'കേരള കോൺഗ്രസിന് മൂന്ന് സീറ്റിന് അർഹതയുണ്ട്'; അധിക സീറ്റ് ആവശ്യവുമായി ജോസ് കെ. മാണി
ബിഷപ്പുമാർക്കെതിരെ സജി ചെറിയാൻ നടത്തിയ പരാമർശത്തിൽ കേരള കോൺഗ്രസ് ഇടപെട്ടിട്ടുണ്ടെന്ന് ജോസ് കെ. മാണി
കോട്ടയം: അധിക സീറ്റ് ആവശ്യത്തിലുറച്ച് ജോസ് കെ. മാണി. കേരള കോൺഗ്രസിന് മൂന്ന് സീറ്റുകൾ വരെ ലഭിക്കാൻ യോഗ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിഷപ്പുമാർക്കെതിരെ സജി ചെറിയാൻ നടത്തിയ പരാമർശത്തിൽ കേരള കോൺഗ്രസ് ഇടപെട്ടിട്ടുണ്ടെന്നും ജോസ് കെ. മാണി വെളിപ്പെടുത്തി. കോട്ടയത്ത് കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭാ സീറ്റ് വിഷയത്തിൽ ചർച്ചയിലേക്കു പോയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസിന് മൂന്നു സീറ്റ് വരെ അർഹതപ്പെട്ടതാണ്. അത് നേതൃത്വത്തിനും എൽ.ഡി.എഫിന് അറിയാം. ബാക്കി കാര്യങ്ങൾ ചർച്ച ചെയ്യേണ്ടത് എൽ.ഡി.എഫിലാണ്. അതു വരുമ്പോൾ ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
സഭാ വിഷയങ്ങളിൽ പ്രതികരിക്കുന്നതിന് മുന്നണിയിൽ ഒരു നിയന്ത്രണവുമില്ലെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. അക്കാര്യങ്ങളിൽ ജനാധിപത്യപരമായ നിയന്ത്രമാണു സ്വീകരിക്കുന്നത്. സജി ചെറിയാൻ ബിഷപ്പുമാർക്കെതിരെ നടത്തിയ പരാമർശത്തിലെ തെറ്റ് അപ്പോൾ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അക്കാര്യത്തിൽ നേരിട്ട് ഇടപെടുകയും പാർട്ടി പ്രതികരിക്കുകയും ചെയ്തു. മുന്നണി നേതൃത്വത്തെ അപകടം ചൂണ്ടിക്കാട്ടി വിഷയത്തിൽ ഇടപെട്ട് തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ടു. അക്കാര്യമെല്ലാം അടഞ്ഞ അധ്യായമാണ്. ഇതു പിന്നീട് മന്ത്രി തന്നെ തിരുത്തുകയും ചെയ്തുവെന്നും ജോസ് കെ. മാണി പറഞ്ഞു.
ലോക്‌സഭയിൽ എം.പിമാരെ പുറത്താക്കിയ നടപടിയെയും അദ്ദേഹം വിമർശിച്ചു. ജനാധിപത്യത്തിന്റെ ഗ്യാരന്റി മോദി തകർത്തിരിക്കുകയാണ്. കേരളത്തിന് എന്ത് ഗ്യാരന്റിയാണ് മോദി നൽകിയത്? കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു. കേന്ദ്ര നിലപാടിനെ ആശ്രയിച്ചാണ് റബർവില നിർണയം. കേരളത്തിന് സഹായകരമാകുമെന്നതിനാൽ നയത്തിൽ മാറ്റംവരുത്താൻ കേന്ദ്രം തയാറാകുന്നില്ല. മോദി ഗ്യാരന്റി പാഴ്‌വാക്കാണ്. ഗവർണറെ ഉപയോഗിച്ച് ഭരണഘടനാസ്തംഭനത്തിന് ശ്രമിക്കുകയാണെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.
Summary: 'Kerala Congress eligible for three seats': Says Jose K. Mani
Adjust Story Font
16