Quantcast

'സ്ത്രീകളെ അടിച്ചമര്‍ത്താന്‍ ശ്രമം': സമസ്ത നേതാവിനെതിരെ ഗവര്‍ണര്‍

'ഭരണഘടനയുടെയും ഖുര്‍ആന്‍റെയും നിർദേശങ്ങളുടെ നിഷേധമാണിത്'

MediaOne Logo

Web Desk

  • Updated:

    2022-05-11 16:19:36.0

Published:

11 May 2022 4:11 PM GMT

സ്ത്രീകളെ അടിച്ചമര്‍ത്താന്‍ ശ്രമം: സമസ്ത നേതാവിനെതിരെ ഗവര്‍ണര്‍
X

തിരുവനന്തപുരം: സമസ്ത നേതാവ് വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവത്തിൽ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. പുരോഹിതർ മുസ്‍ലിം പെൺകുട്ടികളെ അടിച്ചമർത്തുന്നതിന് ഉദാഹരണമാണിത്. ഭരണഘടനയുടെയും ഖുര്‍ആന്‍റെയും നിർദേശങ്ങളുടെ നിഷേധമാണിതെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു.

"മുസ്‍ലിം കുടുംബത്തിൽ ജനിച്ചതുകൊണ്ടുമാത്രം പുരസ്കാരം വാങ്ങുന്നതിനിടയിൽ മലപ്പുറം ജില്ലയിൽ പ്രതിഭാശാലിയായ ഒരു പെൺകുട്ടി വേദിയിൽ അപമാനിക്കപ്പെട്ടു എന്നറിഞ്ഞതിൽ ദുഃഖമുണ്ട്. മുസ്‍ലിം പണ്ഡിതര്‍ ഖുർആൻ വചനങ്ങളും ഭരണഘടനയും അവഗണിച്ച് മുസ്‍ലിം സ്ത്രീകളുടെ അവകാശങ്ങളും വ്യക്തിത്വവും അടിച്ചമർത്താൻ ശ്രമിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറത്ത് ഉണ്ടായത്"- ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.

മലപ്പുറം രാമപുരത്തെ ചടങ്ങിലാണ്, വേദിയിൽ പെൺകുട്ടി വന്നതിനെതിരെ സമസ്ത ജോയിന്റ് സെക്രട്ടറിയും വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയുമായ എം.ടി അബ്ദുല്ല മുസ്ലിയാര്‍ ഇടപെട്ടത്. പുരസ്കാരം വാങ്ങാൻ സംഘാടകർ പത്താം ക്ലാസ് വിദ്യാർഥിനിയെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. പെൺകുട്ടിയെ വേദിയിലേക്ക് വിളിച്ചതിനെതിരെ സമസ്ത നേതാവ് അവിടെ വെച്ച് തന്നെ ക്ഷുഭിതനാകുകയായിരുന്നു.

സമസ്തയുടെ തീരുമാനം നിങ്ങൾക്കറിയില്ലേ എന്ന് ചോദിച്ച നേതാവ്, രക്ഷിതാവിനോട് വരാൻ പറയൂ എന്ന് ആവശ്യപ്പെടുകയും ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. പെൺകുട്ടിക്ക് വിലക്ക് കൽപ്പിച്ച മതനേതൃത്വത്തിന്റെ നീക്കം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. സമൂഹത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് പിന്തിരിഞ്ഞു നടത്തിക്കാനുള്ള നീക്കത്തിനെതിരെ സമൂഹ മനസാക്ഷി ഉണരണമെന്നും പി സതീദേവി ആവശ്യപ്പെട്ടു.

സമസ്ത നേതാവിന്‍റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും മനസ്സിലാക്കിയ ശേഷം പ്രതികരിക്കാമെന്നും എല്‍.ഡി.എഫ് കണ്‍വീനർ ഇ.പി ജയരാജന്‍ പറഞ്ഞു.



TAGS :

Next Story