സംസ്ഥാന സമിതിയിലെ സർക്കാര്‍ വിമർശനം ചോർന്നു; കേരള കോൺഗ്രസ് എം നേതൃത്വത്തിന് അതൃപ്തി
കഴിഞ്ഞ ദിവസം ചേർന്ന കേരള കോൺഗ്രസ് എം സംയുക്ത സ്റ്റിയറിങ് കമ്മിറ്റി സെക്രട്ടറിയേറ്റ് യോഗത്തില്‍ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്
കോട്ടയം: കേരള കോൺഗ്രസ് എം സംസ്ഥാന സമിതിയിൽ സർക്കാരിനെതിരെ നടന്ന വിമർശനങ്ങൾ ചോർന്നതിൽ നേതൃത്വത്തിന് അതൃപ്തി. വിമർശനങ്ങൾ മുന്നണി ബന്ധത്തിൽ വിള്ളൽ വീഴ്ത്തുമെന്നാണു വിലയിരുത്തൽ. കോട്ടയം പാർലമെന്‍റ് സീറ്റിൽ മത്സരിക്കാനില്ലെന്ന് ജോസ് കെ. മാണി നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ട്. യു.ഡി.എഫിൽനിന്ന് പി.ജെ ജോസഫും മത്സരിക്കാനിടയില്ലെന്നാണു വിവരം.
കഴിഞ്ഞ ദിവസം ചേർന്ന കേരള കോൺഗ്രസ് എം സംയുക്ത സ്റ്റിയറിങ് കമ്മിറ്റി സെക്രട്ടറിയേറ്റ് യോഗത്തില്‍ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ഇക്കാര്യങ്ങൾ വാർത്തയായത് നേതൃത്വത്തെ ചൊടിപ്പിച്ചു. ഇത്തരമൊരു സമീപനം വച്ചുപൊറുപ്പിക്കാനാവില്ലെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി നേതാക്കളെ അറിയിച്ചു. സർക്കാരിന്റെ നടപടികള്‍മൂലം പുറത്തിറങ്ങാനാവുന്നില്ലെന്ന് വരെ യോഗത്തില്‍ വിമർശനം ഉയർന്നിരുന്നു.
ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ വാർത്തയാകുന്നതിലും പാർട്ടി അസ്വസ്ഥതയുണ്ട്. കോട്ടയത്ത് തോമസ് ചാഴിക്കാടൻ മത്സരിക്കുമെന്ന നിലപാടിലാണെന്ന് നേതൃത്വം പറയുന്നു. ജോസ് കെ. മാണി മത്സരിച്ചാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം സി.പി.എം പ്രതിരോധിക്കുമോ എന്ന ആശങ്കയുമുണ്ട്. യു.ഡി.എഫിൽനിന്ന് പി.ജെ ജോസഫ് മത്സരിക്കില്ലെന്ന് ഉറപ്പായി. ഫ്രാൻസിസ് ജോർജ്, പി.സി തോമസ്, മോൻസ് ജോസഫ് എന്നിവർക്കാണ് സാധ്യത.
കഴിഞ്ഞ തവണ മത്സരിക്കാന്‍ താല്‍പര്യം അറിയിച്ച പി.ജെ ജോസഫിനെ പിന്നീട് ഒഴിവാക്കിയ നടപടിയാണ് കേരള കോൺഗ്രസിന്‍റെ ഒടുവിലത്തെ പിളർപ്പിലേക്കു നയിച്ചത്. സീറ്റ് ചർച്ചകൾക്കായി ജോസഫ് വിഭാഗം ഉടൻ ഉന്നത സമിതി ചേരും. കോട്ടയം സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കം എന്തു വിലകൊടുത്തും തടയണമെന്നാണ് പാർട്ടിയിലെ പൊതുവികാരം.
Summary: The leadership is unhappy in the leak of criticisms against the Kerala government in the state committee of the Kerala Congress M
Adjust Story Font
16