Quantcast

വധഗൂഢാലോചനകേസ് സിബിഐക്ക് വിടുന്നതിനെ എതിർത്ത് സർക്കാർ; പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഡാലോചനയാണ് പുതിയ കേസെന്ന് ദീലീപ്

അന്വേഷണ ഏജന്‍സിയെ തെരഞ്ഞെടുക്കാന്‍ പ്രതിക്ക് അവകാശമില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

MediaOne Logo

Web Desk

  • Updated:

    2022-03-31 10:29:50.0

Published:

31 March 2022 9:58 AM GMT

വധഗൂഢാലോചനകേസ് സിബിഐക്ക് വിടുന്നതിനെ എതിർത്ത് സർക്കാർ; പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഡാലോചനയാണ് പുതിയ കേസെന്ന് ദീലീപ്
X

ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചനകേസ് സിബിഐക്ക് വിടുന്നതിനെ ഹൈക്കോടതിയില്‍ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. എഫ്‌ഐആര്‍ റദ്ദാക്കുന്നില്ലെങ്കില്‍ കേസ് സിബിഐക്ക് വിടണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. അന്വേഷണ ഏജന്‍സിയെ തെരഞ്ഞെടുക്കാന്‍ പ്രതിക്ക് അവകാശമില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

കേസ് സിബിഐക്ക് വിടുന്ന വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക താത്പര്യങ്ങളുണ്ടോയെന്നും മറ്റേതെങ്കിലും ഏജന്‍സിക്ക് അന്വേഷണം കൈമാറുന്നതില്‍ എതിര്‍പ്പുണ്ടോയെന്നും കോടതി ചോദിച്ചു. തെളിവുകള്‍ കയ്യിലുണ്ടായിരുന്നിട്ടും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്ന് ചോദിച്ച കോടതി, നടപടി ബാലചന്ദ്രകുമാറിന് ദുരുദ്ദേശം ഉണ്ടോയന്ന് സംശയമുണ്ടാക്കില്ലേ എന്നും ചോദിച്ചു.

വധഗൂഡാലോചനാ കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കോടതിയുടെ മുന്നറിയിപ്പ് ഉണ്ടായിച്ചും തെളിവുകള്‍ നശിപ്പിച്ചു. ഏഴ് ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ട് 6 ഫോണുകള്‍ മാത്രമാണ് കൈമാറിയത്. ഹാജരാക്കിയ ഫോണുകളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ നീക്കം ചെയ്തെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

വധഗൂഢാലോചനയ്ക്ക് തെളിവുകളുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. അങ്ങനെയെങ്കിൽ കേസിൽ ബാലചന്ദ്രകുമാർ എന്തുകൊണ്ട് ഫസ്റ്റ് ഇൻഫോർമർ ആയില്ലെന്ന് കോടതി ചോദിച്ചു. കേസിന്റെ പേരിൽ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് കോടതിയിൽ ആരോപിച്ചു.

എന്നാല്‍ അത്തരം കാര്യങ്ങളിലേക്ക് കൂടുതല്‍ കടക്കേണ്ടതില്ലെന്നും ഒരു കുറ്റകൃത്യം വെളിപ്പെട്ടു എന്ന് കരുതിയാല്‍ മതിയെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ബാലചന്ദ്രകുമാറും ദിലീപും തമ്മില്‍ നേരത്തെ ബന്ധമുണ്ടായിരുന്നെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സിയാദ് റഹ്മാന്‍ ആണ് കേസ് പരിഗണിക്കുന്നത്.

കേസില്‍ പ്രോസിക്യൂഷന്റെ വാദമാണ് ഇന്ന് നടക്കുന്നത്. ദിലീപ് ഫോണുകള്‍ മുബൈയിലേക്കയച്ചത് തെളിവ് നശിപ്പിക്കാനാണെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഒന്നും മറയ്ക്കാനില്ലെങ്കില്‍ കോടതി ഉത്തരവിട്ട ശേഷം എന്തിന് തെളിവുകള്‍ നശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ചോദ്യം ചെയ്യും. ഇതിനായി സർക്കാർ അനുമതി തേടിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. അടുത്തയാഴ്ച കാവ്യയെ ചോദ്യം ചെയ്യാനാണ് നീക്കം. സാക്ഷികളെ സ്വാധീനിക്കാനാണോ ദിലീപ് വിദേശയാത്ര നടത്തിയതെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇതിന് ഇറാൻ സ്വദേശിയുടെ സഹായം ലഭിച്ചിരുന്നോ എന്നതും അന്വേഷണ വിധേയമാണ്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരി ഭർത്താവ് സുരാജിനെയുമാണ് അടുത്തതായി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ദിലീപിന് മുൻപിൽ ക്രൈംബ്രാഞ്ച് ഹാജരാക്കിയ പല തെളിവുകളിലും ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നതിനാലാണ് ചോദ്യം ചെയ്യൽ. ഇവർക്ക് ശേഷമാകും കാവ്യാ മാധവനെ ചോദ്യം ചെയ്യുക.

TAGS :

Next Story