കെ കരുണാകരൻ, ബാലകൃഷ്ണപിള്ള, കെഎം മാണി... കോടതി പരാമർശങ്ങളിൽ വീണ മന്ത്രിമാർ
കോടതികളിൽ നിന്ന് എതിർപരാമർശം ഉണ്ടായതിന്റെ പേരിൽ നിരവധി മന്ത്രിമാർ സംസ്ഥാനത്ത് രാജിവച്ചിട്ടുണ്ട്
നിയമസഭാ കയ്യാങ്കളിക്കേസിൽ മന്ത്രി ശിവൻകുട്ടി അടക്കമുള്ളവർ വിചാരണ നേരിടണമെന്ന് വിധിച്ചിരിക്കുകയാണ് സുപ്രിംകോടതി. സമാജികർക്ക് നിയമപരിരക്ഷയില്ലെന്നും പൊതുമുതൽ നശിപ്പിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഢ്, ജസ്റ്റിസ് എംആർ ഷാ എന്നിവർ അടങ്ങുന്ന ബഞ്ച് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വിധിയിൽ വ്യക്തമാക്കി. എന്നാൽ രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്നും തങ്ങളെ വ്യക്തിപരമായി കോടതി പരാമർശിച്ചിട്ടില്ലെന്നുമാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ കോടതികളിൽ നിന്ന് എതിർപരാമർശം ഉണ്ടായതിന്റെ പേരിൽ നിരവധി മന്ത്രിമാർ സംസ്ഥാനത്ത് രാജിവച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി കെ കരുണാകരൻ, കെഎം മാണി, ആർ ബാലകൃഷ്ണപിള്ള, കെപി വിശ്വനാഥൻ, കെകെ രാമചന്ദ്രൻ മാസ്റ്റർ, തോമസ് ചാണ്ടി, എംപി ഗംഗാധരൻ എന്നിവരാണവർ.
കരുണാകരൻ രണ്ടു തവണ
കോടതി പരാമർശങ്ങളുടെ പേരിൽ കെ കരുണാകരൻ രണ്ടു തവണയാണ് മന്ത്രിപദം രാജിവച്ചത്. 1977 ഏപ്രിൽ 25ന് രാജൻ കേസിലെ പരാമർശമായിരുന്നു ആദ്യത്തെ രാജിക്ക് കാരണം. രാജൻ കേസിൽ കോടതിയിൽ വ്യാജ സത്യവാങ്മൂലം നൽകി, നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിന് പിന്നാലെ, കക്കയത്തെ പൊലീസ് മർദനത്തിൽ 1977 മെയ് 22ന് രാജൻ കൊല്ലപ്പെട്ടു എന്ന് സർക്കാറിന് സത്യവാങ്മൂലം നൽകേണ്ടി വന്നു.
1995ൽ ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ രാജി. കേസിൽ ഐജി രമൺ ശ്രീവാസ്തവയ്ക്ക് എതിരെ ജസ്റ്റിസ് കെ ശ്രീധരൻ, ബിഎൻ പട്‌നായിക് എന്നിവർ അടങ്ങുന്ന ബഞ്ചിന്റെ വിമർശനങ്ങളാണ് കരുണാകരന്റെ രാജിയിലേക്ക് നയിച്ചത്. അന്ന് എകെ ആന്റണിയും വിഎം സുധീരനും കരുണാകരൻ രാജി വയ്ക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. വിഷയത്തിൽ പ്രതിപക്ഷം സഭയിൽ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്ന് കോൺഗ്രസ് വിപ്പ് ലംഘിച്ച് സുധീരൻ വിട്ടുനിൽക്കുകയും ചെയ്തു. 1995 മാർച്ച് 16നായിരുന്നു കരുണാകരന്റെ രാജി. മാർച്ച് 22ന് എകെ ആന്റണി മുഖ്യമന്ത്രിയായി.
1986ൽ പ്രായപൂർത്തിയാവാത്ത മകളെ വിവാഹം കഴിപ്പിച്ചതിന്റെ പേരിലുള്ള കോടതിവിധിയിൽ കരുണാകരൻ മന്ത്രിസഭയിൽ ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന എം.പി ഗംഗാധരൻ രാജിവെച്ചിരുന്നു. മകളുടെ വിവാഹത്തിന് ഗംഗാധരൻ കൂട്ടുനിന്നു എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. കരുണാകരൻ ഗംഗാധരനോട് രാജിയാവശ്യപ്പെടുകയായിരുന്നു.
ബാലകൃഷ്ണപ്പിള്ളയുടെ രാജികൾ
1995ൽ കേരള കോൺഗ്രസിലെ അതികായനായ ആർ ബാലകൃഷ്ണപിള്ളയാണ് രാജി വച്ച മറ്റൊരു മന്ത്രി. രണ്ടു തവണയാണ് പിള്ളയ്ക്ക് മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നത്. ഒന്ന് പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിലാണ്.
1985ലാണ് സംഭവം. കെ. കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതമന്ത്രിയായിരിക്കെ എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന കേരളാ കോൺഗ്രസ് സമരപ്രഖ്യാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗമാണു പഞ്ചാബ് മോഡൽ പ്രസംഗം എന്ന പേരിൽ പ്രസിദ്ധമായത്. പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്ടറി നാടകീയമായി പഞ്ചാബിലേക്കു കൊണ്ടുപോയതിനെപ്പറ്റി ആയിരുന്നു പ്രസംഗം. കേരളത്തോടുള്ള അവഗണന തുടർന്നാൽ കേരളത്തിലെ ജനങ്ങളും പഞ്ചാബികളെ പോലെ സമരത്തിന് (ഖലിസ്ഥാൻ) നിർബന്ധിതമാകും എന്നായിരുന്നു പ്രസംഗം. തന്റെ പ്രസംഗം മാതൃഭൂമി പത്രം വളച്ചൊടിക്കുകയായിരുന്നു എന്നാണ് ഇതേക്കുറിച്ച് പിന്നീട് ബാലകൃഷ്ണപിള്ള പരാതിപ്പെട്ടത്. സംഭവം ഹൈക്കോടതിയിലെത്തിച്ചത് കെപിസിസി പ്രസിഡണ്ടായിരുന്ന കെഎം ചാണ്ടിയുടെ മകനാണ്. തുറന്ന കോടതിയിൽ വാദം കേട്ട ജസ്റ്റിസ് രാധാകൃഷ്ണ മേനോൻ പിള്ളയ്ക്കെതിരെ പരാമർശം നടത്തി. മന്ത്രി നിരപരാധിത്വം തെളിയിക്കണമെന്ന പരാമർശത്തിൽ 1985 ജൂൺ അഞ്ചിന് പിള്ള രാജിവച്ചു.
1995ൽ ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നായിരുന്നു രണ്ടാമത്തെ രാജി. ഇരുപത്തഞ്ചു വർഷത്തോളം നീണ്ട നിയമവ്യവഹാരങ്ങൾക്കിടയാക്കുകയും ഒടുവിൽ 2011-ൽ ബാലകൃഷ്ണപിള്ളയ്ക്ക് കീഴടങ്ങേണ്ടി വരികയും ചെയ്ത സംഭവബഹുലമായ ഒരു അധ്യായമായിരുന്നു ഇടമലയാർ കേസ്. ഇടമലയാർ ടണൽ നിർമാണത്തിനു നൽകിയ ടെൻഡറിൽ വൈദ്യുതി മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ളയും കൂട്ടാളികളും ഗൂഢാലോചനയും വിശ്വാസവഞ്ചനയും നടത്തി സർക്കാറിന് മൂന്നു കോടിയിലേറെ രൂപ നഷ്ടമുണ്ടാക്കി എന്നായിരുന്നു വിജിലൻസ് കേസ്.
ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പല ഘട്ടങ്ങളിലായി ജൂനിയർ അഭിഭാഷകർ മുതൽ സുപ്രീം കോടതിയിലെ പ്രമുഖ ഭരണഘടനാ വിദഗ്ദ്ധരും നിയമജ്ഞരുമായ എഫ്.എസ്. നരിമാൻ, പി.പി. റാവു, ജി. രാമസ്വാമി, അൽത്താഫ് അഹമ്മദ്, കപിൽ സിബൽ തുടങ്ങിയ പ്രമുഖർ അണിനിരന്നു. ജസ്റ്റിസുമാരായ എസ്.പി. ബറൂച്ച, ആർ .സി. ലഹോട്ടി, എം.ബി. ഷാ, ജെ.എസ്. വർമ, ബി.പി. ജീവൻ റെഡ്ഡി എന്നിവർ പലപ്പോഴായി വിധികൾ എഴുതി. ഈ കേസിൽ സുപ്രീംകോടതി ജഡ്ജിമാർ എഴുതിയ വിധികൾ നിരവധി നിയമഗ്രന്ഥങ്ങളിൽ സ്ഥാനംപിടിച്ചു.
കെഎം മാണിയും 'സീസറുടെ ഭാര്യയും'
2005ൽ ചന്ദന മാഫിയ കേസിലെ കോടതി പരാമർശത്തെ തുടർന്ന് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വനം മന്ത്രിയായിരുന്ന കെ.പി വിശ്വനാഥൻ രാജിവെച്ചിരുന്നു. ചന്ദനക്കള്ളക്കടത്ത് പ്രതികൾക്ക് വനംമന്ത്രിയുമായി നേരിട്ട് ബന്ധമുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം. 2005 ഫെബ്രവരി ഒമ്പതിനായിരുന്നു രാജി. 2004 ൽ പള്ളിവാസൽ ചെക്ക് പോസ്റ്റിൽ ചന്ദനത്തടിയുമായി ചിലരെ പിടികൂടിയതാണ് വിശ്വനാഥന്റെ രാജിയിലേക്ക് നയിച്ച സംഭവം. ഈ മന്ത്രിസഭയിൽ ലോകായുക്തയുടെ പരാമർശത്തെ തുടർന്ന് ആരോഗ്യമന്ത്രി കെകെ രാമചന്ദ്രൻ മാസ്റ്ററും രാജിവച്ചിരുന്നു.
ബാർകോഴക്കേസിൽ, 'സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം' എന്ന ജസ്റ്റിസ് കെമാൽ പാഷയുടെ പരാമർശമാണ് കെഎം മാണിയുടെ രാജിക്ക് കാരണമായത്. മന്ത്രി സ്ഥാനത്ത് തുടരണമോ എന്ന് അദ്ദേഹത്തിന്റെ മനഃസാക്ഷി തീരുമാനിക്കട്ടെ എന്ന പരാമർശവും ഹൈക്കോടതി നടത്തിയിരുന്നു.
2017ൽ കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടിയും രാജി സമർപ്പിച്ചിരുന്നു. കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിലെത്തിയപ്പോഴായിരുന്നു രാജിയാണ് ഉത്തമമെന്ന് തോമസ് ചാണ്ടിയോട് കോടതി പറഞ്ഞത്. മന്ത്രി സ്ഥാനത്ത് ഇരുന്ന് കൊണ്ട് താങ്കൾ ഉദ്ദേശിക്കുന്ന തരത്തിൽ പോകാനാവില്ല. ദന്ത ഗോപുരത്തിൽ നിന്ന് താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണമെന്ന് പറഞ്ഞ് ചാണ്ടിയുടെ ഹർജി തള്ളുകയും ചെയ്തിരുന്നു.
Adjust Story Font
16