Quantcast

ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം വേണം: കേന്ദ്രത്തോട് കേരളം

പൂഞ്ചി കമ്മിഷൻ റിപ്പോർട്ടിനുള്ള മറുപടിയിലാണ് കേരള സര്‍ക്കാരിന്‍റെ ശിപാര്‍ശ

MediaOne Logo

Web Desk

  • Updated:

    2022-02-20 09:51:28.0

Published:

20 Feb 2022 8:02 AM GMT

ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം വേണം: കേന്ദ്രത്തോട് കേരളം
X

ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം വേണമെന്ന് കേരള സര്‍ക്കാര്‍. കേന്ദ്രസംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിച്ച മദൻ പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിനുള്ള മറുപടിയിലാണ് കേരള സര്‍ക്കാരിന്‍റെ ശിപാര്‍ശ. ശിപാര്‍ശയുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. സംസ്ഥാനത്ത് ഗവര്‍ണര്‍ തുടര്‍ച്ചയായി ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ശിപാര്‍ശ എന്നതാണ് ശ്രദ്ധേയം. ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച, ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ വീഴ്ച എന്നിവ ഉണ്ടായാല്‍ ഗവര്‍ണറെ പുറത്താക്കണം എന്നാണ് കേരളത്തിന്‍റെ ശിപാര്‍ശ. ഇതിന് നിയമസഭക്ക് ഭരണഘടനാപരമായ അധികാരം നൽകണമെന്നും ആവശ്യപ്പെട്ടു.

ഭരണഘടനാ ചുമതല ഇല്ലെങ്കില്‍ ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ ഇരുത്തേണ്ട കാര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍‌ സംസ്ഥാന നിയമസഭയ്ക്ക് അനുമതി നല്‍കണം, ഗവര്‍ണറെ നിയമിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കണം, ക്രമസമാധാന പ്രശ്നമുണ്ടാകുമ്പോള്‍ കേന്ദ്രസേനയെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കൂടി അനുമതി വേണം തുടങ്ങിയ ശിപാര്‍ശകളാണ് കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ചത്.

ഗവർണറുടെ വിവേചനാധികാരം നിജപ്പെടുത്തണം, ഗവർണർ സജീവ രാഷ്ട്രീയക്കാരനാകരുത്, പദവിയുടെ അന്തസ് മാനിക്കുന്നയാളാകണം, നിയമനത്തിന് മുമ്പ് സംസ്ഥാനവുമായി ചർച്ച ചെയ്യണം തുടങ്ങിയ ആവശ്യങ്ങളും കേരളം കേന്ദ്രത്തിന് നൽകിയ കത്തിൽ പറഞ്ഞു. ക്രിമിനൽ പ്രോസിക്യൂഷൻ നടപടികൾക്ക് സുപ്രീംകോടതിയുടെ നിർദേശങ്ങളാണ് പാലിക്കേണ്ടതെന്ന പൂഞ്ചി കമ്മീഷൻ ശിപാർശയെ കേരളം എതിർത്തു. മന്ത്രിസഭയാണ് പരാമാധികാര കേന്ദ്രമെന്നും അതിനാൽ അവയുടെ നിർദേശം അംഗീകരിക്കണമെന്നും പറഞ്ഞു.

സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നമുണ്ടായാൽ സേനയെ വിന്യസിക്കും മുമ്പ് സംസ്ഥാന സർക്കാറിന്റെ അഭിപ്രായം തേടണമെന്നും കത്തിൽ പറഞ്ഞു. യു.പി.എ സർക്കാർ നിയമിച്ച പൂഞ്ചി കമ്മീഷൻ നിർദേശങ്ങളിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും നിർദേശങ്ങളും നൽകുന്നുണ്ട്.


TAGS :

Next Story