എന്‍.സി.ഇ.ആര്‍.ടി നീക്കിയ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കേരളം; കുട്ടികളില്‍ വിദ്വേഷം കുത്തിവെക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി
ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, എക്കണോമിക്സ്, സോഷ്യോളജി വിഷയങ്ങളില്‍ ആറ് അഡീഷണല്‍ പുസ്തകങ്ങളാണ് എസ്.സി.ഇ.ആര്‍.ടി തയ്യാറാക്കിയത്
തിരുവനന്തപുരം: എന്‍.സി.ഇ.ആര്‍.ആര്‍.ടി നീക്കിയ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ പാഠപുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, എക്കണോമിക്സ്, സോഷ്യോളജി വിഷയങ്ങളില്‍ ആറ് അഡീഷണല്‍ പുസ്തകങ്ങളാണ് എസ്.സി.ഇ.ആര്‍.ടി തയ്യാറാക്കിയത്. കുട്ടികളില്‍ വിദ്വേഷം കുത്തിവെക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പഠനഭാരം കുറയ്ക്കാനെന്ന ന്യായം പറഞ്ഞാണ് ഗാന്ധവധം, മുഗൾ ചരിത്രം, വ്യാവസായ വിപ്ലവം, ഇന്ത്യാവിഭജന ചരിത്രം, പഞ്ചവത്സര പദ്ധതികൾ, അടിയന്തിരാവസ്ഥ, ഇന്ത്യയിലെ ജനകീയ സമരങ്ങൾ തുടങ്ങിയ ഭാഗങ്ങള്‍ ഹയര്‍സെക്കന്ററി സിലബസില്‍ നിന്ന് എന്‍.സി.ഇ.ആര്‍.ആര്‍.ടി ഒഴിവാക്കിയത്. ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങളും ജാതി വ്യവസ്ഥിതിയും ഇന്ത്യയിലെ ദാരിദ്ര്യവും ഒക്കെ പരമാർശിക്കുന്ന ഭാഗവുമൊക്കെ ഒഴിവാക്കപ്പെട്ടവയിൽ ഉണ്ട്. ഒഴിവാക്കിയ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി എസ്.സി.ഇ.ആര്‍.ടി തയ്യാറാക്കിയ ആറ് പുസ്തകങ്ങളാണ് തിരുവനന്തപുരം കോട്ടണ്‍ഹില്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തത്.
കുട്ടികളുടെ സാമൂഹ്യ, ചരിത്ര കാഴ്ചപ്പാടുകളെ മാറ്റിമറിക്കുന്ന തരത്തിലാണ് എസ്.സി.ഇ.ആര്‍.ടി സിലബസ് തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.' ഗാന്ധി വധത്തിൽ പങ്കെടുത്തവർക്ക് ഏത് സംഘടനയുമായി ബന്ധമുള്ളത് എന്നും അവരെ നയിച്ച ആശയങ്ങൾ ഏതാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അത്തരം സംഘടനകളെ വെള്ള പൂശാനാണ് ആണ് എൻസിഇആർടി ശ്രമിക്കുന്നത്. മുഗൾ രാജഭരണം എൻസിഇആർടി വെട്ടി അതിലൂടെ ഈ രാജ്യം ഒരു പ്രത്യേക വിഭാഗത്തിന് മാത്രമാണെന്ന് പ്രതീതി ജനിപ്പിക്കുകയാണ്. മറ്റു വിഭാഗം ഈ രാജ്യത്ത് നിന്ന് ആട്ടിയോടിപ്പിക്കേണ്ടുവരാണെന്ന് ബോധം വിദ്യാർത്ഥികളിൽ ഉണ്ടാക്കാനാണ് ശ്രമം. ശാസ്ത്രത്തെയും ചരിത്രത്തേയും വസ്തുനിഷ്ഠമായി മനസ്സിലാക്കാൻ കുട്ടികള്‍ക്ക് കഴിയണം'. എന്‍.സി.ഇ.ആര്‍.ആര്‍.ടി യുടെ അഡീഷണല്‍ പുസ്തകങ്ങള്‍ അതിന് സഹായിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരീക്ഷയിലും ഈ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തും. ചില പ്രത്യേക വിഭാഗങ്ങളുടെ താൽപര്യം മാത്രം കുത്തിനിറക്കുന്ന എന്‍.സി.ഇ.ആര്‍.ആര്‍.ടി നീക്കം കേരളത്തില്‍ അനുവദിക്കില്ലെന്നും സംസ്ഥാനത്ത് കുട്ടികളെ യഥാർത്ഥ ചരിത്രം പഠിപ്പിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വി ശിവന്‍കുട്ടിയും പറഞ്ഞു.
Adjust Story Font
16