Quantcast

മലബാറിലെ സീറ്റ് പ്രതിസന്ധി മുതൽ ബാർകോഴ വരെ; സർക്കാറിനെ വിടാതെ പ്രതിപക്ഷം

നിയമസഭയുടെ പതിനൊന്നാം സമ്മേളനം നാളെ ആരംഭിക്കും

MediaOne Logo

Web Desk

  • Published:

    9 Jun 2024 1:27 AM GMT

kerala assembly session
X

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം നാളെ ആരംഭിക്കും. തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിൻറെ ആവേശത്തിലാണ് യുഡിഎഫ് സഭയിൽ എത്തുന്നത്. എൽഡിഎഫ് സർക്കാരിനെതിരായ ബാർകോഴ ആരോപണം,എക്സാലോജിക്കിനെതിരായ എസ് എഫ് ഐ ഒ അന്വേഷണം, മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളാണ് യുഡിഎഫിന്റെ ആയുധങ്ങൾ.

ആദ്യദിനം ഗ്രൂപ്പ് ഫോട്ടോക്ക് വേണ്ടി അടിയന്തിരപ്രമേയ നോട്ടീസ് ഒഴിവാക്കണമെന്ന സ്പീക്കറുടെ ഓഫീസിന്റെ ആവശ്യം പ്രതിപക്ഷം അംഗീകരിച്ചിട്ടില്ല. നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ വിജയത്തിന് പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പടുകൂറ്റൻ വിജയം. 99 പേരുള്ള സർക്കാരിനെ നേരിടാൻ അതിൽ കൂടുതലൊന്നും പ്രതിപക്ഷത്തിന് വേണ്ട.

സർക്കാരിനെ വറുത്ത് കോരാന്‍ പ്രതിപക്ഷത്തിന്റെ കയ്യിൽ വിഷയങ്ങൾ നിരവധിയാണ്. അതിൽ ആദ്യം എടുത്ത് പ്രയോഗിക്കാൻ സാധ്യത ഇടുക്കിയിലെ ബാറുടമയുടെ ബാർകോഴയുമായി ബന്ധപ്പെട്ട സംഭാഷണമാണ്. ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നെങ്കിലും വിടാൻ പ്രതിപക്ഷം തയ്യാറല്ല. കോഴ വാങ്ങി ബാറുടമകൾക്ക് അനുകൂലമായി മദ്യനയം മാറ്റിയെന്ന് ആരോപണം നിയമസഭയിൽ ശക്തിയായി ഉന്നയിക്കും.

മുഖ്യമന്ത്രിയെ ചൊടിപ്പിക്കാൻ മകൾ വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട എസ്എഫ്ഐഒയുടെ അന്വേഷണം പ്രതിപക്ഷത്തിന്‍റെ കയ്യിലുണ്ട്. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ലീഗ് സഭയിലെ പ്രധാനപ്പെട്ട വിഷയമായി ഉയർത്തും.മെഡിക്കൽ കോളേജുകളിലെ ചികിത്സാ പിഴവാണ് മറ്റൊരു വിഷയം.

പരാജയത്തിന്റെ പടുകുഴിയിൽ കിടക്കുന്ന ഇടതുമുന്നണിക്ക് തിരിച്ചടിക്കാൻ കാര്യമായ വിഷയങ്ങളൊന്നും തന്നെ ഇല്ല. സമ്പൂർണ്ണ ബജറ്റ് പാസാക്കാനാണ് സഭാ സമ്മേളനം ചേരുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ബില്ലും സഭ പാസാക്കും

TAGS :

Next Story