നവംബറിൽ സ്കൂളുകൾ തുറക്കാൻ ആലോചന
ഏതൊക്കെ ക്ലാസുകൾ തുറക്കണമെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും
സംസ്ഥാനത്ത് നവംബറിൽ സ്കൂളുകൾ തുറക്കാൻ ആലോചന.നവംബറിൽ സ്‌കൂളുകൾ തുറക്കുന്ന കാര്യം പരിശോധിക്കണമെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിൽ ആവശ്യപ്പെട്ടു. ഒന്നര വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത്.
ഏതൊക്കെ ക്ലാസുകൾ തുറക്കണമെന്ന കാര്യത്തിൽ പിന്നിട് തീരുമാനമെടുക്കും. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ആലോചിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. അതേസമയം, സംസ്ഥാനത്ത് പ്രഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബര്‍ നാലുമുതല്‍ തുറന്നുപ്രവര്‍ത്തിക്കും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്. അവസാനവര്‍ഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകള്‍ക്കാണ് പ്രവര്‍ത്തനാനുമതിയുള്ളത്.
ബിരുദാനന്തര ബിരുദ ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ച് ക്ലാസുകള്‍ നടത്താം. ബിരുദ ക്ലാസുകളില്‍ 50 വീതം വിദ്യാര്‍ത്ഥികളെ ബാച്ചുകളായി തിരിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഇടവിട്ട ദിവസങ്ങളില്‍ ക്ലാസ് നടത്താമെന്ന് ഉത്തരവില്‍ പറയുന്നു. രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയായിരിക്കും ക്ലാസ് സമയം. അല്ലെങ്കില്‍ ഒന്‍പതു മുതല്‍ മൂന്നു വരെ, 9.30 മുതല്‍ 3.30 വരെ, 10 മുതല്‍ നാലു വരെ എന്നിങ്ങനെയും ക്ലാസുകള്‍ നടത്താം.
Adjust Story Font
16