70 ലക്ഷം രൂപ നേടിയ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു: കവർച്ചാ സംഘത്തെ പിടികൂടി പൊലീസ്
ബാങ്ക് ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് ഇവർ ടിക്കറ്റ് ഉടമയെ സമീപിച്ചത്
മഞ്ചേരി : കേരള സംസ്ഥാന ലോട്ടറിയുടെ 70 ലക്ഷം രൂപയുടെ സമ്മാനർഹമായ ടിക്കറ്റ് തട്ടിയെടുത്ത അന്തർജില്ല കവർച്ചാ സംഘം മഞ്ചേരി പോലീസിന്റെ പിടിയിൽ. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശികളായ അബ്ദുൽ അസീസ് (26), അബ്ദുൽ ഗഫൂർ (38),അജിത് കുമാർ (44),പ്രിൻസ് (22),ശ്രീക്കുട്ടൻ (20) പാലക്കാട് കരിമ്പുഴ സ്വദേശി അബ്ദുൽ മുബഷിർ (20) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞമാസം 19ന് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നിർമ്മൽ ഭാഗ്യക്കുറി ടിക്കറ്റ് നമ്പർ ND 798484 നമ്പർ ലോട്ടറി ടിക്കറ്റിന് നറുക്കെടുപ്പിലൂടെ മഞ്ചേരി മുള്ളമ്പാറ സ്വദേശിക്ക് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. ടിക്കറ്റിന് കൂടുതൽ പണം നൽകാമെന്നു വാഗ്ദാനം ചെയ്ത് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥർ എന്ന വ്യാജേന പ്രതികൾ ഇദ്ദേഹത്തെ സമീപിക്കുകയും ടിക്കറ്റ് കൈമാറ്റം ചെയ്യുന്നതിനായി മഞ്ചേരിയിലെ കച്ചേരിപ്പടിയിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.
രണ്ടു കാറിലും ഒരു ബൈക്കിലുമായി വന്ന പ്രതികൾ ടിക്കറ്റ് സ്കാൻ ചെയ്യാനാണെന്ന വ്യാജേന ടിക്കറ്റുമായി എത്തിയവരെ വാഹനത്തിനകത്തേക്ക് കയറ്റി മർദിച്ച ശേഷം ടിക്കറ്റുമായി കടന്നു കളഞ്ഞു. മഞ്ചേരി പോലീസിൽ ലഭിച്ച പരാതിയെ തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് IPS ന്റെ നിർദ്ദേശപ്രകാരം മഞ്ചേരി പോലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കിയത്.
കള്ളപ്പണം വെളുപ്പിക്കുന്നതിനായി കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനാർഹരെ കണ്ടെത്തി വൻ തുക ഓഫർ ചെയ്തു തട്ടിപ്പ് നടത്തിവരുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായ പ്രതികൾ. സ്വർണ്ണ വെള്ളരി, നിധി ഇരുതലമൂരി, വെള്ളിമൂങ്ങ, സ്വർണ കല്ല് തുടങ്ങിയ നിരവധി തട്ടിപ്പുകൾ ഇവർ നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികൾ കവർച്ചക്ക് ഉപയോഗിച്ച രണ്ടു വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. തട്ടിപ്പ് സംഘത്തിന് സഹായം ചെയ്ത രണ്ടുപേരെ ഇന്നലെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മലപ്പുറം DySP അബ്ദുൽ ബഷീറിന്റെ മേൽനോട്ടത്തിൽ മഞ്ചേരി പോലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ മഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ ഷാഹുൽ കൊടിയിൽ, ഷാജി ചെറുകാട്, NM അബ്ദുള്ള ബാബു, പി ഹരിലാൽ,DANSAF ടീം അംഗങ്ങൾ ആയ ദിനേഷ് ഇരുപ്പകണ്ടൻ, സലിം പൂവത്തി, R ഷഹേഷ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
Adjust Story Font
16