ലോകായുക്തയിൽ അയയാതെ സി.പി.ഐ; നിയമഭേദഗതിയിൽ മന്ത്രിസഭയിലും എതിർപ്പറിയിച്ചു
ലോകായുക്ത ശിപാർശ നൽകുകയാണെങ്കിൽ അന്തിമതീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന ഭേദഗതി മാറ്റി സ്വതന്ത്ര സമിതി തീരുമാനമെടുക്കണമെന്ന തരത്തിൽ തിരുത്തണമെന്നാണ് സി.പി.ഐ ആവശ്യപ്പെടുന്നത്
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയിൽ എതിർപ്പുമായി സി.പി.ഐ മന്ത്രിമാർ. മന്ത്രിസഭാ യോഗത്തിലാണ് എതിർപ്പ് ഉന്നയിച്ചത്. ഓർഡിൻസ് അതുപോലെ ബിൽ ആക്കുന്നതിലാണ് സി.പി.ഐ മന്ത്രിമാരായ കെ. രാജനും പി. പ്രസാദും എതിർപ്പറിയിച്ചത്. എന്നാൽ, ഓർഡിൻസിൽ മാറ്റംവരുത്തി ബിൽ ആക്കുന്നതിലെ നിയമപ്രശ്‌നം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കുറേനാളുകളായി സി.പി.ഐ ലോകായുക്ത നിയമഭേദഗതിയുമായി ബന്ധപ്പെട്ട് എതിർപ്പുമായി രംഗത്തുണ്ട്. ഈ മാസം 22ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ലോകായുക്ത ഭേദഗതി പ്രധാന ബില്ലായി വരാനിരിക്കെയാണ് സി.പി.ഐ നീക്കം.
നിലവിലുള്ള ഓർഡിനൻസ് അതേപടി ബില്ലാക്കുന്നതിനാണ് സി.പി.ഐ എതിർപ്പറിയിച്ചത്. ലോകായുക്ത ശിപാർശ നൽകുകയാണെങ്കിൽ അതിനകത്ത് അന്തിമതീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നാണ് ഭേദഗതിയിലുള്ളത്. സ്വതന്ത്ര സമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന തരത്തിൽ ഇത് മാറ്റണമെന്നാണ് സി.പി.ഐ ആവശ്യപ്പെടുന്നത്. എന്നാൽ, മുഖ്യമന്ത്രി ഇതിന് ചില നിയമപരമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി. നിലവിലുള്ള ഓർഡിനൻസ് അതുപോലെ ബില്ലാക്കിയില്ലെങ്കിൽ നിയമപ്രശ്‌നങ്ങളുണ്ടെന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇത് കോടതിയിൽ ചോദ്യംചെയ്യപ്പെടാനുള്ള സാഹചര്യമുണ്ടാകുമെന്നാണ് വിശദീകരണം.
എന്നാലും ഇക്കാര്യത്തിൽ വിശദമായ ചർച്ചയാകാമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. സി.പി.എം, സി.പി.ഐ നേതൃത്വം തമ്മിൽ പാർട്ടിതലത്തിൽ ചർച്ച നടത്താനാണ് സാധ്യത. ഇതിനുമുൻപും സി.പി.ഐ ഓർഡിനൻസിൽ എതിർപ്പറിയിച്ചിരുന്നു. മന്ത്രിമാരായ ജി.ആർ അനിലും കെ. രാജനുമാണ് അന്ന് എതിർപ്പുമായി രംഗത്തെത്തിയത്.
Summary: CPI Ministers objects to the new amendment of section 14 of the Kerala Lokayukta Act
Adjust Story Font
16