'കേരളം ആറ് വർഷമായി ഇന്ധന നികുതി കൂട്ടിയില്ല'; പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കെ.എൻ ബാലഗോപാൽ
പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കുറയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: കേരളം ആറ് വര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നികുതി കൂട്ടുന്നത് കേന്ദ്ര സർക്കാരാണെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ഭാരം കുറയ്ക്കാൻ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങൾ കുറയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം.
കേന്ദ്രം പിരിക്കുന്ന സര്‍ ചാര്‍ജും സെസും അവര്‍ തന്നെയാണെടുക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണ് കേന്ദ്രം. കേന്ദ്രത്തിന്റെ നികുതി വരുമാനത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നില്ല. നികുതി കൂട്ടാത്ത സംസ്ഥാനങ്ങള്‍ എങ്ങനെ കുറക്കുമെന്നും മന്ത്രി ചോദിച്ചു. പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിഷമിപ്പിക്കുന്നതാണെന്നും അദ്ദേഹത്തെപ്പോലൊരാള്‍ രാഷ്ട്രീയം പറയാന്‍ പാടില്ലെന്നും ധനമന്ത്രി വിമര്‍ശിച്ചു. ബന്ധപ്പെട്ട വേദികളിൽ പ്രശ്നം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചിട്ടും ചില സംസ്ഥാനങ്ങൾ നികുതി കുറച്ചില്ലെന്നാണ് നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയത്. ദേശതാത്പര്യം മുന്‍നിര്‍ത്തി അവർ ഇപ്പോൾ നികുതി കുറയ്ക്കാൻ തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബറിൽ കേന്ദ്ര സർക്കാർ ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറയ്ക്കുകയും സംസ്ഥാനങ്ങളോട് നികുതി കുറയ്ക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. താൻ ആരെയും വിമർശിക്കുകയല്ല. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, ജാർഖണ്ഡ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഇപ്പോൾ തന്നെ വാറ്റ് കുറയ്ക്കാനും ജനങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകാനും അഭ്യർത്ഥിക്കുന്നു. ഇത് കോപറേറ്റീവ് ഫെഡറലിസത്തെ സഹായിക്കുമെന്നും മോദി പറഞ്ഞു.
നികുതി കുറയ്ക്കാത്ത ഏഴു സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് 11945 കോടി രൂപയാണ് അധികം സമ്പാദിച്ചത്. കർണാടക നികുതി കുറച്ചില്ലായിരുന്നെങ്കിൽ ആറു മാസത്തിനുള്ളിൽ അയ്യായിരം കോടിയുടെ അധിക വരുമാനം കണ്ടെത്തുമായിരുന്നു. ഗുജറാത്ത് 3500 മുതൽ നാലായിരം കോടി വരെ അധികവരുമാനം നേടുമായിരുന്നു. കേന്ദ്രത്തിന്റെ നികുതി വരുമാനത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Adjust Story Font
16