Quantcast

തമിഴ്നാട് തയ്യാറാക്കിയ റൂൾ കർവ് സ്വീകാര്യമല്ല; മുല്ലപ്പെരിയാര്‍ ഡാം ഡീക്കമ്മീഷൻ ചെയ്യണമെന്ന് കേരളം സുപ്രിം കോടതിയില്‍

ജലനിരപ്പ് 142 അടിയായി ഉയർത്താൻ കഴിയില്ല.

MediaOne Logo

Web Desk

  • Updated:

    2021-10-28 05:32:43.0

Published:

28 Oct 2021 5:07 AM GMT

തമിഴ്നാട് തയ്യാറാക്കിയ റൂൾ കർവ് സ്വീകാര്യമല്ല; മുല്ലപ്പെരിയാര്‍ ഡാം ഡീക്കമ്മീഷൻ ചെയ്യണമെന്ന് കേരളം സുപ്രിം കോടതിയില്‍
X

മുല്ലപ്പരിയാറിൽ തമിഴ്നാട് തയ്യാറാക്കിയ 138 അടി റൂൾ കർവ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രിം കോടതിയെ അറിയിച്ചു. ജലനിരപ്പ് 142 അടിയായി ഉയർത്താൻ കഴിയില്ല. ജനങ്ങളുടെ ആശങ്കയും കാലപ്പഴക്കവും പരിഗണിച്ച് നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷൻ ചെയ്ത് പുതിയ ഡാം പണിയണമെന്നും കേരളം സുപ്രിം കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ജലനിരപ്പില്‍ നിലവില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും അണക്കെട്ടിന് സുരക്ഷയുണ്ടെന്നുമായിരുന്നു കഴിഞ്ഞ ദിവസം മേല്‍നോട്ട സമിതി നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ സംസ്ഥാന സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചു. എല്ലാ ആശങ്കകളും സര്‍ക്കാര്‍ മേല്‍നോട്ട സമിതിക്ക് മുന്നില്‍വെച്ചതാണ്. അഞ്ചു ജില്ലകളിലായി 30 ലക്ഷത്തോളം ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണിത്. അതുകൊണ്ടു തന്നെ ജനങ്ങളുടെ ആശങ്ക കണക്കിലെടുക്കേണ്ടതുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഈ ഹരജിയില്‍ ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വിശദമായ വാദം കേള്‍ക്കും.

മുല്ലപ്പെരിയാറിൽ നീരൊഴുക്ക് വർധിച്ച സാഹചര്യത്തില്‍ ജലനിരപ്പ് 138.10 അടി ആയി ഉയർന്നിട്ടുണ്ട്. ഇന്ന് പുലർച്ചെ മൂന്നുമണിക്കാണ് ജലനിരപ്പ് 138 അടി പിന്നിട്ടത്. സെക്കന്റിൽ 5800 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. സ്പിൽവെ നാളെ രാവിലെ ഏഴ് മണിക്ക് തുറക്കുമെന്ന് തമിഴ്നാട് സർക്കാർ കേരളത്തെ അറിയിച്ചിട്ടുണ്ട്.

ഡാം തുറക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തീകരിച്ചതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല, റവന്യു വകുപ്പ് കർശന നിർദേശങ്ങൾ നൽകിക്കഴിഞ്ഞു. പെരിയാർ തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. ഇതുപതിലധികം ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാകും പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

വെള്ളം ഒഴുകി പോകുന്ന വഴിയിലെ തടസ്സങ്ങൾ നീക്കം ചെയ്തു. മനുഷ്യസാധ്യമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തെന്നും മന്ത്രി പറഞ്ഞു. അതേസമയം, തമിഴ്നാടിന്റെ തീരുമാനം ആശാവഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് വൈകിട്ടോടെ അദ്ദേഹം മുല്ലപ്പെരിയാറിലെത്തും.

TAGS :

Next Story