കേരളവും തമിഴ്‌നാടും ബിജെപിയിൽനിന്ന് ഭീഷണി നേരിടുന്നു; ഒരുമിച്ച് നിന്ന് പ്രതിരോധിക്കണം: ഉദയനിധി സ്റ്റാലിൻ
പുരോഗമന ശക്തികളുടെ സ്വാധീനം മൂലമാണ് കേരളത്തിലും തമിഴ്‌നാട്ടിലും ഫാഷിസ്റ്റ് ശക്തികൾക്ക് ഇടം ലഭിക്കാത്തതെന്നും ഉദയനിധി പറഞ്ഞു.
കോഴിക്കോട്: കേരളവും തമിഴ്‌നാടും ബിജെപിയിൽനിന്ന് ഭീഷണി നേരിടുകയാണെന്നും അതിനെ ഒരുമിച്ച് നിന്ന് പ്രതിരോധിക്കണമെന്നും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു സംസ്‌കാരം' എന്നതാണ് ബിജെപിയുടെ ലക്ഷ്യം. കേന്ദ്രീകൃത പരീക്ഷകളെ ഡിഎംകെ എതിർക്കും. പുരോഗമന ശക്തികളുടെ സ്വാധീനം മൂലമാണ് കേരളത്തിലും തമിഴ്‌നാട്ടിലും ഫാഷിസ്റ്റ് ശക്തികൾക്ക് ഇടം ലഭിക്കാത്തതെന്നും ഉദയനിധി പറഞ്ഞു. കോഴിക്കോട് സ്വകാര്യ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതും സംസ്‌കൃതത്തിന് പ്രാധാന്യം നൽകുന്നതും ഡിഎംകെ ശക്തമായി എതിർക്കും. കേരളവുമായി തമിഴ്‌നാടിന് വളരെ മുമ്പ് തന്നെ അടുപ്പമുണ്ട്. ഫാഷിസത്തിനെതിരെ കേരളവും തമിഴ്‌നാടും പൊരുതുന്നു. തമിഴ് വ്യക്തിത്വത്തിന്റെ കേന്ദ്രം ദ്രാവിഡ മൂവ്‌മെന്റാണ്. സാമൂഹിക മാറ്റത്തിനുള്ള ഉപാധിയായാണ് അത് ഭാഷയെയും സാഹിത്യത്തെയും കണ്ടതെന്നും ഉദയനിധി പറഞ്ഞു.
ഫാഷിസ്റ്റുകൾ കവിതയിലും സാഹിത്യത്തിലും കാവി പൂശാൻ ശ്രമിക്കുന്നു. കേരളത്തിനും തമിഴ്‌നാടിനും തങ്ങളുടെ സംസ്‌കാരത്തോട് സ്‌നേഹമുണ്ട്. നമ്മുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും വേണ്ടി ഒരുമിച്ച് നിൽക്കണം. സംസ്‌കൃതത്തിന്റെ മേധാവിത്വത്തിനെതിരെ തമിഴ്‌നാട് പൊരുതി. തന്തൈ പെരിയാർ അതിന് നേതൃത്വം നൽകി. ഭാഷക്ക് വേണ്ടി പൊരുതിയവരെ തമിഴ്‌നാട് ആദരവോടെയാണ് കാണുന്നതെന്നും ഉദയനിധി പറഞ്ഞു.
ഉത്തരേന്ത്യയിലെ പല ഭാഷകൾക്കും സ്വന്തമായ സിനിമാ വ്യവസായമില്ല. മിക്കതും ദുർബലമാണ്. ബോളിവുഡ് അവയെ വിഴുങ്ങി. ദക്ഷിണേന്ത്യൻ സിനിമകൾക്ക് അത് സംഭവിച്ചില്ല. അവ സ്വന്തം വ്യക്തിത്വം നിലനിർത്തി. ഇന്ത്യയിൽ പ്രാദേശിക ഭാഷകൾ നിലനിൽക്കുന്നതിന്റെ പ്രധാന കാരണം തമിഴിനായി ദ്രാവിഡ പ്രസ്ഥാനം നടത്തിയ പോരാട്ടമാണെന്നും ഉദയനിധി ചൂണ്ടിക്കാട്ടി.
Adjust Story Font
16