ഗവർണർ മിഠായിത്തെരുവിലിറങ്ങിയത് ചില കാര്യങ്ങൾ മനസ്സിൽവച്ച്; പ്രോട്ടോക്കോൾ ലംഘനം-മുഖ്യമന്ത്രി
''പ്രതിഷേധം നടത്തിയത് ഗുണ്ടകളല്ല. ഭാവിവാഗ്ദാനങ്ങളായ വിദ്യാർത്ഥികളാണ്.''
കൊല്ലം: പ്രോട്ടോക്കോളിനു വിരുദ്ധമായാണ് ഗവർണർ കോഴിക്കോട് മിഠായിത്തെരുവിലിറങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില കാര്യങ്ങൾ മനസ്സിൽ വച്ചാണ് ഗവർണർ ഇറങ്ങിയത്. പ്രതിഷേധം നടത്തിയത് ഗുണ്ടകളല്ലെന്നും ഭാവിവാഗ്ദാനങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലത്ത് നവകേരള സദസ്സിന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു നോട്ടിസും ഇല്ലാതെ പെട്ടെന്ന് ഇറങ്ങിച്ചെല്ലാൻ കഴിയുന്ന സ്ഥലമാണെന്ന് ഗവർണർക്ക് മനസ്സിലായി. ഇവിടത്തെ ക്രമസമാധാനനില ഭദ്രമാണെന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു. ഗവർണർ അത് രാജ്യത്തെ ബോധ്യപ്പെടുത്തുകയും ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൽവ കഴിച്ചത് നല്ല കാര്യമാണ്. എന്നാൽ, പ്രോട്ടോക്കോൾ ലംഘിച്ച് ഇറങ്ങിയത് തെറ്റായ കാര്യമാണ്. ചില കാര്യങ്ങൾ മനസ്സിൽവച്ചാണ് ഗവർണർ ഇറങ്ങിയത്. എന്താണെന്ന് ഗവർണർ തന്നെ പറയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുണ്ടകളൊന്നുമല്ല പ്രതിഷേധം നടത്തിയത്. ഭാവിവാഗ്ദാനങ്ങളായ വിദ്യാർത്ഥികളാണ് പ്രതിഷേധിച്ചത്. ഗവർണർ ആക്രമിക്കപ്പെട്ടാൽ ആ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാമെന്ന് ചില റിപ്പോർട്ടുകൾ കണ്ടിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതുവത്സര ദിനത്തിൽ കെ-സ്മാർട്ട് പദ്ധതി ആരംഭിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. തദ്ദേശസ്ഥാപനങ്ങൾ വഴിയുള്ള സേവനങ്ങൾ ഓൺലൈനാക്കും. രാജ്യത്താദ്യമായാണ് ഇങ്ങനെയൊരു സംവിധാനം ഒരുക്കുന്നത്. ബിൽഡിങ് പെർമിറ്റ്, വിവാഹ രജിസ്‌ട്രേഷൻ, ജനന-മരണ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ ഇനി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനിൽ തന്നെ സർട്ടിഫിക്കറ്റുകൾ ലഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Summary: The Kerala CM Pinarayi Vijayan alleges that the governor Arif Mohammad Khan went against the protocol in Kozhikode
Adjust Story Font
16