Quantcast

ജെൻഡർ ന്യൂട്രൽ യൂനിഫോം നീക്കത്തിൽനിന്ന് പിന്മാറണം: കേരള ജംഇയ്യത്തുൽ ഉലമ

''കർണാടകയിൽ ഇസ്‍ലാമിക വസ്ത്രം നിരോധിച്ച നടപടിയിലൂടെ ബി.ജെ.പി സർക്കാർ മുന്നിൽകണ്ട ലക്ഷ്യത്തിലേക്കാണ് ജെൻഡർ ന്യൂട്രൽ യൂനിഫോം നടപ്പാക്കുന്നതിലൂടെ ഇടതുപക്ഷ സർക്കാരും നീങ്ങിക്കൊണ്ടിരിക്കുന്നത്.''

MediaOne Logo

Web Desk

  • Published:

    16 Oct 2023 1:37 PM GMT

Gender neutral uniform move should be withdrawn: Kerala Jamiatul Ulama, Kerala Jamiatul Ulama against gender neutral uniform in IHRD engineering colleges, Muhammed Madani
X

എം. മുഹമ്മദ് മദനി

കോഴിക്കോട്: ഐ.എച്ച്.ആർ.ഡിക്ക് കീഴിലുള്ള എഞ്ചിനീയറിങ് കോളജുകളിൽ ജെൻഡർ ന്യൂട്രൽ യൂനിഫോം നടപ്പാക്കുന്ന നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് കേരള ജംഇയ്യത്തുൽ ഉലമ(കെ.ജെ.യു) ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റിവച്ച നടപടികൾ ഒളിഞ്ഞും തെളിഞ്ഞും വീണ്ടും നടപ്പാക്കുന്നത് ഒരു ജനകീയ സർക്കാരിനു യോജിച്ച നടപടിയല്ല. തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് കെ.ജെ.യു പ്രസിഡന്റ് എം. മുഹമ്മദ് മദനി ആവശ്യപ്പെട്ടു.

കർണാടകയിൽ ഇസ്‍ലാമിക വസ്ത്രം നിരോധിച്ച നടപടിയിലൂടെ ബി.ജെ.പി സർക്കാർ മുന്നിൽകണ്ട ലക്ഷ്യത്തിലേക്കാണ് ജെൻഡർ ന്യൂട്രൽ യൂനിഫോം നടപ്പാക്കുന്നതിലൂടെ ഇടതുപക്ഷ സർക്കാരും നീങ്ങിക്കൊണ്ടിരിക്കുന്നത്. മതമൂല്യങ്ങളനുസരിച്ചുള്ള വസ്ത്രധാരണ രീതി സ്വീകരിച്ചുകൊണ്ട് ഉന്നത പഠനം നടത്തണമെന്ന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മുന്നിൽ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള എഞ്ചിനീയറിങ് കോളജുകളുടെ വാതിൽ കൊട്ടിയടക്കപ്പെടുകയാണ് യൂനിഫോം പരിഷ്‌കരണത്തിലൂടെ സംഭവിക്കുന്നതെന്ന് മദനി ചൂണ്ടിക്കാട്ടി.

''പിന്നാക്കം നിൽക്കുന്ന ഒരു സമുദായത്തെ ഉയർത്തിക്കൊണ്ട് വരുന്നതിനുപകരം അവരുടെ അവസരങ്ങൾ നിഷേധിക്കുന്നത് ഭരണഘടനയുടെ ലംഘനവും നീതീകരിക്കാനാവാത്തതുമാണ്. സ്ത്രീകൾ നേരിടുന്ന വിവേചനത്തിന്റെ കാരണങ്ങൾ ആഴത്തിൽ പഠിക്കുകയും പരിഹാരം കാണുകയുമാണ് ചെയ്യേണ്ടത്. അതിനുപകരം ഒരേ യൂനിഫോം നൽകി ലിംഗനീതി നടപ്പാക്കാമെന്ന് കരുതുന്നത് നീതിനിഷേധത്തെകുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കാനാണ് ഇടയാവുക.

പുരുഷന്മാർ തമ്മിലും സ്ത്രീകൾ തമ്മിലും പലതിന്റെയും പേരിൽ വിവേചനം നിലനിൽക്കുന്ന സാഹചര്യം നിലവിലുണ്ട്. ജാതിയുടെയും മതത്തിന്റെയും തൊഴിലിന്റെയും പേരിൽ വിവേചനം നിലനിൽക്കുന്ന സാമൂഹ്യസാഹചര്യമാണുള്ളത്.''

രാഷ്ട്രീയത്തിന്റെ പേരിൽ പോലും മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുകയും വിവേചനങ്ങൾക്ക് വിധേയരാവുകയും ചെയ്യുന്ന വാർത്തകൾ നിത്യസംഭവമാണ്. മനുഷ്യരെല്ലാം ഒന്നാണ് എന്ന ബോധം സൃഷ്ടിക്കുന്നതിലൂടെ മാത്രമേ വിവേചനം ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ. അതിനുപകരം വേഷമാറ്റത്തിലൂടെ സമഭാവന ഉണ്ടാക്കാൻ സാധിക്കുമെന്ന് കരുതുന്നത് തൊലിപ്പുറത്തുള്ള ചികിത്സ മാത്രമാവും. അതിനാൽ തന്നെ ഒട്ടും പ്രായോഗികതയോ സാമൂഹ്യപ്രതിബദ്ധതയോ ഇല്ലാത്ത ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും എം. മുഹമ്മദ് മദനി ആവശ്യപ്പെട്ടു.

Summary: Gender neutral uniform move should be withdrawn: Kerala Jamiatul Ulama

TAGS :

Next Story