കേരള ചലച്ചിത്ര അക്കാദമിക്ക് സ്ഥിരം ചെയർമാനെ ഉടൻ നിയമിച്ചേക്കില്ല
സർക്കാർ തലത്തിലെ വിവിധ ചർച്ചകൾക്ക് ഒടുവിലാണ് പ്രേംകുമാറിന് ചെയർമാന്‍റെ താൽക്കാലിക ചുമതല നൽകിയത്
തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിക്ക് സ്ഥിരം ചെയർമാനെ സർക്കാർ ഉടൻ നിയമിച്ചേക്കില്ല. സർക്കാർ തലത്തിലെ വിവിധ ചർച്ചകൾക്ക് ഒടുവിലാണ് പ്രേംകുമാറിന് ചെയർമാന്‍റെ താൽക്കാലിക ചുമതല നൽകിയത്. രഞ്ജിത്തിനെതിരെ പരസ്യ വിമർശനം ഉന്നയിച്ചവരുടെ സാന്നിധ്യം പ്രേംകുമാർ ചുമതല ഏൽക്കുമ്പോൾ ഉണ്ടായിരുന്നു. ഇത് മഞ്ഞുരുക്കത്തിന്‍റെ സൂചനയാണ് നല്‍കുന്നത്.
രഞ്ജിത്ത് അക്കാദമി ചെയർമാൻ സ്ഥാനം ഒഴിഞ്ഞതോടെ പകരം ആർക്ക് നിയമിക്കുമെന്ന ചർച്ചകൾ സർക്കാർതലത്തിൽ സജീവമായിരുന്നു. വനിതാ ചെയർമാൻ വേണം എന്ന അടക്കമുള്ള ആവശ്യങ്ങൾ സർക്കാരിന്‍റെ മുന്നിലേക്ക് വന്നു. സോഷ്യൽ മീഡിയ വഴി മറ്റു ചിലർക്ക് വേണ്ടി വലിയ പ്രചരണവും നടന്നു.എന്നാൽ സ്ഥിരം ചെയർമാനെ ഉടനെ വയ്ക്കേണ്ടതില്ല എന്ന നിലപാടിലാണ് സർക്കാർ എത്തിച്ചേർന്നത്.മുഖ്യമന്ത്രിയുമായി സിനിമ വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ സംസാരിച്ച ശേഷമാണ് വൈസ് ചെയർമാൻ ആയിരുന്ന പ്രേംകുമാറിന് താൽക്കാലിക ചെയർമാന്‍റെ ചുമതല നൽകിയത്.
ചലച്ചിത്ര അക്കാദമി നേതൃത്വം നൽകേണ്ട പ്രധാനപ്പെട്ട നിരവധി പരിപാടികളാണ് ഇനി വരാനിരിക്കുന്നത്. സിനിമ കോൺക്ലേവ്,ഡിസംബറിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേള തുടങ്ങി ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട പ്രധാന പരിപാടികളാണ് വരാനിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട അലയൊലികൾ അവസാനിച്ചശേഷം സ്ഥിരം ചെയർമാനെ നിയമിക്കാം എന്ന ആലോചനയിലാണ് സർക്കാർ. ചെയർമാനായിരുന്ന രഞ്ജിത്തിനെതിരെ പരസ്യമായി നിലപാടെടുത്ത അക്കാദമി അംഗം എൻ അരുൺ പ്രേംകുമാറിന്‍റെ ചുമതല ഏൽക്കൽ ചടങ്ങിൽ എത്തിയിരുന്നു. കുക്കു പരമേശ്വരൻ, രവി മേനോൻ,ജോബി,ഷൈബു മുണ്ടക്കൽ തുടങ്ങിയവരുടെ സാന്നിധ്യവും മഞ്ഞുരുക്കത്തിന്‍റെ സൂചനയായിട്ടാണ് കാണുന്നത്.
Adjust Story Font
16