കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറെ കണ്ടെത്താൻ സേർച്ച് കമ്മിറ്റി രൂപവത്കരിച്ചു
ജാതി അധിക്ഷേപം നടത്തിയെന്ന ആരോപണം നേരിട്ട ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചതോടെയാണ് നടപടി
തിരുവനന്തപുരം: കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറെ കണ്ടെത്താൻ സംസ്ഥാന സർക്കാർ സേർച്ച് കമ്മിറ്റി രൂപവത്കരിച്ചു. ജാതി അധിക്ഷേപം നടത്തിയെന്ന ആരോപണം നേരിട്ട കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചതോടെയാണ് നടപടി. ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ രാമചന്ദ്രൻ കൺവീനറായ സമിതിയിൽ ഇദ്ദേഹത്തെ കൂടാതെ രണ്ട് അംഗങ്ങൾ കൂടിയുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ, ചലച്ചിത്ര സംവിധായകൻ ടി.വി. ചന്ദ്രൻ എന്നിവരാണ് ഇതര അംഗങ്ങൾ.
ശങ്കർ മോഹനെ നീക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 50 ദിവസത്തോളമായി വിദ്യാർഥികൾ സമരത്തിലായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ശങ്കർ മോഹനെ സംരക്ഷിക്കുകയാണെന്നും ആരോപണമുയർന്നിരുന്നു.
കാലാവധി പൂർത്തിയായതിനാലാണ് രാജിവെച്ചതെന്നാണ് ശങ്കർമോഹൻ നൽകുന്ന വിശദീകരണം. ചെയർമാനും മുഖ്യമന്ത്രിക്കുമാണ് രാജിക്കത്ത് കൈമാറിയത്. മൂന്ന് വർഷത്തേക്കാണ് ശങ്കർ മോഹനെ നിയമിച്ചിരുന്നത്. പിന്നീട് ഒരു വർഷം കാലാവധി ദീർഘിപ്പിച്ചു. ഈ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് രാജിയെന്ന് ശങ്കർ മോഹൻ പറഞ്ഞു.
ശങ്കർ മോഹനെതിരെ വിദ്യാർഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച കമ്മീഷൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, മുൻ നിയമസഭാ സെക്രട്ടറി എൻ.കെ ജയകുമാർ എന്നിവരടങ്ങുന്ന സമിതിയാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. വിദ്യാർഥികളും ജീവനക്കാരും ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്ന റിപ്പോർട്ടാണ് ജയകുമാർ നൽകിയതെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് കാലവധി തീർന്നത് ചൂണ്ടിക്കാട്ടി ശങ്കർ മോഹൻ തിരക്കിട്ട് രാജിക്കത്ത് നൽകിയതെന്നാണ് സൂചന.
Kerala Govt formed a search committee to find the director of KR Narayanan institute
Adjust Story Font
16