സി.എ.എ പ്രതിഷേധക്കേസുകളിൽ സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചത് ഏഴ് ശതമാനം മാത്രം
ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് സി.പി.എം യോജിച്ച പ്രക്ഷോഭങ്ങൾ ആലോചിക്കുന്നതിനിടെയാണ് മൂന്നുവർഷം മുൻപ് നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങൾ ചർച്ചയാകുന്നത്
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങൾക്കെതിരെ കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചത് ഏഴ് ശതമാനം മാത്രം. ആകെ രജിസ്റ്റർ ചെയ്ത 835 കേസുകളിൽ 59 എണ്ണം മാത്രമാണ് പിൻവലിക്കാൻ ഇതുവരെ സർക്കാർ നിരാക്ഷേപപത്രം നൽകിയത്. രണ്ടുവർഷം മുൻപാണ് സി.എ.എ വിരുദ്ധ കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ ഉത്തരവിറക്കിയത്.
ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ സി.പി.എം അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ യോജിച്ച പ്രക്ഷോഭങ്ങൾ ആലോചിക്കുന്നതിനിടെയാണ് മൂന്നുവർഷം മുൻപ് നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങൾ ചർച്ചയാകുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങൾക്കെതിരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകളിൽ ഗുരുതര ക്രിമിനൽ സ്വഭാവം ഇല്ലാത്ത കേസുകൾ പിൻവലിക്കുമെന്ന് 2021 ഫെബ്രുവരി 26-ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രണ്ടുവർഷവും അഞ്ചുമാസവും പിന്നിട്ടിട്ടും ഉത്തരവ് വെറും വാക്കായി മാറുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
വിഷയവുമായി ബന്ധപ്പെട്ട് ഈ വർഷം ഫെബ്രുവരി ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് എം.എൽ.എ എ.പി അനിൽകുമാറിന്റെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകിയിരുന്നു. പിൻവലിക്കാൻ തീരുമാനിച്ചത് 835 കേസുകളിൽ 59 എണ്ണം മാത്രമാണെന്നായിരുന്നു മറുപടി. അതായത് ഏഴ് ശതമാനം. ക്രിമിനൽ നടപടി ചട്ടം 321 പ്രകാരം സർക്കാർ നിരാക്ഷേപ പത്രം നൽകിയാൽ മാത്രമേ കോടതികൾക്ക് കേസുകൾ പിൻവലിക്കാൻ കഴിയൂ. കലാപാഹ്വാനക്കുറ്റമടക്കം പ്രധാനമായും അഞ്ച് വകുപ്പുകൾ ചുമത്തിയാണ് എല്ലാ കേസുകളും രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഭൂരിഭാഗം കേസുകളിലും ഇപ്പോഴും നിയമനടപടികൾ തുടരുകയാണ്. കേസിലെ പ്രതികൾക്ക് കോടതികളിൽ നിന്ന് സമൻസുകളും ലഭിച്ചുകൊണ്ടിരിക്കുന്നു. കേസുകൾ പിൻവലിക്കുന്നതിൽ സാങ്കേതിക കാരണങ്ങളാണ് സർക്കാരിനെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.
Kerala government has decided to withdraw only seven percent of the CAA protest cases
Adjust Story Font
16