സര്‍ക്കാര്‍ ഇടപെടും; അനുപമയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടാന്‍ വഴി തെളിയുന്നു
അനുപമയുടെ പരാതി സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സർക്കാർ ഇടപെടൽ. ദത്ത് നൽകുന്ന നടപടി ക്രമങ്ങൾ നിർത്തി വെക്കാൻ ശിശുക്ഷേമ സമിതിക്ക് സർക്കാർ നിർദേശം നൽകി. വഞ്ചിയൂർ കുടുംബ കോടതിയിൽ അനുപമയുടെ പരാതി സര്‍ക്കാര്‍ പ്ലീഡർ അറിയിക്കും. മന്ത്രി വീണാ ജോർജ് ശിശു വികസന ഡയറക്ടർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകി.
അനുപമയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടാന്‍ വഴി തെളിയുകയാണ്. ആന്ധ്ര സ്വദേശികള്‍ക്ക് കുട്ടിയെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വഞ്ചിയൂരിലെ കുടുംബ കോടതിയിലാണുള്ളത്. ദത്ത് നല്‍കിയ നടപടിക്രമങ്ങളില്‍ വിധി പറയാനായി കോടതി മാറ്റിയിരിക്കുകയാണ്. അന്തിമവിധി ഇപ്പോള്‍ പറയരുതെന്നും അനുപമയുടെ പരാതി കേള്‍ക്കണമെന്നും ആവശ്യപ്പെടും.
കുട്ടിയുടെ ദത്തെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നതിന് മുമ്പ് കുട്ടിയെ വിട്ടുകിട്ടണമെന്ന അനുപമയുടെ ആവശ്യവും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തണമെന്ന് ആവശ്യപ്പെടാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പിന് നിര്‍ദേശം നല്‍കി.
അനുപമ നിരാഹാരത്തില്‍
തങ്ങളുടെ കുഞ്ഞ് എവിടെയെന്ന ചോദ്യവുമായി സെക്രട്ടേറിയറ്റിന് മുന്നിൽ അനുപമയും അജിത്തും നിരാഹാര സമരത്തിലാണ്. പരാതി അവഗണിച്ച ശിശുക്ഷേമ സമിതി അടക്കമുള്ള സംവിധാനങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം.
കേരളമേ ലജ്ജിക്കുക എന്നെഴുതിയ പ്ലക്കാർഡുമായാണ് സെക്രട്ടറിയേറ്റിന് മുന്നിലുള്ള അനുപമയുടേയും അജിത്തിന്‍റെയും സമരം. തന്‍റെ പരാതി നിലനിൽക്കെ കുട്ടിയെ ദത്ത് നൽകാൻ അവസരം ഒരുക്കുകയായിരുന്നു സർക്കാർ സംവിധാനങ്ങൾ. അതിനാൽ അവർക്കെതിരെ നടപടി വേണമെന്നാണ് അനുപമയുടെ ആവശ്യം. ഇപ്പോൾ പിന്തുണ പ്രഖ്യാപിക്കുന്ന സിപിഎം നേതാക്കളെ അവർ മുമ്പ് സ്വീകരിച്ച നിലപാട് ഓർമിപ്പിക്കുന്നു അനുപമ. ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാനെതിരെ പാർട്ടി നടപടി എടുക്കുമോയെന്ന ചോദ്യവും ഉയർത്തുന്നു. ബൃന്ദ കാരാട്ട് നടത്തിയ ഇടപെടലിന് അനുപമയും അജിത്തും നന്ദി രേഖപ്പെടുത്തി.
Adjust Story Font
16