പ്രതീക്ഷയുടെയും സ്‌നേഹത്തിന്റെയും ഉത്സവമായി ഇന്ന് തിരുവോണം
പൂക്കളവും ഓണപ്പുടവയും സദ്യവട്ടവുമായി മാവേലിയെ വരവേൽക്കാൻ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ.
കോഴിക്കോട്: മലയാളികൾക്ക് ഇന്ന് പ്രതീക്ഷയുടെയും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും തിരുവോണം. ലോകത്തെല്ലായിടത്തുമുള്ള മലയാളികൾക്ക് ഓണം പോയ കാലത്തിന്റെ നല്ല ഓർമയാണ്. പൂക്കളവും ഓണപ്പുടവയും സദ്യവട്ടവുമായി മാവേലിയെ വരവേൽക്കാൻ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ.
മലയാളികൾക്ക് കൂട്ടായ്മയുടെ ഉത്സവമാണ് ഓണം. ജാതി മത ഭേദമന്യേ സകലരും ആഘോഷിക്കുന്ന ഉത്സവം. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെയായി കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പമാണ് മലയാളികളുടെ ഓണാഘോഷം. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഓണമാഘോഷിക്കാൻ മലയാളി മറക്കാറില്ല.
തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ഓണാഘോഷത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. മുൻവർഷങ്ങളെക്കാൾ വിപുലമായാണ് ഇത്തവണ അലങ്കാരങ്ങൾ. കെ.ടി.ഡി.സിയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തെ പാതയോരങ്ങളും പ്രധാന കെട്ടിടങ്ങളും അലങ്കരിച്ചത്. നിയമസഭയും രാജ്ഭവനും സെക്രട്ടറിയേറ്റുമെല്ലാം അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. മനം കവരുന്ന ഈ നക്ഷത്രശോഭ ഇനി ഒരാഴ്ചക്കാലം നീണ്ടുനിൽക്കും.
Adjust Story Font
16