കീം എൻട്രൻസ്; മലബാറിലെ വിദ്യാർഥികൾക്ക് തെക്കൻ കേരളത്തിൽ കേന്ദ്രം, വിവേചനമെന്ന് പരാതി
വടക്കൻ ജില്ലകളിൽ ആവശ്യത്തിന് പരീക്ഷാ കേന്ദ്രങ്ങൾ ഇല്ലാത്തതാണ് പ്രതിസന്ധി
കോഴിക്കോട്: കീം എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷിച്ച മലബാറിലെ വിദ്യാർഥികളോട് വിവേചനമെന്ന് പരാതി. ഭൂരിഭാഗം വിദ്യാർഥികൾക്കും പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചത് തെക്കൻ കേരളത്തിലാണ്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് വടക്കൻ കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർഥികൾ.
വടക്കൻ ജില്ലകളിൽ ആവശ്യത്തിന് പരീക്ഷ കേന്ദ്രങ്ങൾ ഇല്ലാത്തതാണ് തെക്കൻ കേരളത്തിലേക്ക് വിദ്യാർഥികളെ അയച്ചതിന് കാരണം. പ്രധാനമായും കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാർഥികൾക്കാണ് മധ്യകേരളത്തിലും തെക്കൻ കേരളത്തിലും പരീക്ഷാ കേന്ദ്രങ്ങൾ ലഭിച്ചത്. ആദ്യ ഓപ്ഷനായി കോഴിക്കോട് നൽകിയവർക്ക് എറണാകുളം, കാസറഗോഡ് നൽകിയവർക്ക് കോട്ടയം, കണ്ണൂർ നൽകിയവർക്ക് തിരുവനന്തപുരം ഈ വിധത്തിലാണ് ക്രമീകരണം.
ജൂൺ 5നാണ് പരീക്ഷ ആരംഭിക്കുന്നത്. പരീക്ഷയ്ക്ക് രാവിലെ 7.30 ന് അതാത് കേന്ദ്രങ്ങളിൽ വിദ്യാർഥികൾ ഹാജരാകണം. മഴ കനക്കുന്നതും ദൂരയാത്രക്ക് ശേഷം പരീക്ഷ എഴുതേണ്ട സാഹചര്യവും വിദ്യർത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിക്കുകയാണ്
1,13,447 വിദ്യാർഥികളാണ് കീം പരീക്ഷ എഴുതുന്നത്. ഓൺലൈൻ ആയി നടക്കുന്ന പരീക്ഷക്കായി 198 പരീക്ഷാ കേന്ദ്രങ്ങളാണ് കേരളത്തിൽ തയ്യാറാക്കിയിട്ടുള്ളത്. പരീക്ഷ തുടങ്ങാനിരിക്കെ ആശങ്ക പരിഹരിക്കണമെന്നാണ് വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും ആവശ്യം.
Adjust Story Font
16