Quantcast

പനിയിൽ വിറങ്ങലിച്ച് കേരളം; മുൻവർഷത്തേക്കാൾ രോഗികൾ കൂടുന്നു

ഡെങ്കിപ്പനിയും എലിപ്പനിയും വൈറല്‍ പനിയും ബാധിച്ച് ഈ മാസം പതിമൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു

MediaOne Logo

Web Desk

  • Published:

    25 Oct 2023 12:56 AM GMT

പനിയിൽ വിറങ്ങലിച്ച് കേരളം; മുൻവർഷത്തേക്കാൾ രോഗികൾ കൂടുന്നു
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയും വൈറല്‍ പനിയും വ്യാപിക്കുന്നു. ഈ മാസം ഇതുവരെ 998 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനിയും എലിപ്പനിയും വൈറല്‍ പനിയും ബാധിച്ച് ഈ മാസം പതിമൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒരാഴ്ചക്കിടെ അമ്പതിനായിരത്തിനടുത്ത് ആളുകള്‍ പനിബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടി.

പത്ത് മാസത്തിനിടെ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത് 32,453 പേര്‍. 11,804 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. 41 മരണം ഡെങ്കിമൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചപ്പോള്‍ 105 പേരുടെ മരണം ഡെങ്കി ലക്ഷണങ്ങളോടെയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിലും ആശുപത്രികളില്‍ എത്തുന്ന ഒട്ടുമിക്ക രോഗികള്‍ക്കും ഡെങ്കി ലക്ഷണങ്ങളുണ്ട്.

രാജ്യത്ത് ഏറ്റവും അധികം ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. മുന്‍വര്‍ഷങ്ങളിലുണ്ടായതിനേക്കാള്‍ വലിയ തോതില്‍ ഇത്തവണ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഡെങ്കിയുടെ തീവ്രവ്യാപനം ഇല്ലെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും മുന്‍കരുതല്‍ നടപടികള്‍ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. മഴക്കാലം ശക്തിപ്രാപിച്ചതോടെ രോഗികള്‍ ഇനിയും ഉയര്‍ന്നേക്കും. പലരും സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കുകയാണ്.

കൊതുക് നശീകരണമടക്കമുള്ള പ്രവൃത്തികള്‍ കാര്യക്ഷമമായി നടക്കാത്തതും രോഗികള്‍ ഉയരാന്‍ കാരണമായിട്ടുണ്ട്. ഡെങ്കിക്കൊപ്പം എലിപ്പനിയും വൈറല്‍ പനിയും പിടിപെടുന്നുണ്ട്. 1661 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 66 മരണവും എലിപ്പിനി മൂലമുണ്ടായി. ഈ വര്‍ഷം ഇതുവരെ 23,43, 886 പേര്‍ സാധാരണ പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി.

TAGS :

Next Story