Quantcast

അസാധാരണ പ്രതിഷേധം: സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച് പ്രതിപക്ഷം

വാച്ച് ആന്‍റ് വാർഡുമായി ഉന്തും തള്ളും, സഭയില്‍ നാടകീയ രംഗങ്ങള്‍

MediaOne Logo

Web Desk

  • Updated:

    2023-03-15 06:29:09.0

Published:

15 March 2023 5:31 AM GMT

kerala assembly protest against speaker
X

തിരുവനന്തപുരം: അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ പോലും അനുമതി നൽകുന്നില്ലെന്ന പരാതിയുമായി പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചു. നിയമസഭയിൽ അസാധാരണ പ്രതിഷേധമാണ് നടന്നത്. യു.ഡി.എഫ് എം.എല്‍.എമാരും വാച്ച് ആന്‍റ് വാർഡും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബലം പ്രയോഗിച്ച് യു.ഡി.എഫ് എം.എല്‍.എമാരെ നീക്കാന്‍ ശ്രമം നടന്നു. തന്നെ കയ്യേറ്റം ചെയ്തെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഉപരോധത്തിനിടെ കുഴഞ്ഞുവീണ ചാലക്കുടി എം.എല്‍.എ സനീഷ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ അഡീഷണൽ ചീഫ് മാർഷൽ മൊയ്‌ദീൻ ഹുസ്സൈനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്പീക്കർ നീതി പാലിക്കണമെന്ന ബാനറുമായാണ് പ്രതിപക്ഷം എത്തിയത്. സ്പീക്കര്‍ക്കെതിരെ യു.ഡി.എഫ് എം.എല്‍.എമാര്‍ മുദ്രാവാക്യം വിളിച്ചു. സ്ത്രീകൾക്ക് നേരെ അതിക്രമം വർധിക്കുന്നുവെന്ന വിഷയത്തിലാണ് പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ഉമാ തോമസാണ് നോട്ടീസ് നല്‍കിയത്. നോട്ടീസിന് അനുമതി നല്‍കിയില്ല. ഭരണസിരാ കേന്ദ്രത്തിന്റെ താഴെ സ്ത്രീകൾ ആക്രമിക്കപ്പെടുന്നുവെന്നും ഇത് ചർച്ച ചെയ്തില്ലെങ്കിൽ എന്തിനാണ് സഭയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദിച്ചു.

ഉപരോധം അവസാനിപ്പിച്ച് മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാക്കള്‍ അഞ്ച് എൽ.ഡി.എഫ് എം.എൽ.എമാരും മന്ത്രിമാരുടെ സ്റ്റാഫും എം.എൽ.എമാരെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു. യു.ഡി.എഫ് എം.എല്‍.എമാരെ വാച്ച് ആന്‍റ് വാർഡിനെ വിട്ടു തല്ലിച്ചെന്ന് വി.ഡി സതീശന്‍ പറഞ്ഞു. വാച്ച് ആന്‍റ് വാർഡ് എം.എൽ.എമാരെ നിലത്തിട്ട് ചവിട്ടിക്കൂട്ടി. കെ.കെ രമയെ 6 വനിതാ പൊലീസുകാർ വലിച്ചിഴച്ചെന്നും സതീശന്‍ ആരോപിച്ചു.





TAGS :

Next Story