വെള്ളാപ്പള്ളിയുടെ പ്രസ്താവന തെറ്റിദ്ധാരയുണ്ടാക്കുന്നത്; നിരുത്തരവാദപരമായ പരാമർശങ്ങൾ ഒഴിവാക്കണം: കേരള മുസ്ലിം ജമാഅത്ത്
കേരളത്തിലെ മുസ്‌ലിംകൾ സർക്കാരിൽനിന്ന് അന്യായമായി ഒന്നും നേടിയിട്ടില്ല. അർഹമായത് തന്നെ സമുദായത്തിന് കിട്ടിയിട്ടില്ല. നരേന്ദ്രൻ കമ്മീഷൻ, പാലോളി കമ്മിറ്റി റിപ്പോർട്ടുകളിലും സർക്കാർ നിയമസഭയിൽ വെച്ച രേഖയിലും ഇക്കാര്യം വ്യക്തമാണെന്ന് മുസ്‌ലിം ജമാഅത്ത് നേതാക്കൾ പറഞ്ഞു.
കോഴിക്കോട് :കേരളത്തിലെ മുസ്ലിംകൾക്കെതിരെയും സുന്നികൾക്കെതിരെയും വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവനകൾ തെറ്റിദ്ധാരണാജനകവും, സാമുദായിക ധ്രുവീകരണത്തിന് കാരണമാവുന്നതാണെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കാബിനറ്റ് പ്രസ്താവനയിൽ പറഞ്ഞു. വ്യക്തമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ സംസാരിക്കാൻ ബാധ്യതപ്പെട്ടവർ നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. കേരളത്തിലെ മുസ്‌ലിംകൾ സർക്കാരിൽനിന്ന് അന്യായമായി ഒന്നും നേടിയിട്ടില്ല. അർഹമായത് തന്നെ സമുദായത്തിന് കിട്ടിയിട്ടില്ല. നരേന്ദ്രൻ കമ്മീഷൻ, പാലോളി കമ്മിറ്റി റിപ്പോർട്ടുകളിലും സർക്കാർ നിയമസഭയിൽ വെച്ച രേഖയിലും ഇക്കാര്യം വ്യക്തമാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പഠനത്തിലും ഇക്കാര്യമുണ്ട്. ഇതെല്ലാം പൊതുവിടത്തിൽ ലഭ്യമാണ് എന്നിരിക്കെ തന്റെ വാദങ്ങൾക്ക് മതിയായ തെളിവുകൾ ഹാജരാക്കാൻ ഉത്തരവാദിത്ത ബോധമുണ്ടെങ്കിൽ വെള്ളാപ്പള്ളി നടേശനു ബാധ്യതയുണ്ട്.
സർക്കാരുകളോടും രാഷ്ട്രീയ കക്ഷികളോടും സംവാദാത്മകവും പ്രശ്‌നാധിഷ്ഠിതവുമായ സമീപനമാണ് സുന്നി പ്രസ്ഥാനത്തിന്റെത്. സർക്കാരുകളെ സമ്മർദ്ദത്തിലാക്കി കാര്യങ്ങൾ നേടിയെടുക്കുകയല്ല പ്രസ്ഥാനത്തിന്റെ ശൈലി. സുന്നി സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ ഇന്നോളം ഒരു തുണ്ട് ഭൂമി പോലും സർക്കാരിൽ നിന്ന് കിട്ടിയിട്ടില്ല. അതിന് വേണ്ടിയുള്ള ഒരാവശ്യവും സർക്കാരിന്റെ മുന്നിൽ സുന്നികൾ വെച്ചിട്ടില്ല. ഈഴവ സമൂഹം ഉൾപ്പടെ ഇതര സമുദായങ്ങൾക്ക് സർക്കാർ ഭൂമി പല ആവശ്യങ്ങൾക്ക് വേണ്ടി നൽകിയിട്ടുണ്ട്. അതിൽ ആക്ഷേപമുന്നയിക്കാനോ അതുപയോഗിച്ച് സാമുദായിക ധ്രുവീകരണത്തിനോ സുന്നികൾ ശ്രമിച്ചിട്ടില്ല. പിന്നാക്ക സമൂഹങ്ങൾക്ക് ഉയർന്നുവരാൻ സർക്കാർ നൽകുന്ന പിന്തുണയെ അതേ സ്പിരിറ്റിൽ ഉൾക്കൊള്ളാൻ എല്ലാവർക്കും സാധിക്കണം എന്നാണ് കേരള മുസ്‌ലിം ജമാഅത്തിന്റെ നിലപാട്.
തെരഞ്ഞെടുപ്പ് കാലങ്ങളിൽ സാഹചര്യാനുസൃതം മതേതര മുന്നണികളെ പിന്തുണക്കുകയാണ് സുന്നികൾ ചെയ്യാറുള്ളത്. ജയ, പരാജയങ്ങൾ അടിസ്ഥാനമാക്കി മാത്രം വിലയിരുത്തേണ്ടതല്ല നിലപാടിന്റെ സാധുത. ഏതെങ്കിലും മുന്നണികൾക്ക് നൽകിയ തെരഞ്ഞെടുപ്പു പിന്തുണയിൽ ഒരു ഘട്ടത്തിലും സുന്നികൾക്ക് ഖേദിക്കേണ്ടി വന്നിട്ടില്ല. പ്രത്യുപകാരങ്ങൾ മുന്നിൽ വെച്ചല്ല നിലപാട് രൂപപ്പെടുത്തുന്നത്. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സവിശേഷ സാഹചര്യങ്ങൾ മുന്നിൽ കണ്ടാണ് തെരഞ്ഞെടുപ്പ് നയം രൂപപ്പെടുത്തുന്നത്. കേരളത്തിലെ ഇരു മുന്നണികൾക്കും അതിന്റെ ഗുണം ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സുന്നികളുടെ പിന്തുണ ഗുണം ചെയ്തോ ഇല്ലേ എന്ന് പറയേണ്ടത് വെള്ളാപ്പള്ളി നടേശനല്ല. രാഷ്ട്രീയ പാർട്ടികൾക്ക് സുന്നികളെ അളക്കാനുള്ള മാപിനി വെള്ളാപ്പള്ളിയുടെ വാക്കുകളുമല്ല. ലോകസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച്, കലക്കി മീൻ പിടിക്കാനുള്ള നിഗൂഢ നീക്കത്തിൽ നിന്ന് വെള്ളാപ്പള്ളി പിന്മാറണമെന്നും കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
യോഗത്തിൽ മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, എൻ. അലി അബ്ദുല്ല, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി.പി സൈതലവി, മജീദ് കക്കാട്, സുലൈമാൻ സഖാഫി മാളിയേക്കൽ, മുസ്തഫ കോഡൂർ എന്നിവർ സംബന്ധിച്ചു.
Adjust Story Font
16