Quantcast

ഷാജഹാൻ വധത്തെ അപലപിച്ച് മുഖ്യമന്ത്രി; കൊലയാളികളുടെ രാഷ്ട്രീയബന്ധത്തെ കുറിച്ച് പരാമർശമില്ല

സംഭവത്തിനു പിന്നിൽ ബി.ജെ.പി അനുഭാവികളാണെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കിയിട്ടുണ്ട്. അക്രമികൾ ആർ.എസ്.എസ്സുകാരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിക്കുകയും ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-08-15 14:38:20.0

Published:

15 Aug 2022 2:37 PM GMT

ഷാജഹാൻ വധത്തെ അപലപിച്ച് മുഖ്യമന്ത്രി; കൊലയാളികളുടെ രാഷ്ട്രീയബന്ധത്തെ കുറിച്ച് പരാമർശമില്ല
X

തിരുവനന്തപുരം: പാലക്കാട് മരുതറോഡ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തെ ശക്തമായി അപലപിച്ച മുഖ്യമന്ത്രി കുറ്റവാളികളെ നിയമത്തിനു മുന്നിൽകൊണ്ടുവരാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു.

ഫേസ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ''പാലക്കാട് മരുതറോഡ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. ഷാജഹാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.''മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, അക്രമികളുടെ രാഷ്ട്രീയബന്ധത്തെ കുറിച്ചുള്ള പരാമർശങ്ങളില്ലാതെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സംഭവത്തിനു പിന്നിൽ ബി.ജെ.പി അനുഭാവികളാണെന്നും രാഷ്ട്രീയവിരോധമാണ് കൊലയ്ക്കു പിന്നിലെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിനു പിന്നിൽ ആർ.എസ്.എസ്സാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും ആരോപിച്ചിട്ടുണ്ട്. കൊല നടത്തിയ ശേഷം വ്യാജപ്രചാരണം നടത്തുകയാണെന്നും സി.പി.എം ആരോപിച്ചു.

ഷാജഹാന്റെ കാലിനും തലയ്ക്കും മാരകമായി വെട്ടേറ്റിരുന്നുവെന്നും എഫ്.ഐ.ആറിൽ പറയുന്നു. എട്ടുപേരാണ് കേസിൽ പ്രതികളെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു. ഷാജഹാന്റെ മരണം അമിതമായി രക്തംവാർന്നത് മൂലമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഷാജഹാന്റെ കൈയിലും കാലിലും അഞ്ച് മുറിവുകളുണ്ടായിരുന്നു. കൈയും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.

ഇന്നലെ രാത്രിയാണ് ഷാജഹാനെ വീടിന് മുന്നിൽവച്ച് ബൈക്കിലെത്തിയ അക്രമിസംഘം വെട്ടിക്കൊന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദംകേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട്‌ മരുതറോഡ്‌ സിപിഐ എം ലോക്കൽകമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. ഷാജഹാന്റെ വിയോഗത്തിൽ...

Posted by Pinarayi Vijayan on Monday, August 15, 2022

അക്രമി സംഘം ഷാജഹാന്റെ കാലിനാണ് ആദ്യം വെട്ടിയതെന്ന് ദൃക്‌സാക്ഷി സുരേഷ് പറഞ്ഞു. തന്റെ മകൻ ഉൾപ്പെടെയുള്ളവരാണ് ഷാജഹാനെ വെട്ടിക്കൊന്നതെന്നും സുരേഷ് മീഡിയവണിനോട് പറഞ്ഞു. അക്രമി സംഘത്തിലുണ്ടായിരുന്നവർ നേരത്തെ സി.പി.എം പ്രവർത്തകരായിരുന്നുവെന്നും ഇപ്പോൾ ബി.ജെ.പിയുമായി സഹകരിക്കുന്നവരാണെന്നും കുന്നംകാട് മുൻ ബ്രാഞ്ച് സെക്രട്ടറി ഉണ്ണിക്കണ്ണൻ പറഞ്ഞു. 10 ദിവസം മുൻപ് ആയുധങ്ങളുമായി അക്രമികൾ ഷാജഹാന്റെ വീട്ടിലെത്തിയിരുന്നുവെന്ന് സി.പി.എം ജില്ലാ നേതൃത്വം പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊട്ടേക്കാടും നഗരത്തിലും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Summary: Kerala CM Pinarayi Vijayan has condemned the murder of CPM Marutha Road local committee member ShahJahan

TAGS :

Next Story