Quantcast

'അവർ ഏതു തരത്തിലുള്ള പിപ്പിടി കാട്ടിയാലും അതൊന്നും ഇങ്ങോട്ട് ഏശില്ല കെട്ടോ, അതിന് വേറെ ആളെ നോക്കണം'; ആരോപണങ്ങളിൽ മുഖ്യമന്ത്രി

"ഇതൊക്കെ കൊണ്ട് എന്തോ അങ്ങ് ഇളകിക്കളയും.. അതൊക്കെ വേറെ ആളെ നോക്കണം കെട്ടോ. അതേ എനിക്ക് പറയാനുള്ളൂ."

MediaOne Logo

Web Desk

  • Published:

    11 Jun 2022 6:52 AM GMT

അവർ ഏതു തരത്തിലുള്ള പിപ്പിടി കാട്ടിയാലും അതൊന്നും ഇങ്ങോട്ട് ഏശില്ല കെട്ടോ, അതിന് വേറെ ആളെ നോക്കണം; ആരോപണങ്ങളിൽ മുഖ്യമന്ത്രി
X

കോട്ടയം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകളെ മായാവലയത്തിലാക്കാം എന്ന് പ്രതിപക്ഷം കരുതരുത് എന്നും ഇത്തരം പിപ്പിടി വിദ്യകളൊന്നും ഏശില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പരിഹാസ്യമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അവർ ആത്മപരിശോധന നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോട്ടയത്ത് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.ഒ.എ) സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'ഇന്നത്തെ ചില മാധ്യമങ്ങളെടുത്തു വച്ച് നിങ്ങൾ നോക്ക്. എത്ര ശതമാനമായിരിക്കും ആ മൊത്തം വാർത്തകളിൽ ഈ ചില കാര്യങ്ങൾക്ക് കൊടുക്കുന്നതെന്ന് പരിശോധിച്ചു നോക്ക്. ആളുകളെ ആകെ വല്ലാതെ മായാവലയത്തിലാക്കിക്കളയാം, അങ്ങനെ എൽഡിഎഫ് ഗവണ്മെന്റിനെ പുച്ഛത്തോടെ ആളുകൾ കാണുന്ന നിലയിലേക്ക് എത്തിച്ചുകളയാം എന്നാണോ ചിന്തിക്കുന്നത്. നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ തന്നെ വിശ്വാസ്യതയ്ക്ക് ചേർന്നതാണോ എന്ന് ഗൗരവപൂർവ്വം ആലോചിക്കണം. കാരണം നിങ്ങൾ ഇവിടെ അവസാനിക്കേണ്ടവരല്ല, ഇനിയും നാട്ടിൽ ഉണ്ടാകേണ്ടവരാണ്.' - മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം പിപ്പിടി വിദ്യകൾ ഏശില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 'മെച്ചപ്പെട്ട തുടർഭരണം നിങ്ങൾ നടത്തൂ എന്നായിരുന്നു ജനവിധി. ഞങ്ങളത് ശിരസ്സാവഹിക്കുന്നു. ഞങ്ങൾ കൂടുതൽ വിനയാന്വിതരാകുന്നു. ജനങ്ങൾക്ക് കടപ്പെട്ടവരാകുന്നു. എന്നാൽ ഇത്തരത്തിലുള്ള നാടിന്റെ താത്പര്യത്തിന് എതിരായി നിൽക്കുന്ന ഒരു ശക്തിയുടെ മുന്നിലും കീഴടങ്ങുന്ന പ്രശ്‌നമില്ല. അവർ ഏതു തരത്തിലുള്ള പിപ്പിടി കാട്ടിയാലും അതൊന്നും ഇങ്ങോട്ട് ഏശില്ല കെട്ടോ. ഞാനതിന്റെ മറ്റു കാര്യങ്ങളിലേക്കൊന്നും പോകുന്നില്ല. അതൊക്കെ മനസ്സിൽ വച്ചാൽ മതി. ഇതൊക്കെ കൊണ്ട് എന്തോ അങ്ങ് ഇളകിക്കളയും.. അതൊക്കെ വേറെ ആളെ നോക്കണം കെട്ടോ. അതേ എനിക്ക് പറയാനുള്ളൂ. ഞങ്ങൾക്ക് ജനങ്ങളെ പൂർണവിശ്വാസമുണ്ട്. നിങ്ങൾ അത്യന്തം പരിഹാസ്യമായ നിലപാടെടുത്തുകൊണ്ടു പോകുമ്പോൾ അത് തിരിച്ചറിയാൻ ജനങ്ങൾക്ക് നല്ല പോലെ കഴിയും.' - അദ്ദേഹം കൂട്ടിച്ചേർത്തു.

എൽഡിഎഫ് അധികാരത്തിൽ വരാതിരിക്കാൻ വലിയ കഥകളാണ് മാധ്യമങ്ങൾ പ്രചരിപ്പിച്ചത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. '2021 വരുന്നു എന്ന് കണ്ടപ്പോൾ കേരളത്തിന്റെ മുന്നോട്ടുള്ള പോക്കിനെ തടസ്സം നിൽക്കാൻ വേണ്ടി ശ്രമിച്ച ശക്തികൾ, കേന്ദ്രഭരണത്തിലുള്ളവരും ഇവിടെ ഭരണം ആഗ്രഹിച്ചു നിൽക്കുന്നവരും എല്ലാവരും കൂടി ഒന്നായിച്ചേർന്ന് വലിയ സന്നാഹമൊരുക്കി. വമ്പിച്ച പടയൊരുക്കം. എന്തൊരു നുണപ്രചാരണത്തിന്റെ മലവെള്ളപ്പാച്ചിലായിരുന്നു നടന്നത്. ഓർമയില്ലേ? ഈ പ്രചാരകർക്ക് നല്ല ആശ്വാസം. എൽഡിഎഫ് തീർന്നു എന്നായിരുന്നു. അമ്മാതിരി കഥകളല്ലേ. അതിനെ പ്രചരിപ്പിക്കാൻ 24 മണിക്കൂറും നമ്മുടെ നാട്ടിലെ നല്ലൊരു ഭാഗം പത്ര-ദൃശ്യമാധ്യമങ്ങളും. ഭയങ്കര പ്രചാരണം. അപ്പോ കണക്കാക്കി. ഉറപ്പ്, തീർന്നു. വേഗം കടലാസും പെൻസിലുമെടുത്ത് അടുത്ത മന്ത്രിസഭയിൽ വരേണ്ടത് ആരാണ് എന്നൊക്കെ എഴുതി വയ്ക്കുന്ന നിലയുണ്ടായി. പക്ഷേ, ആരോടാ ഇതൊക്കെ പറഞ്ഞത്. ഈ കേരളത്തിലെ ജനങ്ങളോട്. അവര് എല്ലാ ഘട്ടവും പിന്നിട്ടു വന്നവരാണല്ലോ. ജനങ്ങൾ ഞങ്ങളെ മനസ്സിലാക്കുന്നുണ്ട് എന്നായിരുന്നു ഞങ്ങളുടെ ഉറപ്പ്.'

കോൺഗ്രസ് രാജ്യത്തെ എല്ലായിടത്തും വർഗീയതയോട് സന്ധി ചെയ്യുകയാണെന്നും ചരിത്രത്തിൽനിന്ന് അവർ പാഠം പഠിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

'കേരളത്തിൽ വർഗീയ ശക്തികളെയെല്ലാം ഒന്നിച്ചുകൂട്ടാൻ മതനിരപേക്ഷമെന്ന് അവകാശപ്പെടുന്ന കൂട്ടർ തയ്യാറായാൽ ആരെ പ്രോത്സാഹിപ്പിക്കലാണത്? സംശയമെന്ത്? അത് വർഗീയതയെ പ്രോത്സാഹിപ്പിക്കലാണ്. ഇവിടെ മതനിരപേക്ഷമാണ് അവകാശപ്പെടുന്നവർക്ക് ആപത്തു മനസ്സിലാകാത്തത് നിറഞ്ഞു നിൽക്കുന്ന ഇടതുപക്ഷം ഉള്ളതു കൊണ്ടാണ്. നാട്ടിൽ വർഗീയമായി എന്തെങ്കിലും സംഭവിച്ചാൽ അപ്പോൾ ചാടിവീണ് അതിനെ എതിർക്കാൻ ഇടതുപക്ഷമുണ്ട്. നാടിന്റെ പൊതുവായ വികാരമാണത്. പക്ഷേ, ഈ പറയുന്ന വിഭാഗം മാത്രമുള്ളിടത്ത് അടിയോടെയാണ് ഇളകിപ്പോയത്. നിങ്ങൾ അത്തരമൊരു അവസ്ഥ ഇവിടെ ഉണ്ടാക്കുന്നതിന് സഹായകമായ നിലപാടാണ് എടുക്കുന്നത് എന്ന് മറക്കരുത്. അത് നാടിന് ഗുണകരമല്ല. തിരുത്താൻ പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ, ഇത് സമൂഹം മനസ്സിലാക്കണം.' - കോൺഗ്രസിനെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി പറഞ്ഞു.

വർഗീയതയെ പ്രീണിപ്പിച്ച് മതനിരപേക്ഷത സംരക്ഷിക്കാനാകില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. 'വസ്ത്രത്തിന്റെ, ഭക്ഷണത്തിന്റെ, ആരാധനയുടെ പേരിൽ ന്യൂനപക്ഷത്തിനു നേരെ ആക്രമണം നേരിടേണ്ടി വരുന്നു. ഇതിനെ അപലപിക്കാതെ പിന്താങ്ങിക്കൊണ്ടിരിക്കുകയാണ് രാജ്യത്തെ ഭരണകൂടം. മതനിരപേക്ഷത വെല്ലുവിളി നേരിടുകയാണ്. അത്തരമൊരു ഘട്ടത്തിൽ മതനിരപേക്ഷത സംരക്ഷിക്കുന്നതിന് വേണ്ടി ആ ചിന്താഗതിക്കാരെല്ലാം അണിനിരക്കേണ്ടതുണ്ട്. രാജ്യത്ത് മഹാഭൂരിപക്ഷവും മതനിരപേക്ഷ ചിന്താഗതിക്കാരാണ്. വർഗീയതയെ പ്രീണിപ്പിച്ച് മതനിരപേക്ഷത സംരക്ഷിക്കാനാകില്ല.' അദ്ദേഹം കൂട്ടിച്ചേർത്തു.

'വർഗീയതയുടേതായ ഒട്ടേറെ അടയാളങ്ങൾ രാജ്യത്ത് കുറിക്കപ്പെട്ടിട്ടുണ്ട്. അതെടുത്തണിയാൻ മതനിരപേക്ഷമെന്ന് പറയുന്ന ചിലരെങ്കിലും വല്ലാത്ത താത്പര്യം കാണിക്കുന്നുണ്ട്. അതിലൂടെ മതനിരപേക്ഷ സംരക്ഷിക്കയല്ല അവർ ചെയ്യുന്നത്. വർഗീയതയെ പ്രോത്സാഹിപ്പിക്കലാണ്. അത് നാടിനും രാജ്യത്തിനും ആപത്താണ്. രാജ്യത്തിന്റെ പൊതുവായ ചിത്രത്തിൽ, വർഗീയത ഏറ്റവും കൊടികുത്തി വാഴുന്ന പ്രദേശങ്ങൾ നേരത്തെ മതനിരപേക്ഷമാണ് എന്നവകാശപ്പെടുന്നവർക്ക് നിറഞ്ഞ സ്വാധീനമുള്ളതായിരുന്നു. വർഗീയതയെ തൊട്ടുംതലോടിയുമുള്ള മൃദുനിലപാടാണ് അവർ സ്വീകരിച്ചത്. തഞ്ചം കിട്ടിയാൽ ചാടും എന്ന നിലയിലാണ് മതനിരപേക്ഷ നിലപാടിന്റെ ഭാഗമായി നിൽക്കുന്നവർ. മതന്യൂനപക്ഷ വിഭാഗങ്ങളാണ് ഏറ്റവും കൂടുതൽ അക്രമങ്ങൾക്കിരയാകുന്നത്. അവരിൽ ചിലർ ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാമെന്ന് വിചാരിക്കുന്നു. ഇത് ആത്മഹത്യാപരമായ സമീപനമാണ്. ഭൂരിപക്ഷ വർഗീയതയെ നേരിടാൻ ന്യൂനപക്ഷ വർഗീയത മറുമരുന്നല്ല. ഇത് രണ്ടും പരസ്പര പൂരകങ്ങളായ ശക്തികളാണ്. ഒന്നു മറ്റൊന്നിനെ വളർത്തുന്നു.'- അദ്ദേഹം ചൂണ്ടിക്കാട്ടി.

Summary: kerala cm pinarayi vijayan reaction on gold smuggling controversy

TAGS :

Next Story