'ലോകത്തിന് മാതൃകയാവുന്ന ഒട്ടേറെ കാര്യങ്ങൾ കേരളം ചെയ്യുന്നുണ്ട്'; മന്ത്രി മുഹമ്മദ് റിയാസ്
സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച എന്റെ കേരളം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കോഴിക്കോട്: റവന്യൂ വരുമാനത്തിന്റെ 99 ശതമാനവും പിരിച്ചെടുക്കാൻ സാധിച്ച ഒരേയൊരു സംസ്ഥാനം കേരളമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച എന്റെ കേരളം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നാളെ ആകെ പൂട്ടി പോകുമെന്ന് പറഞ്ഞ കേരളം ജനങ്ങളുടെ പരിപൂർണ പിന്തുണയോടുകൂടി ഉയർത്തെഴുന്നേറ്റ് മുന്നോട്ടു പോകുന്നുവെന്ന് പറയുന്നത് ശ്രദ്ധേയമാണ്. വ്യാജ പ്രചാരണങ്ങളെ ജനങ്ങളുടെ പിന്തുണയോടുകൂടി തള്ളിമാറ്റി മുന്നോട്ടുപോകാൻ സർക്കാരിന് സാധിക്കുന്നുവെന്നത് അഭിമാനകരമാണ്. കേരളം ലോകത്തിന് മാതൃകയാവുന്ന ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ സാധാരണക്കാരുടെ കുട്ടികൾ പഠിക്കാൻ സാധ്യതയില്ലാതാവുന്ന സാഹചര്യത്തിൽ അത്തരക്കാർക്ക് താങ്ങാവുന്ന തരത്തിൽ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല മാറുന്നുവെന്നത് അഭിമാനകരമായ നേട്ടമാണ്. സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികൾക്ക് പാഠപുസ്തകവും യൂണിഫോമുകളും സൗജന്യമായി എത്തിക്കുന്നതുമായ ഇന്ത്യയിലെ ഏക സംസ്ഥാനവും കേരളമാണ് എന്നത് അഭിമാനത്തോടെ പറയുന്നു'. റിയാസ് കൂട്ടിച്ചേർത്തു.
Adjust Story Font
16