Quantcast

കേരളം ഇന്ത്യക്ക് പല പ്രവർത്തനങ്ങളിലും മാതൃക: വിദേശകാര്യ സെക്രട്ടറി ഔസഫ് സയ്യിദ്

അപേക്ഷകൾ കെട്ടിക്കിടക്കുന്നത് ഏറ്റവും കുറവുള്ള പാസ്‌പോർട്ട് ഓഫീസുകൾ കേരളത്തിലാണെന്ന് ഔസഫ് സയ്യിദ്

MediaOne Logo

Web Desk

  • Published:

    21 Aug 2023 4:22 PM GMT

Kerala is a role model for India in many activities: Foreign Secretary Ausaf Syed
X

തിരുവനന്തപുരം: കേരളം ഇന്ത്യക്ക് പല പ്രവർത്തനങ്ങളിലും മാതൃകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഔസഫ് സയ്യിദ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചേമ്പറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് സർക്കാർ വാർത്താകുറിപ്പിൽ വ്യക്തമാക്കി. കേരളത്തിലെ പാസ്‌പോർട്ട് ഓഫീസുകളുടെ പ്രവർത്തനം, ഏകോപനം എന്നിവ സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറി മുഖ്യമന്ത്രിയുമായി ചർച്ചകൾ നടത്തി.

ഇന്ത്യയിലെ ഏറ്റവും നല്ല പാസ്‌പോർട്ട് ഓഫീസ് പ്രവർത്തനമാണ് കേരളത്തിലുള്ളതെന്നും അപേക്ഷകൾ കെട്ടിക്കിടക്കുന്നത് ഏറ്റവും കുറവുള്ള ഓഫീസുകൾ കേരളത്തിലാണെന്നും ഔസഫ് സയ്യിദ് പറഞ്ഞു. ഇവിടുത്തെ പൊലീസ് സംവിധാനവും പാസ്‌പോർട്ട് ഓഫീസുകളും തമ്മിൽ നല്ല സഹകരണമുണ്ട്. കേരളത്തിലെ ഔദ്യോഗിക ഏജൻസികൾ വഴി വിദേശത്തേക്ക് പോകുന്നവർ ചൂഷണം നേരിടുന്നില്ല. കേരളത്തിന് നോർക്ക, ഒഡെപെക് തുടങ്ങിയ ഏജൻസികൾ ഉള്ളതുകൊണ്ട് ചൂഷണം തടയാനാവുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങൾക്ക് അത്തരത്തിലുള്ള ഏജൻസികൾ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വകാര്യ കമ്പനികൾ വഴി പോകുന്നവർ ഇന്ന് പലയിടത്തും ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും ഇത് തടയാൻ രണ്ട് സർക്കാരുകളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഔസഫ് സയ്യിദ് പറഞ്ഞു. കേരളത്തിലെ നോർക്ക റൂട്ട്‌സ് മാതൃകയാണ്. ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ വിദേശകാര്യമന്ത്രാലയം എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ലോകകേരള സഭയെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചപ്പോൾ ഔസഫ് സയ്യിദ് പദ്ധതിയെ സ്വാഗതം ചെയ്തു. വിദേശകാര്യമന്ത്രാലയത്തിലെ ഗൾഫ് രാജ്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയാണ് ഔസഫ് സയ്യിദ്. ഓവർസീസ് ഇന്ത്യൻ അഫയേഴ്‌സ്, പാസ്‌പോർട്ട്, വിസ എന്നീ കാര്യങ്ങൾ അദ്ദേഹമാണ് കൈകാര്യം ചെയ്യുന്നത്.

കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന ചീഫ് പാസ്‌പോർട്ട് ഓഫീസർ ടി. ആംസ്‌ട്രോംഗ്, കേരളത്തിലെ റീജിണൽ പാസ്‌പോർട്ട് ഓഫീസർമാർ, പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് എന്നിവരും പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ വി. വേണു, ന്യൂഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, നോർക്ക സെക്രട്ടറി സുമൻ ബില്ല, നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവരും സന്നിഹിതരായി.

Kerala is a role model for India in many activities: Foreign Secretary Ausaf Syed

TAGS :

Next Story