Quantcast

മണ്ണില്‍ മുളച്ചൊരു സൂര്യനെ...മലയാള നാടിന്‍ മന്നനെ; കാരണഭൂതന് പിന്നാലെ മറ്റൊരു പിണറായി സ്തുതി,സോഷ്യല്‍മീഡിയയില്‍ ട്രോള്‍

കേരള സിഎം’ എന്ന തലക്കെട്ടോടെയാണ് യൂട്യൂബില്‍ ഗാനം റിലീസ് ചെയ്തിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-01-03 07:27:58.0

Published:

3 Jan 2024 7:24 AM GMT

Pinarayi song
X

മെഗാതിരുവാതിരയിലെ വിവാദമായ പിണറായി സ്തുതിക്ക് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തുന്ന ഗാനം. കേരള സിഎം’ എന്ന തലക്കെട്ടോടെയാണ് യൂട്യൂബില്‍ ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

പിണറായി വിജയനെ സിംഹം പോലെ ഗര്‍ജിക്കുന്ന നായകനായും ഒറ്റയ്ക്ക് വളര്‍ന്ന മരമായും പാട്ടില്‍ വിശേഷിപ്പിക്കുന്നു. നാടിന്‍റെ അജയ്യനായും മലയാള നാടിന്റെ മന്നനായും പിണറായിയെ സ്തുതിക്കുന്ന പാട്ടില്‍ ഇടതുപക്ഷ പക്ഷികളിലെ ഫീനിക്സ് എന്നാണ് മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

''നാട്ടാര്‍ക്കെല്ലാം സുപരിചിതന്‍…

തീയില്‍ കുരുത്തൊരു കുതിരയെ…

കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനെ…

മണ്ണില്‍ മുളച്ചൊരു സൂര്യനെ…മലയാള നാടിന്‍ മന്നനെ…” എന്നിങ്ങനെയാണ് ഗാനത്തിന്‍റെ വരികള്‍ തുടങ്ങുന്നത്. നിഷാന്ത് നിളയാണ് വരികളെഴുതി ഈണമിട്ടിരിക്കുന്നത്. നിഷാന്ത് തന്നെയാണ് സംവിധാനം. സാജ് പ്രൊഡക്ഷൻ ഹൗസ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്ന വീഡിയോയിൽ പിണറായിയുടെ ചെറുപ്പകാലം മുതൽ കൗമാരകാലം വരെയും ആവിഷ്കരണവുമുണ്ട്. ഗാനത്തിന് പിന്നിൽ സിപിഎമ്മിന് ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല.

സ്വർണക്കടത്ത് കേസ് വിവാദം ഉൾപ്പടെയുള്ളവ ആസൂത്രിതമാണെന്നാണ് വീഡിയോയുടെ തുടക്കത്തിൽ പറയുന്നത്. വെള്ളപ്പൊക്കവും കൊവിഡുമുൾപ്പടെയുള്ള പ്രതിസന്ധികൾ പിണറായിയുടെ മുന്നേറ്റത്തിന് തുണയായതായും വീഡിയോയിൽ പറയുന്നുണ്ട്. എട്ട് മിനിറ്റോളം ദൈർഘ്യമുള്ളതാണ് ഈ വാഴ്ത്തുപാട്ട് വീഡിയോ.

സോഷ്യല്‍മീഡിയയില്‍ പരിഹാസത്തിന് ഇരയായിരിക്കുകയാണ് ഈ വീഡിയോ. ''ഇനിയും ഇത് പോലുള്ള കലാസൃഷ്ടികള്‍ നിര്‍മ്മിച്ച് പാര്‍ട്ടിയെ സഹായിക്കരുതേ എന്നൊരു അഭ്യര്‍ത്ഥനയുണ്ട്. നന്ദി, ആ പ്രത്യേക ആക്ഷനും വാളുകളുടെ ഇടയിലൂടെ നടക്കുന്നതും കളിത്തോക്കിന്റെ മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കുന്ന സീനും കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ സൂപ്പറായേനേ,ചിരിച്ച് ചിരിച്ച് ഒരു വഴിയായി.. വിജയനെ പറ്റി ഇനിയും ഇതുപോലത്തെ കുറെ കലാസൃഷ്ടികൾ വേണം . ഇനി ഇറക്കുമ്പോൾ മരുമകനെ പറ്റി പാട്ടിൽ ചേർക്കണം അപ്പോൾ പൊളിയാണ് '' എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.

നേരത്തെ സി.പി.എമ്മിന്‍റെ പാര്‍ട്ടി പരിപാടിയില്‍ നടത്തിയ മെഗാതിരുവാതിരയിലെ പിണറായി സ്തുതിയും ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനേയും പാർട്ടിയേയും സ്തുതിച്ചുകൊണ്ടുള്ള വരികൾക്കൊപ്പമായിരുന്നു തിരുവാതിര. ‘‘പിണറായി ഭരണം കരുത്തുറ്റ ഭരണമായി ഭൂലോകമെമ്പാടും കേളി കൊട്ടി,മാലോകരെല്ലാരും വാഴ്‌ത്തിപ്പാടി. ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയനെന്ന സഖാവിന് നൂറുകോടി അഭിവാദ്യങ്ങൾ. ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീര സഖാവാണ്’’ എന്നായിരുന്നു തിരുവാതിരയിലെ വരികള്‍. കുത്തേറ്റുമരിച്ച എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ വിലാപയാത്രയും സംസ്കാരവും നടക്കുന്ന ദിവസം തന്നെ തിരുവാതിര നടത്തിയത് പാർട്ടിക്കുള്ളിൽ നിന്നുതന്നെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.



TAGS :

Next Story