കില്ലെന്ന് പറയുന്ന കാനം എപ്പോഴും മാധ്യമങ്ങൾക്ക് വാർത്ത ചമച്ചുകൊടുത്ത് മുന്നണിയുടെ വിശ്വാസം തകർക്കാനാവില്ലെന്നും കുറിപ്പിലെഴുതിയിരിക്കുന്നു.


TAGS :

Next Story