Quantcast

'ഭരണാധികാരി ഏകാധിപതിയാകുന്നത് അപകടകരം'; കൂറിലോസിന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ പിന്തുണ

കേരളത്തില്‍ സാധാരണക്കാരന് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും കെ.സി.സി ചൂണ്ടിക്കാട്ടി.

MediaOne Logo

Web Desk

  • Updated:

    2024-06-07 16:34:13.0

Published:

7 Jun 2024 4:15 PM GMT

ഭരണാധികാരി ഏകാധിപതിയാകുന്നത് അപകടകരം; കൂറിലോസിന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ പിന്തുണ
X

തിരുവനന്തപുരം: ഡോ.ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയിൽ കൂറിലോസിനെ പിന്തുണച്ച് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെ.സി.സി). ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി ചൂണ്ടിക്കാട്ടിയായിരുന്നു യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മാർ കൂറിലോസിന്റെ പോസ്റ്റ്. എന്നാൽ മതപുരോഹിതന്മാർക്കിടയിലും ചില വിവരദോഷികൾ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി കൂറിലോസിനെ വിമർശിച്ചത്. ഭരണാധികാരി ഏകാധിപതിയാകുന്നത് അപകടകരമാണെന്നും വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തത് ഏകാധിപതികളുടെ പ്രത്യേകതയാണെന്നും കെസിസി കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയില്‍ നിന്ന് സിപിഎമ്മും ഇടതു കക്ഷികളും പാഠം പഠിക്കണം. ധാര്‍ഷ്ട്യവും, ധൂര്‍ത്തും ഇനിയും തുടർന്നാൽ വലിയ തിരിച്ചടികൾ നേരിടുമെന്നും എപ്പോഴും പ്രളയവും മഹാമാരികളും രക്ഷിക്കെത്തില്ല എന്നുമായിരുന്നു ഗീവര്‍ഗീസ് കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയത്. തിരിച്ചടികള്‍ എന്തുകൊണ്ടാണെന്നു മനസിലാക്കണമെന്നും അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനെതിരെ കടുത്ത ഭാഷയിലുള്ള മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. പുരോഹിതരുടെ ഇടയിലും ചില വിവരദോഷികള്‍ ഉണ്ടാകുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തുവിട്ട് സംസാരിക്കവെ മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഇടതുപക്ഷത്തോടെ ചേർന്ന് നിന്നിട്ടുള്ള യാക്കോബായ സഭയുടെ മതപുരോഹിതനെയാണ് മുഖ്യമന്ത്രി വിമർശിച്ചത് എന്നതും ശ്രദ്ധേയം.

ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയെ വിമർശിച്ച് കെസിസി രംഗത്തുവന്നിരിക്കുന്നത്. ചക്രവര്‍ത്തി നഗ്നനെങ്കില്‍ വിളിച്ചുപറയുക സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അതുള്‍ക്കൊണ്ട് തിരുത്തുന്നതിനു പകരം വിമര്‍ശിക്കുന്നവരെ അധിക്ഷേപിക്കുന്നത് പക്വത ഇല്ലായ്മയാണെന്നും കെസിസി പ്രസ്താവനയിൽ കുറ്റപ്പെടുത്തി. പണ്ട് നികൃഷ്ട ജീവി എന്ന് പുരോഹിതനെ വിളിച്ചയാള്‍ ഇന്ന് വിവരദോഷിയെന്ന മറ്റൊരു പുരോഹിതനെ വിളിക്കുമ്പോള്‍ വിളിക്കുന്നയാളുടെ സ്വഭാവം മാറിയിട്ടില്ലെന്ന് മനസ്സിലാക്കാം. കേരളത്തില്‍ സാധാരണക്കാരന് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും കെസിസി ചൂണ്ടിക്കാട്ടി.

'ഒരു മാധ്യമത്തിൽ ഒരു പുരോഹിതന്‍റെ വാക്കുകൾ കാണാൻ കഴിഞ്ഞു. പ്രളയം ഉണ്ടായതാണ് അന്ന് ഈ സർക്കാറിനെ വീണ്ടും അധികാരത്തിലേറ്റാൻ ഇടയാക്കിയതെന്നും ഇനിയൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ടാ എന്നും ആ പുരോഹിതൻ പറഞ്ഞതായിട്ട് കണ്ടത്. പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോൾ ചില വിവരദോഷികളുണ്ടാകും എന്നതാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്. നമ്മളാരും ഇവിടെ വീണ്ടും ഒരു പ്രളയം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. പക്ഷെ, നേരിട്ട ദുരന്തത്തെ ശരിയായ രീതിയിൽ അതിജീവിക്കാൻ നമ്മുടെ നാടാകെ ഒറ്റക്കെട്ടായി നിന്നു. അതാണ് നമുക്ക് ലോകത്തിന് നൽകാൻ കഴിഞ്ഞ പാഠം. അത് കേരളത്തിന് മാത്രം കഴിയുന്നതാണ്. നമ്മുടെ നാടിന്‍റെ പ്രത്യേകതയാണെന്നും' പിണറായി വിജയൻ പറഞ്ഞു.

TAGS :

Next Story