Quantcast

ഗോളടിച്ച് ലഹരിയെ തുരത്താൻ കേരളം; രണ്ട് കോടി ഗോളടിക്കുമെന്ന് മുഖ്യമന്ത്രി

ലഹരി ഉപയോഗം നിയന്ത്രിക്കാനായി മന്ത്രിമാരടക്കമുള്ളവർ ദീപം തെളിയിച്ചത് സമൂഹ മാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-11-09 16:18:35.0

Published:

9 Nov 2022 4:12 PM GMT

ഗോളടിച്ച് ലഹരിയെ തുരത്താൻ കേരളം; രണ്ട് കോടി ഗോളടിക്കുമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഫുട്‌ബോൾ ലോകകപ്പ് കാലമായതിനാൽ ലഹരിയെ ഗോളടിച്ച് തുരത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിൻ നവംബർ 14 മുതൽ ജനുവരി 26 വരെ ഊർജ്ജിതമായി നടപ്പാക്കാൻ ഇന്ന് ചേർന്ന ഉന്നതതല സർക്കാർ യോഗം തീരുമാനിച്ചു. തീരുമാനത്തിന്റെ ഭാഗമായി സംസ്ഥാനത്തെങ്ങും രണ്ട് കോടി ഗോൾ അടിക്കുന്ന രീതിയിൽ പരിപാടി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലടക്കം പങ്കുവെച്ച വാർത്താകുറിപ്പിൽ പറഞ്ഞു.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും സർക്കാർ ഓഫീസുകളിലും സ്വകാര്യ കമ്പനികളിലും ഐടി പാർക്കുകളിലും ബസ് സ്റ്റാൻഡുകളിലും, പൊതുവിടങ്ങളിലും പരിപാടി സംഘടിപ്പിക്കുമെന്നും നോ റ്റു ഡ്രഗ്സ് എന്ന പ്രചാരണ ബോർഡുകളും ചിത്രങ്ങളും ഗോൾ പോസ്റ്റിന് ചുറ്റും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രിയുടെ പോസ്റ്റിൽ വ്യക്തമാക്കി. മുഴുവൻ സമയവും പോസ്റ്റ് തയ്യാറാക്കി നിർത്തുകയും ഇഷ്ടമുള്ളപ്പോൾ ആർക്കും വന്ന് ഗോൾ അടിക്കാനുമാകുന്ന രീതിയിലാണ് പരിപാടി നടത്തുകയെന്നും ഇതിന്റെ ഭാഗമായി സെലിബ്രിറ്റി ഫുട്ബോൾ മത്സരം നടത്തുമെന്നും അറിയിച്ചു.

ലഹരി ഉപയോഗം നിയന്ത്രിക്കാനായി മന്ത്രിമാരടക്കമുള്ളവർ ദീപം തെളിയിച്ചത് സമൂഹ മാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. എക്സൈസ്-തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് തിരുവനന്തപുരത്തെ വസതിയിൽ കുടുംബത്തിനൊപ്പം ദീപം തെളിയിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഔദ്യോഗിക വസതിയായ റോസ് ഹൗസിലും ദീപം തെളിയിച്ചു. വ്യവസായ മന്ത്രി പി. രാജീവ് കളമശ്ശേരിയിലെ സ്വന്തം വീട്ടിലെത്തിയാണ് കുടുംബത്തോടൊപ്പം കാമ്പയിനിന്റെ ഭാഗമായത്.

അതേസമയം, ലഹരി മോചന കേന്ദ്രങ്ങൾ ആവശ്യത്തിനുണ്ടെന്ന് സാമൂഹ്യനീതി വകുപ്പ് ഉറപ്പാക്കണമെന്ന് യോഗത്തിൽ നിർദ്ദേശിച്ചതായും മുഖ്യമന്ത്രി ഫേസ്ബുക്കിൽ പറഞ്ഞു. അവിടെ ചികിത്സക്കെത്തുന്ന കുട്ടികളെ രഹസ്യമായി ശുശ്രൂഷിക്കണം. കുട്ടിയുടെ പേരോ, കുടുംബത്തിന്റെ പേരോ പുറത്തുവിടരുത്. സ്‌കൂളുകളിൽ വലിയതോതിൽ കൗൺസിലിംഗ് സംഘടിപ്പിക്കണം. ആവശ്യത്തിന് കൗൺസിലർമാർ ഉണ്ടാകണം. ലഹരി ഉപയോഗ കേന്ദ്രങ്ങളിൽ നല്ല രീതിയിൽ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കണം- മുഖ്യമന്ത്രി കുറിച്ചു.

ലഹരി ഉത്പന്നങ്ങൾ വിൽക്കുന്നില്ല എന്ന ബോർഡ് മുഴുവൻ കടകളിലും സ്ഥാപിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും ലഹരിപദാർത്ഥങ്ങളുടെ വിൽപ്പന, കൈമാറ്റം, ഉപയോഗം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ വിവരം കൈമാറാനുള്ള ഫോൺ നമ്പർ, മേൽവിലാസം എന്നിവ പ്രദർശിപ്പിക്കാനുള്ള നടപടിയും ഊർജ്ജിതമാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

Kerala government with strict measures against drug addiction, goal Challenge

TAGS :

Next Story