സംഘടിത സകാത്തിനെതിരെയുള്ള പ്രചാരണം ഇസ്‌ലാമിക അധ്യാപനങ്ങൾക്ക് നിരക്കാത്തത്; കേരള ജംഇയ്യത്തുൽ ഉലമ
''സ്ഥാപനങ്ങളുടെ നടത്തിപ്പിനും മറ്റും വ്യക്തികളിൽ നിന്ന് സകാത്ത് സ്വീകരിക്കുന്ന പണ്ഡിതന്മാർ സംഘടിത സകാത്തിനെതിരെ രംഗത്ത് വരുന്നത് പരിഹാസ്യമാണ്''

എറണാകുളം: സംഘടിത സകാത്തിനെതിരെയുള്ള പ്രചാരണം ഇസ്‌ലാമിക അധ്യാപനങ്ങൾക്ക് നിരക്കാത്തതാണെന്നും മഹല്ലുകൾ തോറും സകാത്ത് കമ്മറ്റികൾ രൂപീകരിച്ച് സകാത്ത് വിതരണം ശക്തിപ്പെടുത്തണമെന്നും കേരള ജംഇയ്യത്തുൽ ഉലമ സാമ്പത്തിക സമ്മേളനം ആഹ്വാനം ചെയ്തു.
ദൈവത്തിന്റെ അനുഗ്രഹമായ ധനം സാമ്പാദിക്കുന്നതിനും വിനിയോഗിക്കുന്നതിനും ഇസ്‌ലാം കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. വ്യക്തികൾ ന്യായമായ മാർഗത്തിലൂടെ സമ്പാദിക്കുന്നതോടൊപ്പം തന്നെ ദൈവിക നിർദ്ദേശങ്ങൾക്കനുസരിച്ച് അർഹരായവർക്ക് അത് നൽകേണ്ടതുണ്ട്. അതിന്റെ ഏറ്റവും പ്രായോഗികമായ രൂപമായാണ് ഇസ്‌ലാം സകാത്ത് സമ്പ്രദായം നിശ്ചയിച്ചിരിക്കുന്നത്.
അതിന്റെ അന്തസ്സത്ത ഉൾക്കൊള്ളാത്ത തരത്തിൽ വ്യക്തികൾ നേരിട്ട് സകാത്ത് നൽകുന്ന രീതി ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. മറിച്ച് സകാത്ത് സംഘടിതമായി ശേഖരിച്ച് അർഹരായവർക്ക് വിതരണം ചെയ്യാനാണ് ഇസ്‌ലാം കൽപ്പിക്കുന്നത്. പ്രവാചകനും തുടർന്നുവന്ന ഖലീഫമാരും അത്തരത്തിലാണ് സകാത്ത് സംവിധാനത്തെ പരിചയപ്പെടുത്തിയത്. സംഘടിത സകാത്ത് സമ്പ്രദായത്തെ വിമർശിക്കുന്നവർ അല്ലാഹുവിന്റെയും പ്രവാചകന്റെയും അധ്യാപനങ്ങളെയാണ് വിമർശിക്കുന്നത്.
സ്ഥാപനങ്ങളുടെ നടത്തിപ്പിനും മറ്റും വ്യക്തികളിൽ നിന്ന് സകാത്ത് സ്വീകരിക്കുന്ന പണ്ഡിതന്മാർ സംഘടിത സകാത്തിനെതിരെ രംഗത്ത് വരുന്നത് പരിഹാസ്യമാണ്. ഭരണാധികാരികൾ ഇല്ലെങ്കിൽ പോലും സകാത്ത് സംഘടിതമായി ശേഖരിക്കാനും വ്യവസ്ഥാപിതമായി വിതരണം ചെയ്യാനുമുള്ള വഴികൾ കർമശാസ്ത്ര പണ്ഡിതന്മാർ പഠിപ്പിച്ചിട്ടുണ്ടെന്ന് അംഗീകരിക്കുന്നവർ അത് പ്രായോഗികമായി നടപ്പിലാക്കാൻ മഹല്ല് കമ്മറ്റികൾക്ക് നിർദ്ദേശം നൽകണമെന്ന് കെജെയു ആവശ്യപ്പെട്ടു.
കേരളത്തിലെ ആദ്യത്തെ പണ്ഡിത സംഘടനയായ കെജെയുവിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാമ്പത്തിക സമ്മേളനം കെഎൻഎം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷാ ഉദ്ഘാടനം ചെയ്തു. എച്ച്.ഇ മുഹമ്മദ് ബാബു സേട്ട്, നൂർ മുഹമ്മദ് സേട്ട്, റഷീദ് സേട്ട്, സലാഹുദ്ധീൻ മദനി, കെ.എം ഫൈസി തരിയോട്, പ്രൊഫ. എൻ.വി സകരിയ്യ, സുബൈർ പീടിയേക്കൽ, ഹനീഫ് കായക്കൊടി സംസാരിച്ചു.
Adjust Story Font
16