മുണ്ടക്കൈ ദുരന്തം: കേരള എംപിമാർ അമിത് ഷായെ കണ്ടു
മുണ്ടക്കൈ ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തിൽപ്പെടുത്തിയതായി കേന്ദ്രസർക്കാർ എംപിമാരെ അറിയിച്ചു.
ന്യൂഡൽഹി: മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്ര സഹായം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള എംപിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. 23 അംഗ രാജ്യസഭ, ലോക്‌സഭാ എംപിമാരുടെ സംഘമാണ് അമിത് ഷായെ കണ്ടത്. 2221 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടതായി പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ഉരുൾപൊട്ടലിൽ ആ പ്രദേശം ഒന്നാകെ നശിച്ചു. ദുരിതബാധിതർക്ക് എല്ലാം നഷ്ടപ്പെട്ടു. വീട്ടിലെ മുഴുവൻ അംഗങ്ങളെയും നഷ്ടപ്പെട്ടവരുണ്ട്. അതിൽ ചെറിയ കുട്ടികളുണ്ട്. അവർക്ക് മറ്റൊരു പിന്തുണയില്ല. കേന്ദ്രത്തിന് മുന്നിട്ടിറങ്ങാൻ കഴിയുന്നില്ലെങ്കിൽ അത് രാജ്യത്തിനാകെ വളരെ മോശം സന്ദേശമാണ് നൽകുന്നത്. രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നും ജനങ്ങളുടെ വേദനയും കഷ്ടപ്പാടുകളും മനസ്സിലാക്കണമെന്നും ആഭ്യന്തര മന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
മുണ്ടക്കൈ ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തിൽപ്പെടുത്തിയതായി കേന്ദ്രസർക്കാർ എംപിമാരെ അറിയിച്ചു. 2219 കോടിയുടെ പാക്കേജ് അന്തർ മന്ത്രാലയ സമിതി പരിശോധിക്കുകയാണ്. മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കും തീരുമാനം. വയനാട് പാക്കേജിന്റെ വിശദാംശങ്ങൾ നാളെ അറിയിക്കാമെന്നും മന്ത്രി എംപിമാരോട് പറഞ്ഞു.
Adjust Story Font
16