സംസ്ഥാനത്ത് വാക്സിന്‍ പ്രതിസന്ധി രൂക്ഷം; ഭൂരിഭാഗം ജില്ലകളിലും സ്റ്റോക്ക് തീർന്നു
ഇന്ന് രാത്രിയോടെ അഞ്ച് ലക്ഷം ഡോസ് വാക്സിൻ എത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു
സംസ്ഥാനത്ത് ഇന്നും വാക്സിനേഷൻ പ്രതിസന്ധിയിൽ. ഭൂരിഭാഗം ജില്ലകളിലും വാക്സിൻ സ്റ്റോക്ക് തീർന്നു. ഇന്ന് രാത്രിയോടെ അഞ്ച് ലക്ഷം ഡോസ് വാക്സിൻ എത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. അതേസമയം രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.
കോവിഡ് വാക്സിനേഷനിൽ ഇതാദ്യമായാണ് ഇത്രയധികം പ്രതിസന്ധി സംസ്ഥാനത്തുണ്ടാക്കുന്നത്. ഇടുക്കിയിലും എറണാകുളത്തും മാത്രമാണ് ഇന്ന് വാക്സിനേഷൻ നടക്കൂ. മറ്റ് ജില്ലകളിലെല്ലാം സ്റ്റോക്ക് തീർന്നു. എറണാകുളത്ത് കോവിഷീൽഡ് ഇല്ല. 18830 ഡോസ് കോവാക്‌സിനാണ് ശേഷിക്കുന്നത്.
ഇടുക്കിയിൽ 970 ഡോസ് കോവിഷീൽഡും 1600 കോവാക്‌സിനുമാണ് സ്റ്റോക്കുള്ളത്. ഇത് ഒരു മണിക്കൂറിൽ തന്നെ തീരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മൂന്ന് ദിവസമായി വാക്സിനേഷൻ മുടങ്ങിയിരിക്കുകയാണ്. ഇന്ന് രാത്രിയോടെ അഞ്ച് ലക്ഷം വാക്സിൻ എത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇത് രണ്ട് ദിവസത്തിനുള്ളിൽ കൊടുത്ത് തീർക്കാനാണ് തീരുമാനം. അതേ സമയം സംസ്ഥാനത്തെ കോവിഡ് സാഹചര്യം രൂക്ഷമായി തുടരുകയാണ്. രണ്ട് മാസത്തിന് ശേഷം പ്രതിദിന കേസുകൾ ഇരുപതിനായിരത്തിന് മുകളിലെത്തി. മലപ്പുറത്ത് നാലായിരത്തിന് മുകളിലാണ് രോഗികൾ . എറണാകുളം, കോഴിക്കോട്, തൃശൂർ, പാലക്കാട് ജില്ലകളിലും സ്ഥിതി ഗുരുതരമാണ്. മരണ നിരക്കിലും വർധനയുണ്ട്. 156 പേരുടെ മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്.
Adjust Story Font
16