നാട്ടിൽ നിന്ന് ദാരിദ്ര്യം തുടച്ചുനീക്കും: മുഖ്യമന്ത്രി പിണറായി വിജയൻ
ദാരിദ്ര്യ നിർമാർജനത്തിൽ കേരളത്തിന് ഒന്നാം സ്ഥാനം കിട്ടിയ നിതി ആയോഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
തിരുവനന്തപുരം: അതീവ ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമാക്കി സർക്കാർ ആവിഷ്‌കരിച്ച പുതിയ പദ്ധതികൾ കൂടി പ്രാവർത്തികമാകുന്നതോടെ കേരളത്തിൽ നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ മഹത്തായ ലക്ഷ്യ സാക്ഷാൽക്കാരത്തിനായി ഏവരും ഒരുമിച്ചു നിൽക്കണമെന്നും ആത്മവിശ്വാസത്തോടെ അതിനായി മുമ്പോട്ടുപോകാമെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചു. ദാരിദ്ര്യ നിർമാർജനത്തിൽ കേരളത്തിന് ഒന്നാം സ്ഥാനം കിട്ടിയ നിതി ആയോഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് കുറിപ്പ്
സുസ്ഥിര വികസനത്തിൽ മാത്രമല്ല, ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും കേരളം നമ്പർ വൺ. നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ മൾട്ടി ഡയമൻഷണൽ ദാരിദ്ര്യ സൂചികയിൽ ഏറ്റവും കുറച്ച് ദാരിദ്ര്യമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. പട്ടിക പ്രകാരം കേരളത്തിൽ ദാരിദ്ര്യം നേരിടുന്നവർ 0.71 ശതമാനം മാത്രമാണ്.
ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയാണ് പഠനത്തിന്റെ പ്രധാന മാനകങ്ങൾ. പോഷകാഹാര ലഭ്യത, ശുചിത്വ സൗകര്യങ്ങൾ, കുട്ടികളുടേയും കൗമാരക്കാരുടേയും മരണ നിരക്ക്, വൈദ്യുതി, പാർപ്പിടം, തുടങ്ങി നിരവധി സൂചികകൾ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് പട്ടിക തയ്യാറാക്കിയത്.
മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുൾപ്പെടെ അനവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സർക്കാർ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങൾ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്നത് അഭിമാനകരമാണ്.
അതീവ ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമാക്കി സർക്കാർ ആവിഷ്‌കരിച്ച പുതിയ പദ്ധതികൾ കൂടി പ്രാവർത്തികമാകുന്നതോടെ നമ്മുടെ നാടിൽ നിന്നും ദാരിദ്ര്യം തുടച്ചു നീക്കാൻ സാധിക്കും. ആ മഹത്തായ ലക്ഷ്യ സാക്ഷാൽക്കാരത്തിനായി ഏവരും ഒരുമിച്ചു നിൽക്കണം. അഭിമാനപൂർവം ആത്മവിശ്വാസത്തോടെ നമുക്ക് മുന്നോട്ടു പോകാം.
Adjust Story Font
16