കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനം ഹൈക്കോടതി റദ്ദാക്കി
പുതിയ സെർച്ച് കമ്മിറ്റി ഉണ്ടാക്കാൻ ചാൻസലർക്ക് കോടതി നിർദേശം നല്‍കി
കൊച്ചി: കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനം ഹൈക്കോടതി റദ്ദാക്കി. പുതിയ സെർച്ച് കമ്മിറ്റി ഉണ്ടാക്കാൻ ചാൻസലർക്ക് കോടതി നിർദേശം നല്‍കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റേതാണ് നടപടി. കുഫോസ് വി.സി ആയി ഡോ.കെ.റിജി ജോണിനെ നിയമിച്ചത് യു.ജി.സി ചട്ടപ്രകാരം അല്ലെന്നായിരുന്നു ഹരജിയിലെ പ്രധാന വാദം.
വി.സി നിയമനം സംബന്ധിച്ച് ഗവർണർ–സർക്കാർ പോര് നടക്കുന്നതിനിടെ ഏറെ നിർണായകമാണ് ഹൈക്കോടതി വിധി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവെക്കാന്‍ നിര്‍ദേശിച്ച പത്ത് വൈസ് ചാന്‍സലര്‍മാരില്‍ ഒരാളാണ് കെ.റിജി ജോണ്‍. 2021 ജനുവരിയിലാണ് നിയമനം നടന്നത്. ചട്ടപ്രകാരം ഒരു സർവകലാശാലയിൽ പത്ത് വർഷം വേണമെന്ന മാനദണ്ഡം ലംഘിച്ചാണ് നിയമനമെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.
ഉത്തരവ് പത്ത് ദിവസം സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യവും സുപ്രീംകോടതിയെ സമീപിക്കുംവരെ ഇളവ് വേണമെന്ന വി.സിയുടെ ആവശ്യവും ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചില്ല.
യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായി പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ തമിഴ്‌നാട് ഫിഷറീസ് സര്‍വകലാശാലയില്‍ നിന്ന് കുഫോസിലേക്ക് ഡീന്‍ ആയി എത്തിയ ഡോ. റിജി, പിഎച്ച്ഡി ചെയ്യാന്‍ പോയ മൂന്നു വര്‍ഷം കൂടി പ്രവൃത്തി പരിചയത്തിലുള്‍പ്പെടുത്തിയാണ് അപേക്ഷ നല്‍കിയതെന്ന് ഹര്‍ജിക്കാരുടെ ആരോപണം. സേര്‍ച്ച് കമ്മിറ്റി വി.സി പദവിയിലേക്ക് ഒരാളുടെ പേര് മാത്രമാണ് ശുപാര്‍ശ ചെയ്തത്. മാത്രമല്ല സെര്‍ച്ച് കമ്മിറ്റിയില്‍ അക്കാദമിക് യോഗ്യതയില്ലാത്തവരുണ്ടായിരുന്നുവെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
Adjust Story Font
16