'സ്‌കൂളിൽ ചേരാനുള്ള കേരളത്തിലെ പ്രായം അഞ്ചുവയസ്, കേന്ദ്രനിർദേശത്തിൽ വിദഗ്ധ പഠനം വേണം'; മന്ത്രി വി.ശിവൻകുട്ടി
ഒന്നാം ക്ലാസിൽ ചേരാൻ 6 വയസ് നിർബന്ധമാക്കിയ ഉത്തരവ് നടപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു
മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: സ്‌കൂളിൽ ചേരാനുള്ള കേരളത്തിലെ പ്രായം അഞ്ചുവയസാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ് തികയണമെന്ന വ്യവസ്ഥ നിർബന്ധമാക്കണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. കേന്ദ്രനിർദേശത്തിൽ വിദഗ്ധ പഠനം വേണ്ടിവരുമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'കേന്ദ്ര നിർദേശം അപ്പാടെ തള്ളിക്കളയുന്നില്ല. കേരളത്തിൽ നിലവിൽ അഞ്ചുവയസിലാണ് കുട്ടികളെ സ്‌കൂളിൽ ചേർത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി ഇതല്ല. കേരളത്തിലെ അവസ്ഥ വെച്ച് കേന്ദ്രസർക്കാറിന് തീരുമാനം എടുക്കാനാവില്ല. ഇക്കാര്യത്തിൽ വിദഗ്ധരുടെ അഭിപ്രായം തേടണം.വിദഗ്ധരുമായും അധ്യാപക സംഘടനകളുമായും ചർച്ച നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'കേരളത്തിന്റെ സാഹചര്യത്തിന് അനുസരിച്ചേ കേന്ദ്ര തീരുമാനം നടപ്പാക്കൂ. കേന്ദ്ര നിർദേശം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ആറുവയസിൽ പഠനം തുടങ്ങിയാൽ കുറച്ചുകൂടെ പക്വത ഉണ്ടാകും എന്നാണ് പൊതുവെയുള്ള അഭിപ്രായം'. എന്നാൽ കേരളത്തിൽ രണ്ടാം ക്ലാസുമുതൽ തന്നെ കുട്ടികൾ വളരെ നന്നായി ഇംഗ്ലീഷും മറ്റ് ഭാഷകളും സംസാരിക്കുന്നുണ്ടെന്നും' മന്ത്രി പറഞ്ഞു.
സ്‌കൂളിൽ ചേരാനുള്ള പ്രായം ആറുവയസാക്കിക്കൊണ്ടുള്ള 2020ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള നിർദേശം കേന്ദ്രീയ വിദ്യാലയങ്ങളും കേരളം ഒഴികെയുള്ള ചില സംസ്ഥാനങ്ങളും കഴിഞ്ഞവർഷം നടപ്പാക്കിയിരുന്നു. പുതിയ അധ്യയന വർഷം മുതൽ ഈ നിർദേശം നടപ്പാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം.
Adjust Story Font
16