മഅ്ദനിക്കെതിരെ കർണാടക സർക്കാർ നടത്തുന്ന ഗൂഢാലോചനക്കെതിരെ കേരള സർക്കാരും പൗരസമൂഹവും ഇടപെടണം - വെൽഫെയർ പാർട്ടി
കർണാടകയുടെ നീക്കത്തിനെതിരെ കേരള സർക്കാർ സാധ്യമാകുന്ന നയപരവും നിയമപരവുമായ ഇടപെടലുകൾ നടത്തണം. മഅ്ദനിയെ കേരളത്തിലെത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള നിയമപരമായ നീക്കം കേരള സർക്കാർ നടത്തണമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊല്ലം: ബാംഗ്ലൂർ സ്‌ഫോടനക്കേസിൽ വിചാരണയുടെ അവസാന ഘട്ടത്തിൽ പുതിയ തെളിവുകൾ ഉണ്ടെന്ന പേരിൽ കർണാടക സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത് മഅ്ദനിയെ അനന്തകാലം വിചാരണ തടവുകാരനാക്കി ജയിലിലടക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ ആവശ്യം കർണാടക ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 2008 - ൽ ബാംഗ്ലൂരിൽ നടന്ന സ്‌ഫോടനത്തിൽ പ്രതി ചേർത്ത് 2010 ആഗസ്റ്റ് 17 - നാണ് മഅ്ദനിയെ അറസ്റ്റ് ചെയ്യുന്നത്.
2014 - ൽ സുപ്രിംകോടതി നാല് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് വിചാരണാ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അത് കഴിഞ്ഞ് എട്ട് വർഷമായി. വിചാരണ അന്തിമ ഘട്ടത്തിലെത്തി നിൽക്കെ ഇപ്പോൾ ഈ അവശ്യം ഉയർത്തുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. അറസ്റ്റ് ചെയ്ത് വിചാരണ തുടങ്ങി 12 വർഷം കഴിഞ്ഞിട്ട് എന്ത് തെളിവാണ് കർണാടക സർക്കാരിന് കിട്ടിയിരിക്കുന്നത്. മഅ്ദനിക്കെതിരെ പോലീസിൽ മൊഴികൊടുത്തു എന്ന് പറയപ്പെടുന്ന ഏതാണ്ട് എല്ലാ സാക്ഷികളും കോടതിയിൽ പൊലീസ് തങ്ങളെക്കൊണ്ട് നിർബന്ധിച്ച് മൊഴി കൊടുപ്പിച്ചതാണെന്ന് പറഞ്ഞു കഴിഞ്ഞു. ബാംഗ്ലൂർ സ്‌ഫോടനകേസിൽ മഅ്ദനിയെ ബന്ധിപ്പിക്കാനുള്ള ഒരു തെളിവും ഇപ്പോൾ പ്രോസിക്യൂഷൻ വശമില്ല.
ഇപ്പോൾ ബാംഗ്ലൂരിൽ ചികിത്സാർത്ഥം കർശന ഉപാധികളോടെ ജാമ്യത്തിൽ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യ നില അത്യന്തം വഷളായിരിക്കുകയാണ്. കഴിഞ്ഞ വർഷം സ്‌ട്രോക്ക് വന്നത് അദ്ദേഹത്തിന്റെ ചലന ശേഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഡയബറ്റിക് ന്യൂറോപ്പതി, കിഡ്‌നി സംബന്ധമായ രോഗങ്ങൾ അടക്കം നിരവധി അസുഖങ്ങൾ അലട്ടുന്നുണ്ട്. ബാംഗ്ലൂർ പോലീസ് നിർദേശിക്കുന്ന സുരക്ഷാ നിബന്ധനകൾ കാരണം ബാംഗ്ലൂരിലെ പല ആശുപത്രികളും അദ്ദേഹത്തിന്റെ ചികിത്സാ കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നത്. കേരളത്തിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. നിലവിലെ ജാമ്യവ്യവസ്ഥയനുസരിച്ച് ചികിത്സ നേടാൻ ബാംഗ്ലൂർ വിടാൻ അദ്ദേഹത്തിനാകില്ല. ഇത് സംബന്ധിച്ച് ഇളവ് തേടിയുള്ള ഹർജി കർണാടക സർക്കാർ എതിർക്കുന്നതിനാൽ കോടതി അംഗീകരിക്കുന്നില്ല. ഇതിനിടയിലാണ് വിചാരണ അനന്തമായി നീട്ടാനുള്ള നീക്കം നടക്കുന്നത്.
കർണാടകയുടെ ഈ നീക്കത്തിനെതിരെ കേരള സർക്കാർ സാധ്യമാകുന്ന നയപരവും നിയമപരവുമായ ഇടപെടലുകൾ നടത്തണം. മഅ്ദനിയെ കേരളത്തിലെത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള നിയമപരമായ നീക്കം കേരള സർക്കാർ നടത്തണം. കേരളത്തിലെ പൊതു സമൂഹത്തിന് മഅ്ദനി നിരപരാധിയാണ് എന്ന ബോധ്യമുണ്ട്. അതിനാൽ മഅ്ദനിക്കെതിരെ നിരന്തരം തുടരുന്ന ഈ നീതിനിഷേധത്തിനെതിരെ കേരളത്തിലെ പൗരസമൂഹവും ശബ്ദമുയർത്തണെന്നും വെൽഫെയർ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ സജീദ് ഖാലിദ് (വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി), ഡോ. അശോകൻ (വെൽഫെയർ പാർട്ടി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി), കബീർ പോരുവഴി (വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി) എന്നിവർ പങ്കെടുത്തു.
Adjust Story Font
16