തെരഞ്ഞെടുപ്പ് തോൽവി കണ്ണ് തുറപ്പിച്ചു; കെട്ടിട നിർമാണ ഫീസ് കുറയ്ക്കാൻ സർക്കാർ
സി.പി.എം നിർദേശപ്രകാരമാണ് പുനരാലോചന
തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റ് ഫീസ് ഉയർത്തിയ നടപടി സംസ്ഥാന സർക്കാർ പുനഃപരിശോധിക്കും. സി.പി.എം നിർദേശപ്രകാരമാണ് പുനരാലോചന. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരക്ക് വർധന തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് പാർട്ടി നേതൃത്വം വിലയിരുത്തിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടയ്ക്കാൻ വേണ്ടിയുള്ള മാർഗനിർദേശങ്ങൾ ചർച്ച ചെയ്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് കെട്ടിട നിർമാണ പെർമിറ്റ് ഫീസ് വർധനവും ചർച്ചയ്ക്ക് വന്നത്. കെട്ടിട നിർമാണ അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ്, വൻകിട കെട്ടിടങ്ങൾക്കുള്ള ലേഔട്ട് അംഗീകാരത്തിനുള്ള സ്ക്രൂട്ടിനി ഫീസ് എന്നിവയിൽ വലിയ വർധനവായിരുന്നു സംസ്ഥാന സർക്കാർ 2023 ഏപ്രിലിൽ വരുത്തിയത്.
അപേക്ഷാ ഫീസ് 50 രൂപയിൽനിന്ന് 1000 രൂപയാക്കുകയും പെർമിറ്റ് ഫീസ് പഞ്ചായത്തുകളിൽ ചെറിയ വീടുകൾക്ക് 525 രൂപയിൽനിന്ന് 7500 ആക്കുകയും ചെയ്തിരുന്നു. വലിയ വീടുകൾക്ക് 1750 രൂപയിൽ നിന്ന് 25,000 രൂപയായും കൂട്ടി. നഗര മേഖലയിലും സമാനമായ രീതിയിൽ വലിയ വർധനവുണ്ടായി.
സാധാരണക്കാരായ ജനങ്ങൾക്ക് നിലവിൽ നൽകേണ്ടി വന്നിരുന്നതിനേക്കാൾ 100 ശതമാനം അധികം പൈസയാണ് കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ചെലവായത്. ദീർഘകാലമായി വർധന വരുത്തിയിട്ടില്ല എന്ന വാദം ഉയർത്തിയായിരുന്നു സർക്കാർ ഇതിനെ നേരിട്ടത്.
എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി സി.പി.എമ്മിന്റെ കണ്ണ് തുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞവർഷം ഏപ്രിലിൽ വരുത്തിയ വർധനവ് എങ്ങനെ കുറയ്ക്കാം എന്ന ആലോചനയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തുന്നത്. നിരക്ക് കുറച്ചുകൊണ്ടുള്ള സർക്കാർ തലത്തിലെ തീരുമാനം വേഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന.
Adjust Story Font
16