Quantcast

മസ്‌ജിദുകളിലെ ജയ് ശ്രീറാം വിളി; ഹൈക്കോടതി വിധി വർഗീയശക്തികൾക്ക് ബലം പകരുന്നത്: കേരള മുസ്‌ലിം ജമാഅത്ത്

സിം​ഗിൾ ബെഞ്ച് വിധിക്കെതിരെ അടിയന്തരമായി മേൽക്കോടതിയെ സമീപിക്കാൻ കർണാടക സർക്കാർ തയ്യാറാകണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    16 Oct 2024 1:54 PM GMT

Kerala Muslil Jamaath on Karnataka high court verdict
X

മസ്‌ജിദുകളിൽ ജയ് ശ്രീറാം വിളിക്കുന്നത് കുറ്റകൃത്യമല്ലെന്ന കർണാടക ഹൈക്കോടതി വിധി അങ്ങേയറ്റം നിരാശാജനകവും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നതുമാണെന്ന് കേരള മുസ്‌ലിം ജമാഅത് സംസ്ഥാന കാബിനറ്റ് അഭിപ്രായപ്പെട്ടു. വിവിധ മതവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സൗഹൃദത്തെ അപകടപ്പെടുത്താൻ ഉദ്ദേശിക്കുന്ന വർഗീയ ശക്തികൾ ഇതൊരു അവസരമായി കണ്ട് പള്ളികളിൽ പ്രശ്നം സൃഷ്ടിക്കാനും അതുവഴി രാജ്യമാകെ കലാപം അഴിച്ചുവിടാനുമുള്ള സാധ്യത തള്ളിക്കളയാനാകില്ല. വിശുദ്ധമായ ആരാധനാലയങ്ങളെ മുദ്രാവാക്യങ്ങളുടെയും പ്രകടനങ്ങളുടെയും കേന്ദ്രമാക്കി മാറ്റാനുള്ള ഗൂഢ അജണ്ടകൾക്ക് നീതിപീഠങ്ങൾ കയ്യൊപ്പ് ചാർത്തുന്നത് രാജ്യത്തിന്റെ മതനിരപേക്ഷ ഉള്ളടക്കത്തെ അപകടപ്പെടുത്തും.

ഏത് സമൂഹത്തിന്റെ ആരാധനാ കേന്ദ്രവും പരസ്‌പരം മാനിക്കുന്നതാണ് ഇന്ത്യയുടെ പൈതൃകം. ഒരു മതവിഭാഗത്തിന്റെ ആരാധനാലയത്തിൽ മറ്റൊരു മതവിഭാഗത്തിന് ഇഷ്ടമുള്ളത് പ്രവർത്തിക്കാൻ അവസരമൊരുക്കുന്നത് വ്യക്തി സ്വാതന്ത്ര്യമോ സാമൂഹികാവകാശമോ ആയി വകവെച്ചു നൽകുന്നത് മതങ്ങൾക്കിടയിൽ അകലം വർധിപ്പിക്കുകയാണ് ചെയ്യുക. പള്ളികളോ ക്ഷേത്രങ്ങളോ ചർച്ചുകളോ ഒന്നും പൊതുസ്ഥലങ്ങൾ അല്ല. ഭരണഘടന ഓരോ മതവിശ്വാസി സമൂഹങ്ങൾക്കും നൽകിയ ആരാധനാ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് ആരാധനാലയങ്ങൾ നിർമിക്കുന്നത്. അവ പൊതുസ്ഥലങ്ങളായി കാണുന്നതിലൂടെ ആ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണ്. മുസ്‌ലിം പള്ളികൾ കയ്യേറി ഹൈന്ദവ ആരാധനകൾ നടത്തുന്ന സംഭവങ്ങൾ ഒറ്റപ്പെട്ടതെങ്കിലും രാജ്യത്ത് അടുത്ത കാലത്ത് സംഭവിച്ചിട്ടുണ്ട്. യുപിയിലെ ഗ്യാൻ വാപി മസ്ജിദിന്റെ നിലവറയിൽ കോടതി അനുമതിയോടെ ഹൈന്ദവ പൂജ നടക്കുന്നുണ്ട്. അത്തരം കയ്യേറ്റങ്ങൾക്ക് ആരുടെയും അനുമതി കാത്തുനിൽക്കേണ്ടതില്ലാത്ത വിധം വർഗീയ ശക്തികൾക്ക് അവസരം നൽകുന്ന വിധി പ്രസ്താവമാണ് കർണാടക ഹൈക്കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്. സിംഗിൾ ബെഞ്ചിൽ നിന്നുണ്ടായിരിക്കുന്ന വിധിക്കെതിരെ അടിയന്തരമായി മേൽക്കോടതിയെ സമീപിക്കാൻ കർണാടക സർക്കാർ തയ്യാറാകണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.

യോഗത്തിൽ സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, പേരോട് അബ്ദുറഹ്മാൻ സഖാഫി, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, എൻ. അലി അബ്ദുല്ല . എ. സൈഫുദ്ധീൻ ഹാജി, എം.എൻ. കുഞ്ഞി മുഹമ്മദ് ഹാജി, സി.പി. സൈതലവി, മജീദ് കക്കാട്, സുലൈമാൻ സഖാഫി മാളിയേക്കൽ, മുസ്തഫ കോഡൂർ എന്നിവർ സംബന്ധിച്ചു.

TAGS :

Next Story